വൈദ്യുതി പ്രതിസന്ധി: കല്‍ക്കരി നീക്കം സുഗമമാക്കാന്‍ റെയില്‍വേ റദ്ദാക്കിയത് 42 പാസഞ്ചര്‍ ട്രെയിനുകള്‍

 
coal

 

രാജ്യത്തെ വൈദ്യുതി പ്രതിസന്ധിയെത്തുടര്‍ന്ന് കല്‍ക്കരി നീക്കം സുഗമമാക്കുന്നതിനായി  റെയില്‍വേ 42 പാസഞ്ചര്‍ ട്രെയിനുകളുടെ 1,081 ട്രിപ്പുകള്‍ റദ്ദാക്കിയതായി  പിടിഐ വ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച 16 പാസഞ്ചര്‍ ട്രെയിനുകളുടെ 657 ട്രിപ്പുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതില്‍ 500-ലധികം സര്‍വീസുകള്‍ ദീര്‍ഘദൂര മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളായിരുന്നുവെന്നും റിപോര്‍ട്ട് പറയുന്നു.

ജമ്മു കശ്മീര്‍ ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര, ബീഹാര്‍, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ശേഖരം കുറവായതിനാല്‍ വൈദ്യുതി മുടങ്ങിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏപ്രിലില്‍, ഇന്ത്യയിലെ വൈദ്യുതി കമ്മി 623 ദശലക്ഷം യൂണിറ്റിലെത്തിയിരുന്നു. ഇത് മാര്‍ച്ചില്‍ രേഖപ്പെടുത്തിയ മൊത്തം കമ്മിയെക്കാള്‍ കൂടുതലാണ്.

കല്‍ക്കരി ക്ഷാമത്തിന് ചില സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുമ്പോള്‍, കല്‍ക്കരി ക്ഷാമം മൂലമല്ല പ്രതിസന്ധി ഉണ്ടായതെന്നും സംസ്ഥാന സര്‍ക്കാരുകള്‍ കോള്‍ ഇന്ത്യ ലിമിറ്റഡിന് മുമ്പ് വാങ്ങിയതിന് പണം നല്‍കാത്തതിനാലാണെന്നും കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍.കെ. സിങ് പറഞ്ഞു.
രാജധാനി എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ് എന്നിവ ഒഴികെയുള്ള എല്ലാ പാസഞ്ചര്‍ ട്രെയിനുകളേക്കാളും കല്‍ക്കരി റാക്കുകളുടെ നീക്കത്തിന് മുന്‍ഗണന നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

റദ്ദാക്കിയ 42 ട്രെയിനുകളില്‍ 34 എണ്ണം സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സോണിലാണ് ഓടുന്നതെന്ന് റെയില്‍വേ വക്താവ് പറഞ്ഞു. മെയ് എട്ടിന് പുനഃസ്ഥാപിക്കുന്ന രണ്ടെണ്ണം ഉള്‍പ്പെടെ ബാക്കിയുള്ളവ നോര്‍ത്തേണ്‍ റെയില്‍വേ സോണിലാണ്്. പ്രതിദിനം ശരാശരി കല്‍ക്കരി ലോഡിംഗ് 400 ആയി ഉയര്‍ത്തിയെന്നും ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും റെയില്‍വേ അറിയിച്ചു.