നേതൃത്വത്തോട് ഇടഞ്ഞ് സിദ്ദുവും എതിര്‍ചേരിയില്‍ അമരീന്ദറും; പഞ്ചാബില്‍ നട്ടംതിരിഞ്ഞ് കോണ്‍ഗ്രസ്

 
Sidhu Amarinder

സിദ്ദുവിനെതിരായ അമരീന്ദറിന്റെ പോര്‍വിളി ദോഷം ചെയ്യുക കോണ്‍ഗ്രസിനെ

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. രാജ്യമെങ്ങും വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് അല്‍പമെങ്കിലും പ്രതീക്ഷ പുലര്‍ത്താവുന്ന സംസ്ഥാനം. എന്നാല്‍, കടുത്ത പ്രതിസന്ധിയാണ് പാര്‍ട്ടിയെ ചൂഴ്ന്നുനില്‍ക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള അധികാരത്തര്‍ക്കമാണ് പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നത്. അമരീന്ദറിനെ മാറ്റണമെന്ന ആവശ്യവുമായി എംഎല്‍എമാര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തെ സന്ദര്‍ശിക്കുന്നു. തുടര്‍ന്ന്, അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. പകരം, ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രിയായി. ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയെ അവരോധിച്ച്, ദളിത് സമൂഹത്തെ ഒപ്പം കൂട്ടാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് മുന്നോട്ടുപോകുമ്പോള്‍ സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവെക്കുന്നു. പിന്നാലെ, പിസിസി ട്രഷറും, രണ്ടു മന്ത്രിമാരും സ്ഥാനമൊഴിഞ്ഞു. രണ്ട് ദിവസങ്ങള്‍ക്കിടയിലെ അപ്രതീക്ഷിത സംഭവങ്ങളില്‍, ദിശയറിയാതെ ഉഴലുന്ന നാവികരെപ്പോലെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. 

മൂപ്പിളമ തര്‍ക്കം, മന്ത്രിസഭയില്‍നിന്ന് സിദ്ദുവിന്റെ രാജി
അമരീന്ദര്‍-സിദ്ദു മൂപ്പിളമ തര്‍ക്കത്തിന് സര്‍ക്കാരിന്റെ കാലത്തോളം പഴക്കമുണ്ട്. അമരീന്ദറിന്റെ ഏകാധിപത്യ നിലപാടുകള്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പിനിടയാക്കിയിരുന്നു. ഊര്‍ജമന്ത്രിയായിരുന്ന സിദ്ദുവിനും അതിന്റെ ഫലം അനുഭവിക്കേണ്ടിവന്നിരുന്നു. സിദ്ദുവിന്റെ ഭാര്യക്ക് അമൃത്സര്‍ ലോക്‌സഭ സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ അമരീന്ദര്‍ അത് അംഗീകരിച്ചില്ല. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശങ്ങള്‍ പോലും വകവെച്ചില്ല. ലോക്സഭയിലേക്ക് കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എംപിമാരുള്ള പഞ്ചാബില്‍ അമരീന്ദറിനെ പിണക്കാന്‍ ഹൈക്കമാന്‍ഡും ഇഷ്ടപ്പെട്ടില്ല. നഷ്ടം സിദ്ദുവിന് മാത്രമായി. അതോടെ തര്‍ക്കം രൂക്ഷമായി. മുഖ്യമന്ത്രിയായ അമരീന്ദറും ഊര്‍ജമന്ത്രിയായ സിദ്ദുവും നേര്‍ക്കുനേര്‍ പോരാടി. മന്ത്രിസഭയിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമായതോടെ, മന്ത്രിസഭ പുനസംഘടിപ്പിച്ചെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. അതോടെ, സിദ്ദു മന്ത്രിസ്ഥാനം രാജിവച്ചു. 

പിസിസി അധ്യക്ഷനായി സിദ്ദു, അമരീന്ദറിന്റെ രാജി
പാര്‍ട്ടി ദേശീയ നേതൃത്വത്തിന് സിദ്ദുവിനെയും പിണക്കാന്‍ കഴിയുമായിരുന്നില്ല. പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് സിദ്ദുവിനെ കൊണ്ടുവന്നു. അമരീന്ദറിന്റെ എതിര്‍പ്പുകള്‍ ഫലം കണ്ടതുമില്ല. പിസിസി അധ്യക്ഷനായി സിദ്ദു നിയമിതനായശേഷം, അമരീന്ദറിനെതിരെ കോണ്‍ഗ്രസില്‍നിന്നും ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം രൂക്ഷമായി. പലപ്പോഴും ഹൈക്കമാന്‍ഡ് ഇടപെടലില്‍ പ്രശ്നങ്ങള്‍ താല്‍ക്കാലികമായി പരിഹരിക്കപ്പെട്ടെങ്കിലും സിദ്ദു അതില്‍നിന്ന് പിന്മാറിയില്ല. സിഖ് മതഗ്രന്ഥം നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയതും സംസ്ഥാനത്ത് ലഹരിമരുന്ന് സംഘത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതും ഉയര്‍ത്തിക്കാട്ടി പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന പ്രതിഷേധത്തിനു പിന്നിലെ ബുദ്ധി സിദ്ദുവിന്റെയായിരുന്നു. പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗമായിരുന്നു അമരീന്ദര്‍ സര്‍ക്കാരിലെ യഥാര്‍ത്ഥ പ്രതിപക്ഷം. സിഖ് വിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ ഈ വിഭാഗത്തിനായി. പാകിസ്ഥാന്‍ സംസാരിക്കുന്നതുപോലെയാണ് സിദ്ദുവിന്റെ ഉപദേശകര്‍ സംസാരിക്കുന്നതെന്നും അത് നിയന്ത്രിക്കണമെന്നും അമരീന്ദറും ശബ്ദമുയര്‍ത്തി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്കുള്ളിലെ ഇത്തരം വാക്ക്‌പോരുകള്‍ ഗുണം ചെയ്യില്ലെന്ന് ഹൈക്കമാന്‍ഡ് ആവര്‍ത്തിച്ചു. അതിനിടെയാണ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് സംസ്ഥാനത്ത് നടത്തിയ സര്‍വേ പുറത്തുവരുന്നത്. അമരീന്ദറിന്റെ ജനപ്രീതി ഇടിഞ്ഞുവെന്നായിരുന്നു സര്‍വേഫലം. ഇത് അമരീന്ദര്‍ വിരുദ്ധ സംഘത്തിന് കൂടുതല്‍ ആവേശം പകര്‍ന്നു. അമരീന്ദറിനെ നീക്കണമെന്ന ആവശ്യം ശക്തമായി. സിദ്ദു പക്ഷം അതിനായി സമര്‍ദ്ദവും ചെലുത്തി. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് നാല് മന്ത്രിമാര്‍ ഉള്‍പ്പെടെ നാല്‍പ്പതിലധികം എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചു. 117 അംഗ പഞ്ചാബ് നിയമസഭയിലെ 80 കോണ്‍ഗ്രസ് അംഗങ്ങളില്‍ പകുതിയിലേറെ എംഎല്‍എമാര്‍ സിദ്ദുവിനൊപ്പമാണെന്ന് റിപ്പോര്‍ട്ടുകളും വന്നു. അമരീന്ദറിനെ മാറ്റിയില്ലെങ്കില്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് പോകുമെന്ന് എംഎല്‍എമാര്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം ഹൈക്കമാന്‍ഡ് അമരീന്ദറിനെ അറിയിച്ചു. അപമാനം സഹിച്ച് തുടരാനില്ലെന്ന് പ്രസ്താവിച്ച് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചന്നി, കണക്കുക്കൂട്ടലുകള്‍ തെറ്റി സിദ്ദു
അമരീന്ദര്‍ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ പുതിയ മുഖ്യമന്ത്രിക്കായി തിരക്കിട്ട ആലോചനകള്‍ നടന്നു. പലരുടെയും പേരുകള്‍ ഉയര്‍ന്നുകേട്ടു. മുതിര്‍ന്ന നേതാവും പിസിസി മുന്‍ അധ്യക്ഷനുമായിരുന്ന സുനില്‍ ഝക്കറുടെ പേരാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചത്. എന്നാല്‍, ഹിന്ദു ജാട്ട് വിഭാഗക്കാരനായ ഝക്കര്‍ മുഖ്യമന്ത്രിയാകുന്നതിനോട് അംബികാ സോണി അടക്കമുള്ള എംപിമാര്‍ വിയോജിച്ചു. നിരവധി എംഎല്‍എമാരും എതിര്‍പ്പറിയിച്ചു. ഒടുവില്‍ മുഖ്യമന്ത്രിയായി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവയെ പരിഗണിച്ചു. എന്നാല്‍, സിദ്ദു അതിനെ എതിര്‍ത്തു. രാപ്പകല്‍ ചര്‍ച്ചകള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ തീരുമാനം മാറ്റി. ചരണ്‍ജിത് സിംഗ് ചന്നി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രിയെന്ന പദവിയുമായി ചന്നി അധികാരത്തിലേറി. സംസ്ഥാനത്തെ 35 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകള്‍ അനുകൂലമാകുമെന്ന കോണ്‍ഗ്രസ് കണക്കുകൂട്ടലും ചന്നിക്ക് അനുകൂലമായി. ചാംകൗര്‍സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള ചന്നി അമരീന്ദര്‍ മന്ത്രിസഭയില്‍ ടൂറിസം-സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു.  

സിദ്ദുവിന്റെ മോഹഭംഗം, രാജി
അമരീന്ദറിനെതിരായ സിദ്ദുവിന്റെ നീക്കങ്ങള്‍ക്കെല്ലാം പിന്തുണ നല്‍കിയ നേതാവായിരുന്നു ചന്നി. പൊതുവെ സിദ്ദു പക്ഷത്തിന്റെ എതിര്‍പ്പുകള്‍ ഇല്ലാതിരുന്നതിനാലാണ് ചന്നിയെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതും. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നൊരു മോഹം സിദ്ദുവിന് ഉണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചകളിലൊന്നും സിദ്ദുവിന്റെ പേര് കാര്യമായി ഉയര്‍ന്നുവന്നതുമില്ല. മന്ത്രിമാരുടെ വകുപ്പ് നിര്‍ണയം, സംസ്ഥാന പൊലീസ് ചീഫ്, അഡ്വക്കേറ്റ് ജനറല്‍ എന്നിങ്ങനെ നിയമനങ്ങളിലും സിദ്ദുവിന്റെ അഭിപ്രായങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. റാണ ഗുര്‍ജിത് സിംഗിനെ മന്ത്രിസയാക്കിയത് സിദ്ദുവിനെ ചൊടിപ്പിച്ചു. മണല്‍ കടത്ത് വിവാദത്തെ തുടര്‍ന്ന് 2018ല്‍ അമരീന്ദര്‍ മന്ത്രിസഭയില്‍നിന്ന് രാജിവച്ചയാളാണ് റാണ ഗുര്‍ജിത്ത്. എന്നാല്‍ പിന്നീട് അന്വഷണ സമിതി അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഉപമുഖ്യമന്ത്രി രണ്‍ധാവയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കിയതിനോടും സിദ്ദുവിന് താല്‍പര്യക്കേടുണ്ടായിരുന്നു. നേരത്തെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്‍ധാവയെ പരിഗണിച്ചപ്പോഴും സിദ്ദു എതിര്‍ത്തിരുന്നു. അതൃപ്തി സിദ്ദു ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍, ഹൈക്കമാന്‍ഡും അതിനെ ഗൗരവമായി പരിഗണിച്ചില്ല. അതോടെയാണ് സിദ്ദു 72 ദിവസത്തെ പിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചത്. വ്യക്തിപരമായ പോരാട്ടമല്ല നടത്തുന്നത്. ആദര്‍ശത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്നായിരുന്നു സിദ്ദു സൂചിപ്പിച്ചത്. യാതൊരു വിട്ടുവീഴ്ചയുമില്ല. കറപുരണ്ട മന്ത്രിമാരെ വീണ്ടും മന്ത്രിസഭയില്‍ എടുത്തതിനെ അംഗീകരിക്കില്ല. കോണ്‍ഗ്രസുകാരനായി തുടരുമെന്നും സിദ്ദു പ്രതികരിച്ചു. 

രാജിക്കു പിന്നാലെ രാജി, ഞെട്ടിത്തരിച്ച് ഹൈക്കമാന്‍ഡ്
സിദ്ദുവിന്റെ അപ്രതീക്ഷിത രാജി ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചു. രാജി അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. എന്നാല്‍, പാര്‍ട്ടി ദേശീയ നേതൃത്വം ഞെട്ടാനിരിക്കുന്നേയുണ്ടായിരുന്നുള്ളൂ. സിദ്ദുവിനു പിന്നാലെ പിസിസി ട്രഷറര്‍ ഗുല്‍സന്‍ ചഹല്‍, മന്ത്രിമാരായ പര്‍ഗത് സിംഗ്, റസിയ സുല്‍ത്താന എന്നിവരും രാജിവച്ചു. ജലന്ധര്‍കണ്ഡ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് പര്‍ഗത് സിങ്. മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ മലര്‍കോട്ലയില്‍ നിന്നുള്ള റസിയ സുല്‍ത്താന, പഞ്ചാബ് നിയമസഭയിലെ ഏക മുസ്ലീം പ്രതിനിധി കൂടിയാണ്. സിദ്ദുവിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് രാജിയെന്നാണ് മുഖ്യമന്ത്രിക്കയച്ച രാജിക്കത്തില്‍ റസിയ വ്യക്തമാക്കിയത്. സിദ്ദുവിന്റെ അടുത്ത അനുയായിയാണ് റസിയ. ഭര്‍ത്താവും മുന്‍ ഐപിഎസ് ഓഫീസറുമായ മുഹമ്മദ് മുസ്തഫ സിദ്ദുവിന്റെ മുഖ്യ ഉപദേഷ്ടാവുമാണ്.

സിദ്ദുവിനെതിരെ അമരീന്ദര്‍, വെല്ലുവിളി കോണ്‍ഗ്രസിന് 
നിയമസഭാ തെരഞ്ഞെടുപ്പിന് നാലു മാസം മാത്രം ശേഷിക്കെയാണ് കോണ്‍ഗ്രസ് സമാനതകളില്ലാത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. ഇത്രകാലം പാര്‍ട്ടിയെ ശക്തിപ്പെടുത്തി നയിച്ച അമരീന്ദര്‍ പുറത്തായി. അമരീന്ദറിനെ പുറത്താക്കാന്‍ സര്‍വതന്ത്രങ്ങളും പയറ്റിയ സിദ്ദു പിസിസി അധ്യക്ഷസ്ഥാനവും ഒഴിഞ്ഞിരിക്കുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ രാജിയും വെച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാതവണ്ണം ഇതിനെയെല്ലാം എങ്ങനെ അതിജീവിക്കാമെന്ന ചിന്തയിലാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ അത് അത്രത്തോളം എളുപ്പമായിരിക്കില്ലെന്നാണ് അമരീന്ദറിന്റെ നീക്കങ്ങള്‍ നല്‍കുന്ന സൂചന. ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായും അമരീന്ദര്‍ ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. സൗഹൃദ സന്ദര്‍ശനമെന്നാണ് അമരീന്ദര്‍ അതിനെ വിശേഷിപ്പിച്ചത്. എന്നാല്‍, ഡല്‍ഹിയിലെത്തിയുള്ള കൂടിക്കാഴ്ച വെറുമൊരു സന്ദര്‍ശനമായി കണക്കാക്കാന്‍ കഴിയുന്നതല്ല. മാത്രമല്ല, സിദ്ദുവിനെതിരായ പോരാട്ടം അമരീന്ദര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സിദ്ദു സ്ഥിരതയില്ലാത്ത ആളാണെന്ന് താന്‍ പണ്ടേ പറഞ്ഞിരുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. അതിര്‍ത്തിസംസ്ഥാനമായ പഞ്ചാബിന് അദ്ദേഹം തീരെ യോജിച്ചയാളല്ലെന്നും അമരീന്ദര്‍ ട്വീറ്റ് ചെയ്തിരുന്നു. സിദ്ദുവിന് പാകിസ്ഥാന്‍ ബന്ധമുണ്ടെന്ന ആരോപണവും അദ്ദേഹം ആവര്‍ത്തിച്ചു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സിദ്ദുവിന്റെ സുഹൃത്താണ്. പാക് സൈനിക തലവന്‍ ജെന്‍ ഖാമര്‍ ജാവേദ് ബജ്‌വയുമായി അടുത്ത ബന്ധമുണ്ട്. സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. ഒരു കഴിവുമില്ലാത്തയാളാണ് സിദ്ദു. തന്റെ സര്‍ക്കാരിലെ ഒരു വലിയ ദുരന്തമായിരുന്നു അയാള്‍. അദ്ദേഹത്തിന് നല്‍കിയ ഒരു മന്ത്രാലയത്തിന്റെ ചുമതല പോലും നന്നായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. അടുത്ത മുഖ്യമന്ത്രിയുടെ മുഖമാകാനുള്ള അയാളുടെ ശ്രമത്തെ എതിര്‍ക്കുമെന്നും അമരീന്ദര്‍ വ്യക്തമാക്കിയിട്ടുണ്ട്. അമരീന്ദറിന്റെ പോര്‍വിളി സിദ്ദുവിനോടാണെങ്കിലും പഞ്ചാബില്‍ അത് ഏറ്റവും ബാധിക്കുക കോണ്‍ഗ്രസിനായിരിക്കും.