ബംഗാളിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള അക്രമം; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

 
Calcutta HC

പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച് സിബിഐ അന്വേഷണത്തിന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്. കൊലപാതകങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, പീഡനാരോപണങ്ങള്‍ എന്നിവ കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്നാണ് ഉത്തരവ്. മറ്റു കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ (എസ്‌ഐടി) നിയമിക്കാനും ഉത്തരവിട്ടു. രണ്ട് അന്വേഷണങ്ങളും കോടതി നിരീക്ഷിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 

എല്ലാ കൊലപാതക കേസുകളും ബലാത്സംഗക്കേസുകളും സിബിഐ അന്വേഷിക്കണമെന്നാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് ആറ് ആഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണം. മറ്റു കേസുകള്‍ക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം. ഐപിഎസ് ഓഫീസര്‍മാരായ ഡയറക്ടര്‍ ജനറല്‍ (ടെലി കമ്മ്യൂണിക്കേഷന്‍സ്) സുമന്‍ ബാല സാഹു, കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സൗമന്‍ മിത്ര, രണ്‍വീര്‍ കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടാകും. കോടതി നിര്‍ദേശമില്ലാതെ ഒരു പ്രതികൂല നടപടിയും എടുക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍-മെയ് മാസങ്ങളിലാണ് സംസ്ഥാനത്ത് സംഘര്‍ഷങ്ങളുണ്ടായത്. അക്രമസംഭവങ്ങളില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. അക്രമങ്ങളില്‍ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായി. കൊലപാതകവും ബലാത്സംഗവും സ്വത്ത് നശിപ്പിക്കലും അരങ്ങേറി. നിരവധിപ്പേര്‍ക്ക് വീടും സ്വത്തും വിട്ട് പോകേണ്ടിവന്നു. ഇവയെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണം. ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും ഹര്‍ജികളില്‍ പറയുന്നു. 

സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിനു പിന്നാലെ സംസ്ഥാനത്ത് അരങ്ങേറിയ അനിഷ്ട സംഭവങ്ങള്‍ക്ക് മമത സര്‍ക്കാരിനെ റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുതിയ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.