'ജനങ്ങളോട് ചെയ്യുന്ന അനീതി'; സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറക്കണമെന്ന് മോദി

 
modi

മുഖ്യമന്ത്രിമാരുമായുള്ള ഉന്നതതല യോഗത്തില്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ലെന്ന് മോദി പറഞ്ഞു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ് നരേന്ദ്ര മോദി വിഷയം ഉന്നയിച്ചത്.

രാജ്യത്തെ വിവിധ നഗരങ്ങളിലെ ഇന്ധനവില ചൂണ്ടികാട്ടിയ പ്രധാനമന്ത്രി വാറ്റ് കുറച്ച സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറവാണെന്നും പറഞ്ഞു. 
ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങളില്‍ പെട്രോളിനും ഡീസലിനും വില ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ഈ സംസ്ഥാനങ്ങള്‍ അവിടുത്തെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണിത്. അയല്‍ സംസ്ഥാനങ്ങളേയും ഇത് ബാധിക്കും. താന്‍ ആരേയും വിമര്‍ശിക്കുകയല്ല. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

'കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുകയും സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഞാന്‍ ആരെയും വിമര്‍ശിക്കുന്നില്ല. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, ജാര്‍ഖണ്ഡ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ വാറ്റ് കുറയ്ക്കാനും ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും അഭ്യര്‍ത്ഥിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു.

നികുതി കുറയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വരുമാനത്തില്‍ നഷ്ടം സംഭവിക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ പല സംസ്ഥാനങ്ങളും ആ 'പോസിറ്റീവ് മനോഭാവം' സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 'കര്‍ണാടക നികുതി കുറച്ചില്ലായിരുന്നെങ്കില്‍ ആറ് മാസത്തിനുള്ള 5000 കോടിയുടെ അധിക വരുമാനം അവര്‍ക്ക് ഉണ്ടാകുമായിരുന്നു. ഗുജറാത്തും 3500 മുതല്‍ 4000 കോടി വരെ അധികവരുമാനം നേടുമായിരുന്നു', പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഫെഡറിലിസത്തിന്റെ സഹകരണ മനോഭാവം പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആ ആത്മാവിലൂടെയാണ് രാജ്യം കോവിഡിനെ നേരിട്ടത്. നിലവിലുള്ള 'യുദ്ധസമാന സാഹചര്യം' പോലുള്ള ആഗോള പ്രശ്‌നങ്ങളുടെ ആഘാതം കണക്കിലെടുത്ത് സാമ്പത്തിക പ്രശ്‌നങ്ങളിലും അത്തരം സമീപനം സ്വീകരിക്കണമെന്നും മോദി പറഞ്ഞു.

നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ യഥാക്രമം 5 രൂപയും 10 രൂപയും കുറച്ചിരുന്നു. കേന്ദ്രത്തിന്റെ തീരുമാനത്തെത്തുടര്‍ന്ന് ബിജെപിയോ സഖ്യകക്ഷികളോ ഭരിക്കുന്ന 25 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിന് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചതായും മോദി പറഞ്ഞു. 

കോവിഡ് വെല്ലുവിളി അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ ആരോഗ്യസംവിധാനങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മോദി യോഗത്തില്‍ പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഏകോപനം പ്രധാനപ്പെട്ടതാണ്. കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി.