സുപ്രീംകോടതി ഒഴിവാക്കിയെങ്കിലും ട്രിബ്യൂണല്‍ സൈറ്റുകളില്‍ ഇപ്പോഴും മോദിയുടെ സചിത്ര പരസ്യം

 
Modi Advt

ആസാദി കാ അമൃത് മഹോത്സവം, വാക്‌സിനേഷന്‍ എന്നിവയുടെ പരസ്യങ്ങള്‍ 

സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലില്‍ ഫൂട്ടര്‍ ആയി ചേര്‍ത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സചിത്ര പരസ്യം നീക്കി. സുപ്രീം കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കോടതി ഇമെയില്‍ സംവിധാനം കൈകാര്യം ചെയ്യുന്ന നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററാണ് പരസ്യം നീക്കിയത്. പകരം സുപ്രീം കോടതിയുടെ ചിത്രം ഫൂട്ടറായി ചേര്‍ത്തു. സബ്കാ സാത്ത് സബ്കാ വികാസ് എന്ന മുദ്രാവാക്യവും മോദിയുടെ ചിത്രവുമാണ് സുപ്രീം കോടതിയുടെ ഇ-മെയിലിന്റെ ഫൂട്ടറായി ചേര്‍ത്തിരുന്നത്. ഇതുസംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന് വിഷയം സുപ്രീം കോടതി അഭിഭാഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ്, ഫൂട്ടര്‍ എത്രയും വേഗം നീക്കാന്‍ കോടതി നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിനോട് നിര്‍ദേശിച്ചത്. 

ജുഡീഷ്യറിയുടെ പ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രങ്ങള്‍ സുപ്രീം കോടതിയുടെ ഇ-മെയിലിനൊപ്പം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രധാനമന്ത്രി ഉള്‍പ്പെടുന്ന പരസ്യം ഇത് നീക്കാന്‍ നിര്‍ദേശിച്ചത്. സുപ്രീം കോടതിയുടെ ഇ-മെയിലില്‍ നിന്ന് മോദിയുടെ സചിത്ര പരസ്യം മാറ്റിയെങ്കിലും രാജ്യത്തെ വിവിധ ട്രിബ്യൂണലുകളുടെയും അര്‍ധ ജുഡീഷ്യല്‍ ബോഡികളുടെയും വെബ്‌സൈറ്റില്‍ ഉള്‍പ്പെടെ ഇപ്പോഴും മോദിയുടെ സചിത്രം പരസ്യം നിറഞ്ഞുനില്‍ക്കുകയാണ്. 

നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ് റീഡ്രസല്‍ കമ്മീഷന്റെ സൈറ്റില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കിയ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചുള്ള ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പരസ്യമാണ് ചേര്‍ത്തിട്ടുള്ളത്. 

National Consumer Disputes Redressal Commission

ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ സൈറ്റില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള സബ്കാ സാത്ത്, സബ്കാ വികാസ് എന്നു തുടങ്ങുന്ന സചിത്ര പരസ്യമാണ് ചേര്‍ത്തിരിക്കുന്നത്. 

Income Tax Appellate Tribunal

സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വെബ്‌സൈറ്റിലും സബ്കാ സാത്ത്, സബ്കാ വികാസ് എന്നു തുടങ്ങുന്ന സചിത്ര പരസ്യമാണ് പോപ് അപ്പ് ബാനറായി ചേര്‍ത്തിരിക്കുന്നത്. 

Central Administrative Tribunal

അപ്പലേറ്റ് ട്രിബ്യൂണല്‍ ഫോര്‍ ഇലക്ട്രിസിറ്റി സൈറ്റില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ദേശീയ ഗാന ആലാപനത്തിന്റെ പരസ്യമാണുള്ളത്. 

Appellate Tribunal for Electricity

കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ സൈറ്റിലും ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ദേശീയ ഗാന ആലാപനത്തിന്റെ പരസ്യമാണ് ചേര്‍ത്തിരിക്കുന്നത്. 

Competition Commission of India

അതേസമയം, നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ചിത്രം ചേര്‍ത്തിട്ടുണ്ട്. ഈ സൈറ്റുകളെല്ലാം നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററാണ് മെയിന്റയില്‍ ചെയ്യുന്നത്. 

National Company Law Tribunal