മൂന്ന് ദിവസത്തിനിടെ രണ്ടാമത്തേത്; നിര്‍ണായക നീക്കങ്ങള്‍, പ്രശാന്ത് കിഷോര്‍ -സോണിയാ ഗാന്ധി കൂടികാഴ്ച

നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പൊതുതെരഞ്ഞെടുപ്പിന്റെയും ആസൂത്രണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കൂടികാഴ്ച നടത്തി. 2024-ന് മുമ്പ് പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിനും ആ വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനുമുള്ള കിഷോറിന്റെ നിര്‍ദ്ദേശം കോണ്‍ഗ്രസ് പരിഗണിക്കുന്നതായാണ് റിപോര്‍ട്ടുകള്‍. മൂന്ന് ദിവസത്തിനിടെ ഇരുവരും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. മിഷന് 2024-നെക്കുറിച്ചുള്ള വിശദമായ അവതരണം ശനിയാഴ്ച കിഷോര്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുമ്പാകെ നടത്തിയിരുന്നു.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളും അടുത്ത വര്‍ഷം കര്‍ണാടക, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലെ സംസ്ഥാന തെരഞ്ഞെടുപ്പുകളുമാണ് കൂടികാഴ്ചയിലെ അജണ്ടയെന്ന് വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
മിഷന് 2024 പദ്ധതി വിലയിരുത്താന്‍ ചുമതലപ്പെടുത്തിയ നേതാക്കളുമായി സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. മകളും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വദ്ര, മുതിര്‍ന്ന നേതാക്കളായ മുകുള്‍ വാസ്നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല, കെസി വേണുഗോപാല്‍, അംബികാ സോണി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ 370 സീറ്റുകളില്‍ മത്സരിക്കുന്നതിനുള്ള പദ്ധതിയും ചില സംസ്ഥാനങ്ങളില്‍ തന്ത്രപരമായ പങ്കാളിത്തം രൂപീകരിക്കാനുള്ള പദ്ധതിയും ഉള്‍ക്കൊള്ളുന്ന കിഷോറിന്റെ നിര്‍ദ്ദേശത്തില്‍ ഈ മാസം അവസാനം തീരുമാനം എടുത്തേക്കും.
അതേസമയം പുറത്ത് നിന്ന് തന്ത്രങ്ങള്‍ ഒരുക്കുന്നതിന് പകരം പ്രശാന്ത് പാര്‍ട്ടിയില്‍ അംഗത്വമെടുക്കണമെന്ന് എഐസിസി ഉപാധിവെച്ചിരുന്നു.
ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണമെന്നും തമിഴ്നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സഖ്യമുണ്ടാക്കണമെന്നും കിഷോര്‍ നിര്‍ദ്ദേശിച്ചു, ഈ നിര്‍ദ്ദേശം രാഹുല്‍ ഗാന്ധി സമ്മതിച്ചതായി പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തു.