പ്രധാനമന്ത്രി ചട്ടങ്ങള്‍ ലംഘിച്ചോ? അശോകസ്തംഭം അനാഛാദനവും വിവാദങ്ങളും, അറിയേണ്ടതെല്ലാം  

 
pm

പുതുതായി നിര്‍മിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിനു മുകളിലെ അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാഛാദനം ചെയ്തതിന്
പിന്നാലെ രൂക്ഷിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും കേന്ദ്ര ഭവന മന്ത്രി ഹര്‍ദീപ് പുരിയും പങ്കെടുത്ത പ്രത്യേക ചടങ്ങിലാണ് പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത്.

എന്നാല്‍ ലോക്സഭാ സ്പീക്കര്‍ നോക്കി നില്‍ക്കെ പ്രധാനമന്ത്രി അശോകസ്തംഭം അനാച്ഛാദനം ചെയ്തത് ഭരണഘടനാ ലംഘനമാണെന്നാണ് പ്രതിപക്ഷം വിമര്‍ശിച്ചത്. അനാഛാദനചടങ്ങില്‍ നിന്നും പ്രതിപക്ഷത്തെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി പ്രതികരിച്ചു.  ചടങ്ങില്‍ നിന്നും പ്രതിപക്ഷത്തെ മുഴുവന്‍ മാറ്റിനിര്‍ത്തിയ ബിജെപിയുടെ ഇടുങ്ങിയ ചിന്താഗതി വ്യക്തമാണ്.  അശോകസ്തംഭത്തില്‍ വ്യത്യാസങ്ങള്‍ വരുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''പാര്‍ലമെന്റും ദേശീയ ചിഹ്നവും ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ളതാണ്, അല്ലാതെ ഒരു വ്യക്തിക്കുളളതല്ല. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് എല്ലാ പ്രമുഖ പാര്‍ട്ടികളുടെയും നേതാക്കള്‍ ഇന്ന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നെങ്കില്‍ എന്ന് സങ്കല്‍പ്പിക്കുക. എന്നാലും നമ്മുടെ ഷഹന്‍ഷാക്ക് വേണ്ടി എന്തിനാ ഫോട്ടോ നശിപ്പിച്ചത്?' ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് ട്വീറ്റ് ചെയ്തു.

ഭരണഘടനാ അധികാര വിഭജനത്തെ മോദി അട്ടിമറിക്കുകയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തിയത്. പ്രധാനമന്ത്രി അനാഛാദനം നിർവഹിച്ചതും ഭരണഘടനാ സ്ഥാപനത്തിൽ പൂജ നടത്തിയതും ഭരണഘടനാ തത്വങ്ങളോടുള്ള അവഹേളനമാണെന്നു സിപിഎം പൊളിറ്റ് ബ്യൂറോ വിമർശിച്ചു. ''ഭരണഘടന നമ്മുടെ ജനാധിപത്യത്തിന്റെ മൂന്ന് വിഭാഗങ്ങളെ വേര്‍തിരിക്കുന്നു - എക്‌സിക്യൂട്ടീവ് (സര്‍ക്കാര്‍), ലെജിസ്ലേച്ചര്‍ (പാര്‍ലമെന്റും സംസ്ഥാന അസംബ്ലികളും), ജുഡീഷ്യറി. പാര്‍ലമെന്റ് വിളിച്ച് ചേര്‍ക്കുന്നത് രാഷ്ട്രപതിയാണ്, എക്സിക്യൂട്ടീവിന്റെ തലവന്‍ പ്രധാനമന്ത്രിയാണ്. നിയമനിര്‍മ്മാണത്തിനും എക്‌സിക്യൂട്ടീവിനെ ഉത്തരവാദിത്തവും ഉത്തരവാദിത്തവും നിലനിര്‍ത്താന്‍ നിയമനിര്‍മ്മാണ സഭയ്ക്ക് അതിന്റെ സ്വതന്ത്രമായ ചുമതലയുണ്ട്. മൂന്ന് വിഭാഗങ്ങള്‍ക്കിടയിലുള്ള ഈ ഭരണഘടനാപരമായ അധികാര വിഭജനം എക്സിക്യൂട്ടീവിന്റെ തലവന്‍ അട്ടിമറിക്കുകയാണെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

'' പാര്‍ലമെന്റ്, സര്‍ക്കാര്‍, ജുഡീഷ്യറി എന്നിവയുടെ അധികാരങ്ങള്‍ ഭരണഘടന വിഭജിച്ചു നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയില്‍, പാര്‍ലമെന്റ് മന്ദിരത്തിനു മുകളിലെ അശോകസ്തംഭം പ്രധാനമന്ത്രി അനാഛാദനം ചെയ്യാന്‍ പാടില്ലായിരുന്നു. ലോക്‌സഭയെ പ്രതിനിധീകരിക്കുന്ന സ്പീക്കര്‍ സര്‍ക്കാരിന്റെ കീഴുദ്യോഗസ്ഥനല്ല. പ്രധാനമന്ത്രി ഭരണഘടനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചു'' എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.

ഔറംഗബാദ്, ജയ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ കലാകാരന്മാരായ സുനില്‍ ഡിയോറും ലക്ഷ്മണ്‍ വ്യാസും ചേര്‍ന്നാണ് അശോകസ്തംഭം നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യത്തെ പാര്‍ലമെന്റ് രൂപകല്‍പ്പനയില്‍ പുതിയ കെട്ടിടത്തിന് മുകളില്‍ ഒരു ശിഖരമായിരുന്നു ഉണ്ടായിരുന്നത്. 2020 ല്‍ ഇത് മാറ്റി അശോക ചിഹ്നം സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

അതേസമയം ദേശീയ ചിഹ്നത്തിലെ നാല് സിംഹങ്ങളുടെ ഭാവങ്ങള്‍ മാറിയതിനെതിരെയും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. നാല് സിംഹങ്ങളുടെ അച്ച് മാറ്റിയതിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടനാ ലംഘനമാണ് നടത്തിയതെന്ന് അവര്‍ ആരോപിച്ചു

ഉത്തര്‍പ്രദേശിലെ സാരാനാഥിലെ  ‘Lion Capital of Asoka’ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ദേശീയ ചിഹ്നത്തിലെ നാല് സിംഹങ്ങളുടെ ഭാവവുമായി  വിമര്‍ശകര്‍ താരതമ്യം ചെയ്യുന്നു. അശോക സ്തംഭത്തിലെ യഥാര്‍ത്ഥ സിംഹങ്ങള്‍ ശാന്തവും സമാധാനപ്രിയരുമാണെന്നും ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത് ആക്രമണകാരികള്‍ക്ക് സമാനമാണെന്നുമാണ് വിമര്‍ശനം. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര അഭിപ്രായങ്ങളൊന്നും പങ്കുവെയ്ക്കാതെ  'അശോക സ്തംഭത്തിന്റെ രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ഇടതുവശത്തുള്ളത് പഴയതാണെങ്കില്‍ മറ്റൊന്ന് മോദി അനാച്ഛാദനം ചെയ്ത അശോക സ്തംഭത്തിന്റെ ചിത്രമായിരുന്നു. 

അതേസമയം പ്രതിപക്ഷ ആക്രമണത്തെ എതിര്‍ത്ത് ബിജെപിയുടെ മുഖ്യ വക്താവും രാജ്യസഭാ എംപിയുമായ അനില്‍ ബലൂനി പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞു. ''അനാച്ഛാദന ചടങ്ങിനെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണ പ്രക്രിയ മനസ്സിലാക്കണം. ഇതിന്റെ രൂപരേഖ മുതല്‍ ഫണ്ടും നിര്‍മാണ മേല്‍നോട്ടവും വരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും നഗരവികസന വകുപ്പാണ് ചെയ്യുന്നത്. തറക്കല്ലിടല്‍ പോലും പ്രധാനമന്ത്രിയാണ് ചെയ്തത്, ബാലുനി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ കെട്ടിടം പാര്‍ലമെന്റ് ഭരണസമിതിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. 'പ്രതിപക്ഷ പാര്‍ട്ടികള്‍ മറ്റൊരു കൂട്ടം അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി രംഗത്തെത്തിയത് നിര്‍ഭാഗ്യകരമാണെന്നും,' ബാലുനി പറഞ്ഞു.

പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ ദേശീയ ചിഹ്നമായ അശോക സ്തംഭം ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത്. 6.5 മീറ്റര്‍ ഉയരവും 9500 കിലോ ഭാരവമുള്ള അശോക സ്തംഭം വെങ്കലത്തിലാണ് നിര്‍മിച്ചത്. ക്ലേ മോഡലിങ്, കംപ്യൂട്ടര്‍ ഗ്രാഫിക്സ്, വെങ്കല കാസ്റ്റിങ് തുടങ്ങി എട്ടു ഘട്ടങ്ങളിലൂടെയാണ് കൂറ്റന്‍ അശോക സ്തംഭം നിര്‍മാണം പൂര്‍ത്തിയാക്കിയത്. അനാച്ഛാദന ചടങ്ങില്‍, പ്രധാനമന്ത്രിക്ക് ഒപ്പം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല, രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ്, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്.