പെഗാസസ്​ ഫോൺ ചോർത്തൽ: സുപ്രീംകോടതി നിയോഗിക്കുന്ന വിദഗ്​ധസമിതി അന്വേഷിക്കും

 
Supreme Court

പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി സാങ്കേതിക സമിതി രൂപീകരിച്ചേക്കും. കേസില്‍ അടുത്തയാഴ്ച കോടതി ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. പെഗാസസ് ഹര്‍ജികളിലൊന്നില്‍ ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയ് സിംഗിനോട് ചീഫ് ജസ്റ്റിസ് ഇക്കാര്യം വാക്കാല്‍ പറയുകയായിരുന്നു.സമിതിയിലെ അംഗങ്ങളെ തീരുമാനിച്ചതിന് ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചോ ഇല്ലയോ എന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 13 നാണ് സിജെഐ എന്‍വി രമണ, ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് പെഗാസസ് കേസില്‍ ഇടക്കാല ഉത്തരവ് മാറ്റിവെച്ചത്. വിഷയം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും അതിനാല്‍ ജുഡീഷ്യല്‍ സംവാദത്തിന്റെയോ പൊതു വ്യവഹാരത്തിന്റെയോ വിഷയമാക്കാന്‍ കഴിയില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബെഞ്ചിനെ അറിയിച്ചു. സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഏതെങ്കിലും പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാരിന് വെളിപ്പെടുത്താനാകില്ലെന്നും അത് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് പ്രശ്‌നം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും  കമ്മിറ്റി റിപ്പോര്‍ട്ട് കോടതിയുടെ മുമ്പില്‍വെക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു

രാജ്യസുരക്ഷയെക്കുറിച്ചോ പ്രതിരോധത്തെക്കുറിച്ചോ എന്തെങ്കിലും വിശദാംശങ്ങള്‍ ആവശ്യമില്ലെന്നും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ആരോപണങ്ങളില്‍ വ്യക്തത തേടുക മാത്രമാണ് ചെയ്യുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു. 'സുരക്ഷയോ പ്രതിരോധമോ സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. നിയമപ്രകാരം അനുവദനീയമല്ലാത്ത മറ്റേതെങ്കിലും രീതി സര്‍ക്കാര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ മാത്രമാണ് ഞങ്ങള്‍ക്ക് താല്‍പ്പര്യമുള്ളത്' ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു.