'വെല്ലുവിളികള്‍ അതിജീവിക്കാന്‍ ഇന്ത്യ-യുഎസ് സഹകരണം പ്രധാനം; ദ്വികക്ഷി ബന്ധം കൂടുതല്‍ വിപുലമാക്കും'

 
Modi Biden

ഗാന്ധിജിയുടെ അക്രമരാഹിത്യവും സഹിഷ്ണുതയും ആവര്‍ത്തിച്ച് ബൈഡന്‍ 

ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ വിപുലമാക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും. യുഎസ് പ്രസിഡന്റായതിനുശേഷം ബൈഡനുമായി പ്രധാനമന്ത്രി മോദി നടത്തിയ ആദ്യ കൂടിക്കാഴ്ചയിലാണ് വ്യാപാര ബന്ധം സന്തുലമാക്കിയും പുതിയ സഹകരണ മേഖലകള്‍ കണ്ടെത്തിയും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വിപുലപ്പെടുത്തണമെന്ന അഭിപ്രായം ഉയര്‍ന്നത്. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ കോവിഡ്, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, പ്രതിരോധ സഹകരണം, എച്ച് 1 ബി വിസ, അഫ്ഗാനിസ്ഥാന്‍, ഭീകരവാദം ഉള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ചയായതാണ് റിപ്പോര്‍ട്ടുകള്‍. 

ഈ ദശകം എങ്ങനെ രൂപപ്പെടുന്നു എന്നതില്‍ ബൈഡന്റെ നേതൃത്വം തീര്‍ച്ചയായും ഒരു പ്രധാന പങ്ക് വഹിക്കുമെന്നായിരുന്നു പ്രധാമന്ത്രി മോദിയുടെ വാക്കുകള്‍. ഇന്ത്യയും യുഎസും തമ്മില്‍ കൂടുതല്‍ ശക്തമായ സൗഹൃദത്തിനുള്ള വിത്ത് പാകിയിരിക്കുന്നുവെന്നും മോദി പറഞ്ഞു. ലോകത്തിലെ പ്രബലരായ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തവും ദൃഢവുമായിരിക്കുമെന്നാണ് ഇന്ത്യ-യുഎസ് ബന്ധത്തെക്കുറിച്ച് ബൈഡന്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യ-യുഎസ് ബന്ധത്തിന്റെ പുതിയ ഏടുകള്‍ക്കായാണ് കാത്തിരിക്കുന്നതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. 

യുഎസിന്റെ പുരോഗതിക്കായി ഇന്ത്യന്‍ സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തില്‍ സന്തോഷമുണ്ട്. സാങ്കേതികവിദ്യ ഒരു പ്രേരകശക്തിയായി മാറുകയാണ്. ആഗോള നന്മയ്ക്കായി സാങ്കേതികവിദ്യയെ കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. വരും ദശകങ്ങളില്‍ ഇന്ത്യ-യുഎസ് ബന്ധത്തില്‍, വ്യാപാരം ഒരു പ്രധാന ഘടകമാകും. വ്യാപാരബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും മോദി പറഞ്ഞു. യുഎസ് സന്ദര്‍ശനത്തിന് നല്‍കിയ സ്വീകരണത്തിന് മോദി ജോ ബൈഡന് നന്ദിയും അറിയിച്ചു. 

ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. 40 ലക്ഷം ഇന്തോ-അമേരിക്കന്‍ വംശജര്‍ യുഎസിനെ ശക്തരായി നിലനിര്‍ത്താന്‍ പ്രയത്‌നിക്കുന്നുണ്ട്. ഒട്ടേറെ വെല്ലുവിളികള്‍ അതിജീവിക്കാന്‍ ഇരു രാജ്യങ്ങളുടെയും സഹകരണത്തിന് സാധിക്കുമെന്നും ബൈഡന്‍ പറഞ്ഞു. 2006ല്‍ വൈസ് പ്രസിഡന്റായിരുന്ന സമയത്ത്, 2020ഓടെ ഇന്ത്യയും യുഎസും ലോകത്തെ ഏറ്റവും അടുപ്പമുള്ള രാജ്യങ്ങളിലൊന്നായി മാറുമെന്ന് പറഞ്ഞിരുന്നതും ബൈഡന്‍ സൂചിപ്പിച്ചു. ഇന്തോ-പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്നും ബൈഡന്‍ പറഞ്ഞു.

ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിലും നാം നമ്മുടെ ഉത്തരവാദിത്തങ്ങള്‍ പങ്കുവെക്കണം. അടുത്തയാഴ്ച ലോകം മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്ന സാഹചര്യത്തില്‍, അക്രമരാഹിത്യം, പരസ്പരം ബഹുമാനം, സഹിഷ്ണുത എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ നാം ഓര്‍ക്കണം. മുമ്പത്തേക്കാള്‍ ഇന്ന് അതിനേറെ പ്രസക്തിയുണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഗാന്ധിയുടെ 'ട്രസ്റ്റീഷിപ്പ്' (അഹിംസയില്‍ അധിഷ്ഠിതമായ ഒരു സാമൂഹ്യസാമ്പത്തിക ഘടന) എന്ന ആശയത്തെയാണ് മോദി മുന്നോട്ടുവെച്ചത്. വരും കാലങ്ങളില്‍ ലോകത്തിന് വളരെ ആവശ്യമുള്ള ആശയമാണ് ട്രസ്റ്റീഷിപ്പ് എന്നും മോദി പറഞ്ഞു. 

2014ല്‍ അധികാരമേറ്റശേഷം ഏഴാം തവണയാണ് മോദി യുഎസ് സന്ദര്‍ശിക്കുന്നത്. ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും ജനുവരിയില്‍ പ്രസിഡന്റായി അധികാരമേറ്റശേഷം ആദ്യമായാണ് ഇരുവരുടെയും കൂടിക്കാഴ്ച. ദ്വികക്ഷി, ഉഭയകക്ഷി വിഷയങ്ങളിലായി ഇരുവരും ഇതിനോടകം ഫോണില്‍ സാരിച്ചിട്ടുണ്ട്.