കോവിഷീല്‍ഡ് അല്ല, പ്രശ്‌നം ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍; വ്യക്തത വേണമെന്ന് യുകെ

 
Covishield

വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ദേശീയ ഹെല്‍ത്ത് അതോറിറ്റി

ഇന്ത്യയുടെ പ്രതിഷേധത്തിനൊടുവില്‍ യാത്രാച്ചട്ടത്തില്‍ തിരുത്തലുമായി യുകെ. ഇന്ത്യന്‍ നിര്‍മിത കോവിഷീല്‍ഡ് അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. അതേസമയം, അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതിയില്‍ വിയോജിപ്പുണ്ടെന്നാണ് യുകെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. അതിനുശേഷമേ നിര്‍ബന്ധിത ക്വാറന്റൈന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, അത്തരമൊരു പ്രശ്‌നം നിലനില്‍ക്കുന്നില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രതികരണം.

നേരത്തെ, കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിക്കുന്നില്ലെന്ന വ്യവസ്ഥയാണ് യുകെ ഏര്‍പ്പെടുത്തിയത്. അതോടെ, ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡിന്റെ രണ്ട് ഡോസ് എടുത്തവര്‍ക്കും പത്ത് ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ പാലിക്കേണ്ടിവരുമായിരുന്നു. എന്നാല്‍, ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ അംഗീകരിക്കാതിരിക്കുന്നതിനെ ഇന്ത്യ ചോദ്യം ചെയ്തു. കോവിഷീല്‍ഡ് യുകെ കമ്പനിയുടെ ലൈസന്‍സുള്ള ഉല്‍പന്നമാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍, 50 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കിയിരുന്നു. എന്നിട്ടും ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് എടുത്തവരെ അംഗീകരിക്കാതിരിക്കുന്നത് വിവേചനമാണ്. യാത്രാച്ചട്ടം മാറ്റിയില്ലെങ്കില്‍ സമാനനയം ഇവിടെ സ്വീകരിക്കുമെന്നും ഇന്ത്യ ബ്രിട്ടനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് യാത്രാച്ചട്ടത്തില്‍ യുകെ മാറ്റം വരുത്തിയത്. 

എന്നാല്‍, ഇന്ത്യയുടെ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് പുതുതായി ഉയര്‍ന്നുവന്നിരിക്കുന്നത്. കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതിയിലാണ് യുകെയുടെ പൊരുത്തക്കേടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. അതില്‍ വ്യക്തത വരാതെ, ക്വാറന്റൈന്‍ ഒഴിവാക്കിയേക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ യാതൊരു പ്രശ്നവുമില്ലെന്നാണ് ദേശീയ ഹെല്‍ത്ത് അതോറിറ്റിയുടെ പ്രതികരണം. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് കോവിന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര വ്യോമയാന സംഘടനകളുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. യുകെ ഹൈകമ്മീഷണറും സംവിധാനം പരിശോധിച്ചിരുന്നതാണെന്നും ദേശീയ ഹെല്‍ത്ത് അതോറിറ്റി സിഇഒ ആര്‍.എസ് ശര്‍മ പ്രതികരിച്ചു.