പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് നാല് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് നാല് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് നാല് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ട്വീറ്റ് ചെയ്തു. ചൈനയുമായുള്ള അതിര്‍ത്തിസംഘര്‍ഷവും കൊറോണ വൈറസ് വ്യാപനവും രൂക്ഷമായിരിക്കുന്നതിന് ഇടയിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഞായറാഴ്ച മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് ഇന്ത്യയുടെ പ്രദേശത്ത് കണ്ണ് വച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കി എന്നാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള വ്യാപാരികളുടെ ആഹ്വാനത്തെപ്പറ്റിയും മോദി പറഞ്ഞിരുന്നു. നമ്മള്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്നവ വാങ്ങും, അതേക്കുറിച്ച് ലോകത്തോട് പറയും, ഇത് ഇന്ത്യക്ക് കരുത്തേകും. സൗഹൃദം നിലനിര്‍ത്താന്‍ ഇന്ത്യക്കറിയാം. എന്നാല്‍ ഇങ്ങോട്ടാക്രമിച്ചാല്‍ ശക്തമായ മറുപടി നല്‍കാനും അറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ടിക്ക് ടോക്കും വീ ചാറ്റും യു സി ബ്രൗസറും എക്‌സ് സെന്‍ഡറും ഷെയര്‍ ഇറ്റും കാം സ്‌കാനും അടക്കമുള്ള 59 ആപ്പുകള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയത്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ചാണ് നിരോധനമേര്‍പ്പെടുത്തിയത്.

രാജ്യത്ത് കോവിഡ് കേസുകള്‍ 5,48,318 ആയിരിക്കുന്നു. 16,475 മരണവും. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും തമിഴ് നാട്ടിലും കേസുകള്‍ കുതിച്ചുയരുന്നു. ലോക്ക് ഡൗണ്‍ ഇളവുകളുടെ രണ്ടാം ഘട്ടത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജൂലായ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടി.