എന്തുകൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നില്ല? രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് പ്രശാന്ത് കിഷോര്‍

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തിടുക്കത്തില്‍ ആലോചിക്കുന്നില്ലെന്ന് തെരഞ്ഞെുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബിഹാറില്‍ 3000 കിലോമീറ്റര്‍ പദയാത്ര നടത്തുമെന്നും സദ്ഭരണത്തെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം ആരായുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടി രൂപീകരിക്കുന്നില്ലെങ്കിലും ജനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില് ഒരു പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുമെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍ 17,500-18,000 ആളുകളുടെ ഒരു ഡാറ്റാബേസ് സൃഷ്ടിച്ചിട്ടുണ്ടെന്നും അത് തുടര്‍ച്ചയായി അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും പ്രശാന്ത് കിഷോര്‍ പട്നയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ജന്‍ സൂരജ്' (ജനങ്ങളുടെ സദ്ഭരണം) എന്ന ചിന്തയോടെ അടുത്ത 3-4 മാസത്തിനുള്ളില്‍ ഈ ആളുകളെയെല്ലാം കാണുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ കണ്ടുമുട്ടുന്ന ഭൂരിഭാഗം ആളുകളും പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചാല്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കും അദ്ദേഹം പറഞ്ഞു.
''ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടായാല്‍ അതിന്റെ സര്‍വ അധികാരങ്ങളും കൈവശം വെയ്ക്കുന്ന തലവനായിരിക്കില്ല ഞാന്‍, കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഞാന്‍ 150-200 ആളുകളെ കണ്ടുമുട്ടി, അവരില്‍ 90 ശതമാനം പേരും ബീഹാറിന് വികസന കാര്യത്തില്‍് ഒരു പുതിയ സമീപനം ആവശ്യമാണെന്ന് അഭിപ്രായപ്പെടുന്നു, കാരണം നിലവിലുള്ളത് സംസ്ഥാനത്തിന്റെ വളര്‍ച്ചയെ വേണ്ടത്ര മുന്നോട്ട് കൊണ്ടുപോകില്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ രണ്ടിന് പടിഞ്ഞാറന്‍ ചമ്പാരനില്‍ നിന്ന് തന്റെ 'പദയാത്ര' ആരംഭിക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം പൂര്‍ണമാക്കുമെന്നും ബിഹാറിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവരും അവ മനസിലാക്കുന്നവരും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിവുള്ളവരുമായ ആളുകളെ കാണുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
15 വര്‍ഷത്തെ ഭരണത്തില്‍ സാമൂഹ്യനീതിക്ക് വേണ്ടി ശബ്ദമുയര്ത്തിയെന്നാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദും അദ്ദേഹത്തിന്റെ അനുയായികളും അവകാശപ്പെടുന്നതെന്നും എന്നാല്‍ ഈ വര്‍ഷങ്ങളിലെല്ലാം വികസനത്തിനും സാമൂഹിക പ്രശ്നങ്ങള്‍ക്കും ശ്രദ്ധ നല്‍കിയിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ ഭരണം അവകാശപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. അവരുടെ അവകാശവാദത്തില്‍ ചില സത്യങ്ങളുണ്ട്, എന്നാല്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ സഖ്യം അധികാരത്തിലിരുന്നപ്പോഴും വികസനത്തിന്റെ എല്ലാ മാനദണ്ഡങ്ങളിലും ബീഹാറിനെ ഏറ്റവും താഴ്ന്ന നിലയിലാണ് നിര്‍ത്തുന്നത്, ഒരു പുതിയ കാഴ്ചപ്പാടും ഒരു പുതിയ സംരംഭവും ആവശ്യമാണ്,' അദ്ദേഹം അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസില്‍ എന്തുകൊണ്ട് ചേര്‍ന്നില്ല എന്ന ചോദ്യത്തിന് പ്രശാന്ത് കിഷോറിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'എനിക്ക് കോണ്‍ഗ്രസിന് ഒരു മൂല്യവും കൂട്ടിച്ചേര്‍ക്കാന്‍ ആകില്ലെന്ന് ഞാന്‍ മനസ്സിലാക്കി. അതുകൊണ്ടുതന്നെ ആ പാര്‍ട്ടിയില്‍ ചേരാനുള്ള ക്ഷണം ഞാന്‍ നിരസിച്ചു. കോണ്‍ഗ്രസ് എന്നെ അവരുടെ എംപവേര്‍ഡ് ആക്ഷന്‍ ഗ്രൂപ്പില്‍ അംഗമാക്കാന്‍ ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമാകുന്നതില്‍ അര്‍ത്ഥമില്ല', അദ്ദേഹം പറഞ്ഞു.
നിതീഷ് കുമാറുമായി തനിക്ക് വ്യക്തിപരമായ യാതൊരു പ്രശ്നവുമില്ല. നിതീഷ് കുമാര്‍ ഡല്‍ഹിയിലെത്തിയാല്‍ ചില ആളുകള്‍ പ്രചരിപ്പിക്കും, താന്‍ ജെഡിയുവില്‍ ചേരുമെന്ന്. അത് വെറും ഊഹാപോഹം മാത്രമാണ്. മികച്ച ഭരണത്തില്‍ ഒരു അഭിപ്രായ സമന്വയത്തില്‍ എത്തിച്ചേരുകയാണെങ്കില്‍ ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയില്‍ ചേരാം അദ്ദേഹം പറഞ്ഞു.