'കോടതികളില്‍ പ്രാദേശിക ഭാഷകള്‍ പ്രോത്സാഹിപ്പിക്കണം'; ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി

 
modi

രാജ്യത്തെ കോടതികളില്‍ പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള സാധാരണ പൗരന്മാരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'നമ്മള്‍ കോടതികളില്‍ പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇത് നീതിന്യായ വ്യവസ്ഥയില്‍ സാധാരണ പൗരന്മാര്‍ക്ക് വിശ്വാസം വര്‍ദ്ധിപ്പിക്കും, മാത്രമല്ല അവര്‍ക്ക് അതിനോട് കൂടുതല്‍ ബന്ധം അനുഭവപ്പെടും,' മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നീതി ലഭ്യമാക്കാന്‍ കാലഹരണപ്പെട്ട നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചു. 2015ല്‍ അപ്രസക്തമായ 1,800 നിയമങ്ങള്‍ നാം തിരിച്ചറിഞ്ഞു. ഇതില്‍ 1,450 നിയമങ്ങള്‍ കേന്ദ്രം റദ്ദാക്കി. എന്നാല്‍, ഇവയില്‍ 75 നിയമങ്ങള്‍ മാത്രമേ സംസ്ഥാനങ്ങള്‍ റദ്ദാക്കിയിട്ടുള്ളൂ,' അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, നീതി എളുപ്പത്തിലും വേഗത്തിലും എല്ലാവര്‍ക്കും ലഭ്യമാകുന്ന ഒരു നീതിന്യായ വ്യവസ്ഥയുടെ രൂപീകരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് മോദി പറഞ്ഞു.

'നമ്മുടെ രാജ്യത്ത്, ജുഡീഷ്യറിയുടെ ഉത്തരവാദിത്വം ഭരണഘടനയുടെ സംരക്ഷകനാകുക എന്നതാണ്,  നിയമനിര്‍മ്മാണം പൗരന്മാരുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നു. ഇവ രണ്ടും കൂടിച്ചേരുന്നത് ഫലപ്രദവും സമയബന്ധിതവുമായ ഒരു ജുഡീഷ്യല്‍ സംവിധാനത്തിനുള്ള മാര്‍ഗരേഖ തയ്യാറാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.' മോദി പറഞ്ഞു. കോടതി നടപടികളില്‍ കൂടുതല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

അതേസമയം യോഗത്തില്‍ സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ചീഫ് ജസ്റ്റിസ് നടത്തിയത്. നിയമപ്രകാരം സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചാല്‍ കോടതിക്ക് ഇടപെടേണ്ടി വരില്ലെന്നും ജനങ്ങള്‍ക്ക് കോടതിയിലെത്തേണ്ടി വരില്ലെന്നും ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനം യഥാവിധം പ്രവര്‍ത്തിച്ചാല്‍ കോടതികളുടെ ഭാരം കുറയും. കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ കാലതാമസം വരുത്തുന്നു. സര്‍ക്കാരില്‍ നിന്ന് നീതി കിട്ടാത്തതിനാല്‍ ജനങ്ങള്‍ക്ക് കോടതികളിലേക്ക് എത്തേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.