അയോധ്യ: റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ കേന്ദ്രഭൂമി; പിന്നില്‍ ബിജെപി നേതാക്കളും ഉദ്യോഗസ്ഥരും

 
Ayodhya Temple

അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം നടക്കുന്നതിനു സമീപമുള്ള ഭൂമി ബിജെപി നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് വാങ്ങിക്കൂട്ടുന്നതായി റിപ്പോര്‍ട്ട്. രാമക്ഷേത്രം നിര്‍മിക്കാമെന്ന 2019 നവംബര്‍ ഒമ്പതിലെ സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് അയോധ്യ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ കേന്ദ്രഭൂമിയായത്. ബിജെപി നേതാക്കള്‍ അല്ലെങ്കില്‍ അവരുടെ ബിനാമികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ ബന്ധുക്കള്‍ എന്നിവരാണ് കച്ചവടക്കണ്ണോടെ പ്രവര്‍ത്തിക്കുന്നവര്‍. പ്രദേശത്തെ എംഎല്‍എമാര്‍, അയോധ്യയില്‍ സേവനമനുഷ്ഠിക്കുന്ന-സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥര്‍, അവരുടെ ഉറ്റ ബന്ധുക്കള്‍, ഭൂമി ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ചുമതലപ്പെട്ട പ്രാദേശിക റെവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ഭൂമി വാങ്ങിക്കൂട്ടിയതെന്ന, ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണങ്ങളും വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ഭൂമി ഇടപാടിന്റെ രേഖകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. ലോകത്തില്‍ തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ ഭൂമി വില ഉയര്‍ന്ന സംഭവം സമാനതകളില്ലാത്ത അഴിമതിയാണെന്ന ആരോപണവുമായി കൂടുതല്‍ പാര്‍ട്ടികള്‍ രംഗത്തെത്തി. ഭൂമി ഇടപാടില്‍ സിബിഐ അന്വേഷണം വേണമെന്ന് സമാജ്‌വാദി പാര്‍ട്ടിയും ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ക്കൊപ്പം പരാതിയും ഉയര്‍ന്നതോടെ, യുപി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അന്വേഷണം നടത്താന്‍ റവന്യു വകുപ്പിനോട് നിര്‍ദേശിച്ചത്. 

2020 ഫെബ്രുവരിയില്‍ സ്ഥാപിതമായ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്, ക്ഷേത്രനിര്‍മാണത്തിനായി 70 ഏക്കറോളം ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. ക്ഷേത്രനിര്‍മാണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ ഭൂമി ഏറ്റെടുത്തേക്കാനുള്ള സാധ്യതയുണ്ട്. ഇത് കൃത്യമായി മനസിലാക്കിയിട്ടുള്ളവരോ അവരുടെ ബന്ധുക്കളോ ആണ് ഇപ്പോള്‍ ഭൂമി വാങ്ങിക്കൂട്ടുന്നത്. ക്ഷേത്ര നിര്‍മാണം നടക്കുന്നതിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഭൂമിയാണ് പലരും വാങ്ങിയിരിക്കുന്നത്. ക്ഷേത്രനിര്‍മാണത്തിനായി കൂടുതല്‍ ഭൂമി ആവശ്യമായി വരുമ്പോള്‍, വന്‍ വിലയ്ക്ക് അവ വില്‍ക്കാമെന്ന റിയല്‍ എസ്‌റ്റേറ്റ് താല്‍പര്യവും ബുദ്ധിയുമാണ് അതിനു പിന്നില്‍. ജനപ്രതിനിധികളും സ്വകാര്യ ബ്രോക്കര്‍മാരും തുടങ്ങി ഭൂമി ഇടപാടുകള്‍ നിയമപരമാക്കുന്നതിനായി ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ വരെ ഭൂമി വാങ്ങിക്കൂട്ടുകയാണ്.

മഹര്‍ഷി രാമായണ്‍ വിദ്യാപീഠ് ട്രസ്റ്റ് (എംആര്‍വിടി) ആണ് ഭൂമി ഇടപാടിലെ പ്രമുഖര്‍. 1990കളില്‍ ബര്‍ഹട്ടാ മാഞ്ജ ഗ്രാമത്തിലെ 15 ഏക്കറിലേറെ ഭൂമിയാണ് ദളിതനായ റോങ്ഹായ് എന്നയാളുടെ പേരില്‍ ട്രസ്റ്റ് വാങ്ങിക്കൂട്ടിയത്. 1996ല്‍ 6.38 ലക്ഷം രൂപയ്ക്ക് റോങ്‌ഹോയ് ഭൂമി എംആര്‍വിടിക്ക് ദാനം നല്‍കി എന്നാണ് രേഖ. ക്ഷേത്ര നിര്‍മാണത്തിനുള്ള കോടതി വിധി വന്നതോടെ, എംആര്‍വിടി ഭൂമി മറിച്ചുവില്‍ക്കാന്‍ തുടങ്ങി. കോടികള്‍ വിലവരുന്ന ഭൂമി തട്ടിയെടുത്തശേഷം മറിച്ചുവില്‍ക്കാന്‍ തുടങ്ങിയതോടെ, എംആര്‍വിടിക്കെതിരെ ദളിത് കുടുംബങ്ങള്‍ പരാതിയുമായെത്തി. എന്നാല്‍ അവരുടെ പ്രതിഷേധങ്ങള്‍ ഫലിച്ചില്ല. മാത്രമല്ല, പരാതിയില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഭൂമി ഇടപാടില്‍ ഉള്‍പ്പെട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

ഭൂമി വാങ്ങിയ പ്രമുഖര്‍

1. എം.പി അഗര്‍വാള്‍, ഡിവിഷണല്‍ കമ്മീഷണര്‍, അയോധ്യ (2019 നവംബര്‍ മുതല്‍)
2020 ഡിസംബര്‍ 10ന് അഗര്‍വാളിന്റെ ഭാര്യാപിതാവ് കേശവ് പ്രസാദ് അഗര്‍വാള്‍ ബര്‍ഹട്ടാ മാഞ്ജയില്‍ 2530 ചതുരശ്ര മീറ്റര്‍ ഭൂമി 31 ലക്ഷത്തിന് എംആര്‍വിടിയില്‍ നിന്ന് വാങ്ങി. അഗര്‍വാളിന്റെ ഭാര്യാസഹോദരന്‍ ആനന്ദ് വര്‍ധന്‍ അതേ ഗ്രാമത്തില്‍ 1250 ചതുരശ്ര മീറ്റര്‍ ഭൂമി 15.50 ലക്ഷത്തിന് എംആര്‍വിടിയില്‍നിന്ന് വാങ്ങി. കമ്മീഷണറുടെ ഭാര്യ അവരുടെ പിതാവിന്റെ കമ്പനിയായ ഹെല്‍മന്ദ് കോണ്‍ട്രാക്ടേഴ്സ് ആന്‍ഡ് ബില്‍ഡേഴ്സ് എല്‍എല്‍പിയില്‍ പങ്കാളിയാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. 
അതേസമയം, ഇക്കാര്യങ്ങളൊന്നും ഓര്‍മയില്ലെന്നാണ് അംഗര്‍വാള്‍ പ്രതികരിച്ചത്. വിരമിച്ചശേഷം അയോധ്യയില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്നതിനാലാണ് അവിടെ ഭൂമി വാങ്ങിയതെന്നാണ് കേശവ് പ്രസാദ് അഗര്‍വാളിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ എം.പി അഗര്‍വാളിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറയുന്നു. 

2. പുരുഷോത്തം ദാസ് ഗുപ്ത, അയോധ്യയില്‍ ചീഫ് റെവന്യൂ ഓഫീസര്‍ (20 ജൂലൈ 2018 - 10 സെപ്റ്റംബര്‍ 2021), നിലവില്‍ ഗൊരഖ്പൂരില്‍ അഡീഷണല്‍ ജില്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്
ദാസ് ഗുപ്തയുടെ ഭാര്യാസഹോദരന്‍ അതുല്‍ ഗുപ്തയുടെ ഭാര്യ തൃപ്തി ഗുപ്ത, അമര്‍ജീത് യാദവ് എന്നയാളുടെ പങ്കാളിത്തത്തോടെ ബര്‍ഹട്ടാ മാഞ്ജയില്‍ 1130 ചതുരശ്ര മീറ്റര്‍ ഭൂമി 2021 ഒക്ടോബര്‍ 12ന് എംആര്‍വിടിയില്‍ നിന്ന് 21.88 ലക്ഷത്തിന് വാങ്ങി.
ഭൂമി വാങ്ങിയതില്‍ പങ്കില്ലെന്നാണ് ദാസ് ഗുപ്ത വ്യക്തമാക്കിയത്. അതേസമയം, കുറഞ്ഞ നിരക്കില്‍ കിട്ടിയതിനാല്‍ ഭൂമി വാങ്ങിയെന്നാണ് അതുല്‍ ഗുപ്തയുടെ മറുപടി. ദാസ് ഗുപ്തയുടെ സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. 

3. ഇന്ദ്ര പ്രതാപ് തിവാരി, എംഎല്‍എ, ഗോസായിഗഞ്ച്, അയോധ്യ ജില്ല 
എംആര്‍വിടിയില്‍നിന്ന് 30 ലക്ഷം രൂപയ്ക്ക് ബര്‍ഹട്ടാ മാഞ്ജയില്‍ 2,593 ചതുരശ്ര മീറ്റര്‍ ഭൂമി 2019 നവംബര്‍ 18ന് തിവാരി വാങ്ങി. 2021 മാര്‍ച്ച് 16ന്, അദ്ദേഹത്തിന്റെ ഭാര്യാസഹോദരന്‍ രാജേഷ് കുമാര്‍ മിശ്ര, രാഘവാചാര്യ എന്നയാള്‍ക്കൊപ്പം, സൂരജ് ദാസില്‍ നിന്ന് 47.40 ലക്ഷം രൂപയ്ക്ക് ബര്‍ഹട്ടാ മാഞ്ജയില്‍ 6320 ചതുരശ്ര മീറ്റര്‍ ഭൂമി വാങ്ങി.
അതേസമയം, സ്വന്തം സമ്പാദ്യത്തില്‍ നിന്നാണ് ഭൂമി വാങ്ങിയതെന്നാണ് രാജേഷ് മിശ്രയുടെ പ്രതികരണം. അതിന് തിവാരിയുമായി ബന്ധമില്ല. 2019 നവംബര്‍ 18ന്, എംഎല്‍എയ്ക്ക് ബന്ധമുള്ള മാന്‍ ശാരദ സേവാ ട്രസ്റ്റ്, ബര്‍ഹട്ടാ മാഞ്ജയിലെ 9,860 ചതുരശ്ര മീറ്റര്‍ ഭൂമി എംആര്‍വിടിയില്‍ നിന്ന് 73.95 ലക്ഷം രൂപയ്ക്ക് വാങ്ങിയിട്ടുണ്ട്. 

4. ദീപക് കുമാര്‍, (ഡിഐജി, 26 ജൂലൈ 2020- 30 മാര്‍ച്ച് 2021, ഇപ്പോള്‍ അലിഗഡ് ഡിഐജി)
ദീപകിന്റെ ഭാര്യാസഹോദരി മഹിമ താക്കൂര്‍, 2021 സെപ്റ്റംബര്‍ ഒന്നിന് ബര്‍ഹട്ടാ മാഞ്ജയില്‍ 1,020 ചതുരശ്ര മീറ്റര്‍ ഭൂമി 19.75 ലക്ഷത്തിന് എംആര്‍വിടിയില്‍ നിന്ന് വാങ്ങി. എന്നാല്‍, താന്‍ അയോധ്യയില്‍ ജോലി ചെയ്യുന്ന കാലത്ത് ബന്ധുക്കളാരും ഭൂമി വാങ്ങിയിട്ടില്ലെന്നാണ് ദീപക് കുമാറിന്റെ പ്രതികരണം. ഭൂമിക്ക് താനോ ഭാര്യയോ പിതാവോ പണം നല്‍കിയിട്ടില്ല. മഹിമയുടെ ഭര്‍ത്താവ് കുശിനഗര്‍ സ്വദേശിയാണ്. ഇപ്പോള്‍ ബംഗളൂരുവിലാണ് താമസിക്കുന്നത്. കുശിനഗറിലെ ഭൂമി വിറ്റ് അയോധ്യയില്‍ ഭൂമി വാങ്ങിയെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതില്‍ എനിക്ക് യാതൊരു പങ്കുമില്ല.

5. ഉമാധര്‍ ദ്വിവേദി (യുപി കേഡറിലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍. ഇപ്പോള്‍ ലഖ്‌നൗവില്‍ താമസം)
എംആര്‍വിടിയില്‍ നിന്ന് 39.04 ലക്ഷം രൂപയ്ക്ക് 2021 ഒക്ടോബര്‍ 23ന് ബര്‍ഹട്ടാ മാഞ്ജയില്‍ 1,680 ചതുരശ്ര മീറ്റര്‍ ഭൂമി വാങ്ങി. അവര്‍ക്കെതിരെ എന്തെങ്കിലും കേസ് നിലനില്‍ക്കുന്നുണ്ടോയെന്ന് അറിയില്ലെന്നാണ് പ്രതികരണം. ഭൂമി ഇടപാടില്‍ ജില്ലാ ഭരണകൂടത്തിന്റെ ഒരു സഹായവും സ്വീകരിച്ചിട്ടില്ലെന്നും ദ്വിവേദി കൂട്ടിച്ചേര്‍ക്കുന്നു. 

6. വേദ് പ്രകാശ് ഗുപ്ത, അയോധ്യ എം.എല്‍.എ 
പ്രകാശ് ഗുപ്തയുടെ അനന്തരവന്‍ തരുണ്‍ മിത്തല്‍ 2019 നവംബര്‍ 21ന് ബര്‍ഹട്ടാ മാഞ്ജയില്‍ 5,174 ചതുരശ്ര മീറ്റര്‍ ഭൂമി 1.15 കോടിക്ക് രേണു സിംഗില്‍നിന്നും സീമ സോണിയില്‍ നിന്നും വാങ്ങി. 2020 ഡിസംബര്‍ 29ന്, ക്ഷേത്ര സ്ഥലത്തുനിന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെ സരയൂ നദിക്ക് കുറുകെയുള്ള, മഹേഷ്പൂരില്‍ (ഗൊണ്ട) 14,860 ചതുരശ്ര മീറ്റര്‍ ഭൂമി 4 കോടിക്ക് ജഗദംബ സിംഗ്, ജദുനന്ദന്‍ സിംഗ് എന്നിവരില്‍ നിന്ന് വാങ്ങി.
എംഎല്‍എ ആയിരുന്ന നാല് വര്‍ഷത്തിനിടെ ഒരു ചെറിയ തുണ്ട് ഭൂമി പോലും വാങ്ങിയിട്ടില്ല. എന്നാല്‍, അയോധ്യയിലെ എംഎല്‍എ എന്ന നിലയില്‍, രാജ്യമെമ്പാടുമുള്ള ആളുകളെ അയോധ്യ സന്ദര്‍ശിക്കാനും ഭൂമി വാങ്ങാനും ഞാന്‍ ക്ഷണിക്കുന്നുണ്ട്. 
അവിടെ ഞങ്ങള്‍ക്ക് ഒരു ഗോശാലയുണ്ട്. ഇപ്പോള്‍ ഏകദേശം 20 പശുക്കളുണ്ട്. മഹേഷ്പൂരില്‍ നാലഞ്ചു പേര്‍ ചേര്‍ന്ന് ഭൂമി വാങ്ങിയിട്ടുണ്ട് എന്നായിരുന്നു തരുണ്‍ മിത്തലിന്റെ പിതാവും വേദ് പ്രകാശ് ഗുപ്തയുടെ സഹോദരനുമായ ചന്ദ്രപ്രകാശ് ഗുപ്ത പറഞ്ഞത്. 

7. ഋഷികേശ് ഉപാധ്യായ, മേയര്‍, അയോധ്യ
കോടതി വിധി വരുന്നതിന് രണ്ടുമാസം മുമ്പ് 2019 സെപ്റ്റംബര്‍ 18ന് ഹരീഷ് കുമാറില്‍ നിന്ന് 30 ലക്ഷത്തിന് 1,480 ചതുരശ്ര മീറ്റര്‍ ഭൂമി വാങ്ങി. 2018 ജൂലൈ 9ന്, പരമഹംസ് ശിക്ഷണ്‍ പ്രശിക്ഷന്‍ മഹാവിദ്യാലയത്തിന്റെ മാനേജര്‍ എന്ന നിലയില്‍, അയോധ്യയിലെ കാസിപൂര്‍ ചിറ്റവനത്തില്‍ 2,530 ചതുരശ്ര മീറ്റര്‍ രമേശില്‍ നിന്ന് 'സംഭാവന' ആയി സ്വന്തമാക്കി. ഔദ്യോഗിക രേഖകളില്‍ ഭൂമിയുടെ വില 1.01 കോടി.
തന്റെ ഭൂമി നേരത്തെ വിറ്റിരുന്നു. പിന്നീട് അത് ഹരീഷ് കുമാറില്‍നിന്ന് വീണ്ടും വാങ്ങി. കാസിപൂര്‍ ചിറ്റവനില്‍, 2006 മുതല്‍ അവിടെ നടത്തിവരുന്ന തന്റെ കോളേജിന് വേണ്ടിയാണ് സ്ഥലം വാങ്ങിയതെന്നും ഉപാധ്യായ പറയുന്നു. 

8. ആയുഷ് ചൗധരി, അയോധ്യയിലെ മുന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, ഇപ്പോള്‍ കാണ്‍പൂരില്‍
2020 മെയ് 28ന്, ചൗധരിയുടെ ബന്ധു ശോഭിത റാണി ആശാറാമില്‍ നിന്ന് 17.66 ലക്ഷത്തിന് അയോധ്യയിലെ ബിരൗലിയില്‍ 5,350 ചതുരശ്ര മീറ്റര്‍ ഭൂമി വാങ്ങി. 2019 നവംബര്‍ 28ന് ശോഭിത റാണി നടത്തുന്ന ആരവ് ദിശ കമല ഫൗണ്ടേഷന്‍ ദിനേശ് കുമാറില്‍ നിന്ന് 7.24 ലക്ഷത്തിന് അയോധ്യയിലെ മാലിക്പൂരില്‍ 1,130 ചതുരശ്ര മീറ്റര്‍ ഭൂമി വാങ്ങി.
റാണിയുമായോ ഫൗണ്ടേഷനുമായോ തനിക്ക് ബന്ധമില്ലെന്നാണ് ആയുഷ് ചൗധരി പറയുന്നത്. എന്നാല്‍, ആയുഷ് തന്റെ ഭാര്യയുടെ ബന്ധുവാണെന്നും തങ്ങളാണ് ഫൗണ്ടേഷന്‍ സ്ഥാപിച്ചതെന്നുമാണ് റാണിയുടെ ഭര്‍ത്താവ് രാം ജന്മ് വര്‍മ പറയുന്നത്. 

9. അരവിന്ദ് ചൗരസ്യ, സര്‍ക്കിള്‍ ഓഫീസര്‍, പ്രൊവിന്‍ഷ്യല്‍ പൊലീസ് സര്‍വീസ് ഓഫീസര്‍, ഇപ്പോള്‍ മീററ്റില്‍
2021 ജൂണ്‍ 21ന്, അയോധ്യയിലെ റാംപൂര്‍ ഹല്‍വാര ഉപര്‍ഹാര്‍ ഗ്രാമത്തില്‍ ഭൂപേഷ് കുമാറില്‍ നിന്ന് 126.48 ചതുരശ്ര മീറ്റര്‍ ഭൂമി 4 ലക്ഷം രൂപയ്ക്ക് അദ്ദേഹത്തിന്റെ ഭാര്യാപിതാവ് സന്തോഷ് കുമാര്‍ ചൗരസ്യ വാങ്ങി. 2021 സെപ്റ്റംബര്‍ 21ന്, അദ്ദേഹത്തിന്റെ ഭാര്യാമാതാവ് രഞ്ജന ചൗരസ്യ ഭാഗീരഥി എന്നയാളില്‍നിന്ന് 20 ലക്ഷം രൂപയ്ക്ക് കാര്‍ഖാനയില്‍ 279.73 ചതുരശ്ര മീറ്റര്‍ ഭൂമി വാങ്ങി.
തന്റെ ഭാര്യാപിതാവ് മതപരമായ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവര്‍ അയോധ്യയില്‍ ഒരു ആശ്രമം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു. ഭാര്യാമാതാവ് വിരമിച്ചശേഷം അവിടെ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് അരവിന്ദ് ചൗരസ്യ പറയുന്നത്. 

10. ഹര്‍ഷവര്‍ദ്ധന്‍ ഷാഹി, സംസ്ഥാന വിവരാവകാശ കമ്മീഷണര്‍
2021 നവംബര്‍ 18ന് ഭാര്യ സംഗീത ഷാഹിയും മകന്‍ സഹര്‍ഷ് കുമാര്‍ ഷാഹിയും അയോധ്യയിലെ സരൈരാസി മാഞ്ജയില്‍ 929.85 ചതുരശ്ര മീറ്റര്‍ ഭൂമി ഇന്ദ്രപ്രകാശ് സിംഗില്‍ നിന്ന് 15.82 ലക്ഷം രൂപയ്ക്ക് വാങ്ങി. ഇക്കാര്യം അദ്ദേഹം സമ്മതിക്കുന്നുമുണ്ട്. അയോധ്യയില്‍ ജീവിക്കണം. അവിടെ താമസിക്കുന്നതിനായാണ് ഭൂമി വാങ്ങിയത്. തന്റെ കുടുംബത്തിനായി അവിടെ വീട് നിര്‍മിക്കുമെന്നും അദ്ദേഹം പറയുന്നു. 

11. ബല്‍റാം മൗര്യ, സംസ്ഥാന ഒബിസി കമ്മീഷന്‍ അംഗം
2020 ഫെബ്രുവരി 28ന് ഗോണ്ടയിലെ മഹേഷ്പൂരില്‍ ജഗദംബയില്‍ നിന്നും ത്രിവേണി സിങ്ങില്‍ നിന്നും 50 ലക്ഷം രൂപയ്ക്ക് 9,375 ചതുരശ്ര മീറ്റര്‍ ഭൂമി വാങ്ങി. ചുറ്റും ആളുകള്‍ സ്ഥലം വാങ്ങുന്നതിനാല്‍, അവിടെയൊരു ഹോട്ടല്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മൗര്യ പ്രതികരിച്ചത്. അതിനായി ബാങ്കുകളില്‍നിന്ന് പണം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. 

12. ബദ്രി ഉപാധ്യായ, ഗഞ്ച ഗ്രാമത്തിലെ ലെഖ്പാല്‍, അടുത്തിടെ സ്ഥലംമാറി
2021 മാര്‍ച്ച് 8ന് ഉപാധ്യായയുടെ പിതാവ് വസിഷ്ഠ് നരേന്‍ ഉപാധ്യായ ശ്യാം സുന്ദറില്‍ നിന്ന് 3.50 ലക്ഷം രൂപയ്ക്ക് 116 ചതുരശ്ര മീറ്റര്‍ ഭൂമി ഗഞ്ചയില്‍ വാങ്ങി. ഭൂമി ഇടപാടുകള്‍ ആധികാരികമാക്കുന്ന റവന്യൂ ഉദ്യോഗസ്ഥനാണ് ലെഖ്പാല്‍. എന്നാല്‍, അതില്‍ മറ്റു താല്‍പര്യങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറയുന്നു. കൈയില്‍ പണമുണ്ട്. എവിടെയും ഭൂമി വാങ്ങാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

13. സുധാംശു രഞ്ജന്‍, ഗഞ്ച ഗ്രാമത്തിലെ റവന്യൂ ഉദ്യോഗസ്ഥന്‍
2021 മാര്‍ച്ച് 8ന് രഞ്ജന്റെ ഭാര്യ അതിഥി ശ്രീവാസ്തവ് 270 ചതുരശ്ര മീറ്റര്‍ ഭൂമി ഗഞ്ചയില്‍ 7.50 ലക്ഷം രൂപയ്ക്ക് വാങ്ങി. അതേസമയം, രഞ്ജന്‍ ഇക്കാര്യം നിഷേധിച്ചു. പക്ഷേ, ഭൂമി ഇടപാടിനെക്കുറിച്ച് നിങ്ങള്‍ ഭര്‍ത്താവിനോട് ചോദിക്കൂ എന്നാണ് അതിഥി പ്രതികരിച്ചത്. 

14. ദിനേശ് ഓജ, ഭാന്‍ സിംഗിന്റെ പേഷ്‌കാര്‍, എംആര്‍വിടിക്കെതിരായ കേസുകള്‍ കേള്‍ക്കുന്ന അസിസ്റ്റന്റ് റെക്കോര്‍ഡ് ഓഫീസര്‍.
2021 മാര്‍ച്ച് 15ന്, ഓജയുടെ മകള്‍ ശ്വേത ഓജ 2542 ചതുരശ്ര മീറ്റര്‍ ഭൂമി മഹരാജ്ദീനില്‍ നിന്ന് 5 ലക്ഷം രൂപയ്ക്ക് തിഹുറ മഞ്ജയില്‍ വാങ്ങി. ഈ ഗ്രാമവും ഭാന്‍ സിങ്ങിന്റെ പരിധിയില്‍ പെടുന്നു. അതേതമയം, ഭൂമി തര്‍ക്കമുള്ളതല്ലെന്നും തന്റെ പേരിലുള്ളതല്ലെന്നും ദിനേശ് ഓജ പറയുന്നു.

ആരോപണങ്ങളും തെളിവുകളുമായി കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങളും വിമര്‍ശനങ്ങളുമായി രംഗത്തെത്തി. മതത്തിന്റെ മറവില്‍ ഹിന്ദുത്വവാദികളുടെ കൊള്ളയടി എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. രാമ ക്ഷേത്രം പണിയാനുള്ള തടസങ്ങള്‍ നീങ്ങിയതോടെ എംഎല്‍എമാരും, മേയര്‍, ഡിഐജി, കമ്മീഷണര്‍മാരുടെ ബന്ധുക്കളും അയോധ്യയില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായുള്ള വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. അതേസമയം, രാമക്ഷേത്ര ട്രസ്റ്റിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ രേഖകളാണ് പ്രിയങ്ക ഗാന്ധി പുറത്തുവിട്ടത്. രണ്ടു കോടി വിലയുള്ള ഭൂമി രണ്ട് ഭാഗങ്ങളാക്കി എട്ടുകോടി രൂപയ്ക്കും 18.5 കോടി രൂപയ്ക്കും ട്രസ്റ്റ് വാങ്ങി എന്നതിന്റെ രേഖകളാണ് പ്രിയങ്ക പുറത്തുവിട്ടത്. 2017ലാണ് ഇടപാട് നടക്കുന്നത്. ഭൂമിയുടെ ഒരുഭാഗം ഉടമയില്‍ നിന്ന് ട്രസ്റ്റ് വാങ്ങിയത് എട്ട് കോടി രൂപയ്ക്കാണ്. 19 മിനിറ്റിനുള്ളില്‍ രണ്ടാം ഭാഗം രവി മോഹന്‍ എന്നയാള്‍ക്ക് ഉടമ രണ്ട് കോടി രൂപയ്ക്ക് വിറ്റു. അഞ്ച് മിനിറ്റ് കഴിഞ്ഞ് രവി മോഹന്‍ തിവാരി രണ്ട് കോടി വിലയുള്ള ഭൂമി 18.5 കോടി രൂപയ്ക്ക് രാമ ക്ഷേത്ര ട്രസ്റ്റിന് വിറ്റു. ഫലത്തില്‍ രണ്ട് കോടി രൂപ വിലയുള്ള ഭൂമി ട്രസ്റ്റ് എട്ട് കോടി രൂപ, 18.5 കോടി രൂപ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി വാങ്ങുകയും ആകെ 26.5 കോടി രൂപ നല്‍കുകയും ചെയ്തുവെന്നാണ് പ്രിയങ്ക ആരോപിച്ചത്. 

ലോകത്തില്‍ തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ ഭൂമിയുടെ വില ഉയര്‍ന്ന സംഭവം എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിങ് സുര്‍ജേവാലയുടെ പരിഹാസം. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാനുള്ള രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ശ്രമം വിജയിച്ചില്ല. ഇതുസംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ട് വായിച്ച ഖാര്‍ഗെയെ അധ്യക്ഷനായിരുന്ന വെങ്കയ്യ നായിഡു തടസപ്പെടുത്തുകയായിരുന്നു. അതേസമയം, ഭൂമി ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ ആവശ്യം.

മുഖം രക്ഷിക്കാന്‍ ബിജെപി
യുപിയില്‍ അടുത്തവര്‍ഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി തുടക്കമിട്ടതിനു പിന്നാലെയാണ് വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഭൂമി ഇടപാട് ആരോപണങ്ങള്‍ കൂടുതല്‍ വിവാദങ്ങളിലേക്കു പോകുന്നതിലെ അപകടം മനസിലാക്കിയ യോഗി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഭൂമി ഇടപാടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ റെവന്യൂ വകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘത്തിന് റെവന്യൂ വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. സമഗ്രം അന്വേഷണത്തിനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശമെന്ന് യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗാള്‍ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം. സ്പെഷ്യല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി (റവന്യൂ) മനോജ് കുമാര്‍ സിംഗും വ്യക്തമാക്കി.