കോവിഷീല്‍ഡ് സ്വീകരിച്ചവരെയും വാക്‌സിന്‍ എടുത്തവരായി കാണില്ല; യുകെയുടെ പുതിയ യാത്രാചട്ടത്തിന്  രൂക്ഷവിമര്‍ശനം 

 
uk

ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ എടുത്തവരെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരായി കണക്കാക്കില്ലെന്ന യുകെയുടെ പുതിയ യാത്രാചട്ടം അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാലും
രാജ്യത്തെത്തിയാല്‍ പത്തുദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കണമെന്നുള്ള വ്യവസ്ഥയാണ് യുകെയുടേത്. ആഫ്രിക്ക, തെക്കേ അമേരിക്ക, യു.എ.ഇ., തുര്‍ക്കി, തായ്ലാന്‍ഡ്, ജോര്‍ദാന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്ന് വാക്‌സിനെടുത്തവര്‍ക്കും നിയമം ബാധകമാണ്. പുതുക്കിയ യാത്രച്ചട്ടം ഒക്ടോബര്‍ നാലിനു പുലര്‍ച്ചെ 4 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് യുകെ അറിയിച്ചിരിക്കുന്നത്. 

വെള്ളിയാഴ്ച ബ്രിട്ടീഷ് വാര്‍ത്താ വിശകലന വിദഗ്ധനായ അലക്‌സ് മാക്കിറാസാണ് പുതിയ നിയന്ത്രണം സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ഒപ്പം കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് യാത്രാഇളവും നല്‍കി. യുകെയുടെ നടപടിയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ സ്വന്തം പുസ്തകമായ ബാറ്റില്‍ ഓഫ് ബിലോങ്ങിങ്ങിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് കേംബ്രിജ് യൂണിയനില്‍ നടക്കുന്ന ചര്‍ച്ചയില്‍നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു.  രണ്ടു ഡോസും സ്വീകരിച്ച ഇന്ത്യക്കാരോട് ക്വാറന്റീനില്‍ പോകാനാവശ്യപ്പെടുന്നത് കുറ്റകരമാണെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. 

നടപടിക്ക് വംശീയവെറുപ്പിന്റെ ഗന്ധമാണ്. കോവിഷീല്‍ഡ് യഥാര്‍ഥത്തില്‍ ബ്രിട്ടനിലാണ് വികസിപ്പിച്ചതെന്നതും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ ആ രാജ്യത്തും വിതരണം ചെയ്യുന്നുണ്ടെന്നതും പരിഗണിക്കുമ്പോള്‍ വിചിത്രമാണിതെന്നും രാജ്യസഭാംഗം ജയറാം രമേശ് കുറിച്ചു. സോഷ്യല്‍ മീഡിയയിലെ പ്രതിഷേധത്തെ തുടര്‍ന്ന് ബ്രിട്ടന്‍ പ്രശ്‌നത്തില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ഇടപെടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. 

പുതിയ നിയന്ത്രണം വംശവിവേചനമാണെന്ന് വിമര്‍ശനം ശക്തമാകുകയാണ്.  ബ്രിട്ടനിലെ ഓക്‌സ്ഫഡ് യൂണിവേഴ്സിറ്റിയും ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനെക്കയും ചേര്‍ന്ന് വികസിപ്പിച്ച് പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനാണ് ബ്രിട്ടനില്‍ തന്നെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതിചെയ്യുന്ന വാക്‌സിന്‍ ബ്രിട്ടനിലും ഉപയോഗിക്കുന്നുണ്ട്.

യുകെ നിവാസികള്‍ക്ക് നല്‍കുന്ന ആസ്ട്രാസെനെക്ക വാക്‌സിന്‍ തന്നെയാണ് കോവിഷീല്‍ഡും ഒരേ മരുന്ന് ആണെന്നതിനാല്‍ യുകെയുടെ വിചിത്രമായ  നടപടികളെ നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് അലുമ്നി യൂണിയന്‍ യുകെ ചെയര്‍പേഴ്സണ്‍ സനം അറോറ
വിമര്‍ശിച്ചു. 'വിവേചനപരമായ നടപടി വിദ്യാര്‍ത്ഥികളെ അസ്വസ്ഥരാക്കുന്നു, ഇതിനര്‍ത്ഥം അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നും വരുന്നവരോട് വ്യത്യസ്തമായി പെരുമാറുന്നു എന്നാണ്, അവര്‍ പറഞ്ഞു. 

യുകെ സര്‍ക്കാര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ 'പണ പശുക്കളായി' കാണുന്നത് നിര്‍ത്താന്‍ സമയമായി. 'ഈ ഇരട്ട മാനദണ്ഡങ്ങള്‍ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടും സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നു, ഇന്ത്യന്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ യുകെ പ്രസിഡന്റ് അമിത് തിവാരി പറഞ്ഞു, പല രാജ്യങ്ങളുടെയും വാക്‌സിനുകള്‍ക്കെതിരെ യുകെ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് വളരെ പ്രധാനമാണ് ... പ്രത്യേകിച്ചും യുകെയുടെ അതേ  വാക്‌സിന്‍ നല്‍കുന്ന രാജ്യങ്ങള്‍, ഏവിയേഷന്‍ അനലിസ്റ്റ് അലക്‌സ് മാഷെറസ് ട്വീറ്റ് ചെയ്തു

നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍, സൈഡസ് കാഡില, മൊഡേണ, സ്പുട്നിക് വി, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഓക്‌സ്ഫഡ്-ആസ്ട്രാ സെനെക്ക (എ.സെഡ്.ഡി.1222) എന്നീ ഏഴു വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍ അംഗീകാരം. 10 വാക്‌സിനുകള്‍ പരീക്ഷണഘട്ടത്തിലാണ്.