റാഫേല്‍ ഇടപാട്: കോണ്‍ഗ്രസും പ്രതിരോധത്തില്‍; ഇടനിലക്കാരന്‍ 65 കോടി കൈപ്പറ്റിയത് 2007-12 കാലയളവില്‍

 
Rafale

കൃത്യമായ വിവരം ലഭിച്ചിട്ടും സിബിഐയും ഇഡിയും അന്വേഷിച്ചില്ല

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട അതിനിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമം മീഡിയപാര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാടിലെ ഇടനിലക്കാരന് കൈക്കൂലി ലഭിച്ചെന്ന വിവരം അറിഞ്ഞിട്ടും ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ മൗനം പാലിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയും ഫ്രഞ്ച് വിമാനനിര്‍മാണ കമ്പനിയായ ദസ്സോയും തമ്മിലുള്ള കരാറിന് ഇടനിലക്കാരനായ സുഷിന്‍ ഗുപ്തയ്ക്ക് 65 കോടിയോളം (7.5 മില്യണ്‍ യൂറോ) രൂപ കൈക്കൂലി നല്‍കിയിരുന്നു. റഫാല്‍ ഇടപാടിന്റെ പ്രാഥമിക ചര്‍ച്ചകളുടെ കാലംമുതല്‍ സുഷിന്‍ ഗുപ്തയ്ക്ക് പണം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച എല്ലാ രേഖകളും സിബിഐയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ലഭിച്ചിരുന്നു. റഫാല്‍ ഇടപാട് സിബിഐ അന്വേഷിക്കണമെന്ന പരാതി മുന്നിലുണ്ടായിരുന്നിട്ടും അന്വേഷണം നടത്താന്‍ ഏജന്‍സികള്‍ തയ്യാറായില്ലെന്നും മീഡിയപാര്‍ട്ട് പറയുന്നു.യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രിനെയും പ്രതികൂട്ടിലാക്കുന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ യുപിഎ സര്‍ക്കാരാണ് തുടങ്ങിവെച്ചത്. എന്നാല്‍, 2016ല്‍ നരേന്ദ്ര മോദി സര്‍ക്കാരാണ് കരാര്‍ പുതുക്കി ഒപ്പുവെച്ചത്. ദസ്സോ നിര്‍മിച്ച 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യയും ഫ്രാന്‍സും 7.8 ബില്യണ്‍ യൂറോയുടെ കരാറാണ് ഒപ്പിട്ടത്. അതേസമയം, 2007-2012 കാലയളവിലാണ് സുഷിന്‍ ഗുപ്തയ്ക്ക് ദസ്സോ പണം നല്‍കിയത്. റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള വിലപേശലുകള്‍ക്കായി പ്രതിരോധമന്ത്രാലയം നിയോഗിച്ച ഇന്ത്യന്‍ നെഗോഷ്യേറ്റിങ് ടീം (ഐഎന്‍ടി) നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചോര്‍ത്തിനല്‍കിയതിനുള്ള പ്രതിഫലമാണ് സുഷിന് ലഭിച്ചത്. ഇന്റര്‍സ്റ്റെല്ലാര്‍ ടെക്‌നോളജീസ് എന്ന പേരില്‍ മൊറീഷ്യസിലുള്ള പേപ്പര്‍ കമ്പനിക്കാണ് ദസ്സോ പണം കൈമാറിയത്. വ്യാജ ബില്ലുകളിലൂടെയായിരുന്നു ഇടപാടുകള്‍. ബില്ലുകളില്‍ ദസ്സോ എന്ന പേരുപോലും തെറ്റായിട്ടാണ് എഴുതിയിരുന്നതെന്നും മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

സുഷിന്‍ ഗുപ്തയ്ക്ക് കൈക്കൂലി നല്‍കിയതിന്റെ എല്ലാ രേഖകളും 2018 ഒക്ടോബര്‍ 11ന് മൗറീഷ്യസിലെ അറ്റോണി ജനറലിന്റെ ഓഫീസ് സിബിഐയ്ക്കും ഇഡിക്കും അയച്ചിരുന്നു. റാഫേല്‍ ഇടപാട് സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരുന്ന സമയത്താണ് രേഖകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്. എന്നാല്‍, അന്വേഷണം നടത്താന്‍ ഏജന്‍സികള്‍ തയ്യാറായില്ലെന്ന് മീഡിയ പാര്‍ട്ട് ആരംഭിക്കുന്നു. ഇതേനാളുകളിലാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ തിടുക്കപ്പെട്ട് നീക്കിയെന്ന കാര്യവും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം. കൈക്കൂലി നല്‍കിയതിന്റെ വിവരങ്ങള്‍ ലഭിച്ച് രണ്ടാഴ്ചക്കുള്ളില്‍, അര്‍ധരാത്രി ഇറങ്ങിയ ഉത്തരവിലൂടെയാണ് അലോക് വര്‍മയെ നീക്കിയത്. അലോക് റഫാല്‍ ഇടപാടില്‍ അന്വേഷണം നടത്തിയേക്കുമെന്ന് മനസിലാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ നീക്കിയതെന്ന് അന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

യുഎസ് പൗരത്വമുള്ള ഇന്ത്യാക്കാരനാണ് സുഷിന്‍ ഗുപ്ത. യുപിഎ, എന്‍ഡിഎ ഭരണകാലങ്ങൡ വന്‍കിട പ്രതിരോധ ഇടപാടുകളില്‍ ഇടനിലക്കാരനായിരുന്നു. യുപിഎ ഭരണകാലത്തെ 3600 കോടി രൂപയുടെ അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് അഴിമതിയിലും സുഷിന്‍ ഗുപ്ത ഉള്‍പ്പെട്ടിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2019 മാര്‍ച്ചില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു, പിന്നീട് ജാമ്യത്തിലിറങ്ങി. വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ ഇറ്റാലിയന്‍ കമ്പനി അഗസ്ത വെസ്റ്റ്ലാന്‍ഡില്‍നിന്ന് 12 ഹെലികോപ്റ്റര്‍ വാങ്ങാനായിരുന്നു കരാര്‍. അഴിമതി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കരാര്‍ റദ്ദാക്കുകയായിരുന്നു. ദസ്സോയുടെ ഇന്ത്യയില്‍ നിന്നുള്ള സബ് കോണ്‍ട്രാക്ടറായ ഡെഫിസിസ് സൊലൂഷന്‍സ് എന്ന കമ്പനിയുമായും സുഷിന്‍ ഗുപ്തയ്ക്ക് ബന്ധമുണ്ട്. പ്രതിരോധ മന്ത്രാലയത്തിലെ ഏഴംഗ ഐഎന്‍ടി സംഘം തയ്യാറാക്കിയ രഹസ്യ റിപ്പോര്‍ട്ടുകള്‍ സുഷിന്‍ ദസ്സോയ്ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഎന്‍ടി തങ്ങളുടേതായ വഴിക്ക് ഫ്രഞ്ച് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് ഇന്ത്യയുടെ നീക്കങ്ങള്‍ ദസ്സോ മനസിലാക്കിക്കൊണ്ടിരുന്നത്. ചര്‍ച്ചകളില്‍ അതിനനുസരിച്ചുള്ള വാദങ്ങളും കണക്കുകളും നിരത്തി ഉയര്‍ന്ന വിലയ്ക്ക് ദസ്സോ കരാര്‍ സ്വന്തമാക്കി. അതിനുള്ള പ്രതിഫലമാണ് ദസ്സോ സുഷിന്‍ ഗുപ്തയ്ക്ക് നല്‍കിയതെന്ന സംശയം ബലപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് മീഡിയപാര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

റഫാല്‍ ഇടപാടില്‍ വ്യാപക ക്രമക്കേട് നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ മീഡിയ പാര്‍ട്ട് പലതവണയായി പുറത്തുവിട്ടിരുന്നു. ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജന്‍സിയായ ഏജന്‍സെ ഫ്രാന്‍സൈസ് ആന്റികറപ്ഷന്‍ (എഎഫ്എ) ദസ്സോ കമ്പനിയില്‍ നടത്തിയ ഓഡിറ്റിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യത്തിന്റെയും നീതിവ്യവസ്ഥയ്ക്കും ഭരണകൂടത്തിനും നേരെ ചോദ്യമുയര്‍ത്തുന്ന അഴിമതിയെക്കുറിച്ചുള്ള അന്വേഷണം എന്ന മുഖവുരയോടെ യാന്‍ ഫിലിപ്പിനാണ് രേഖകള്‍ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത്. 2016ല്‍ കരാര്‍ ഉറപ്പിച്ചതിനുപിന്നാലെ ദസ്സോയുടെ ഇന്ത്യയില്‍ നിന്നുള്ള സബ് കോണ്‍ട്രാക്ടറായ ഡെഫിസിസ് സൊലൂഷന്‍സ് എന്ന ഇന്ത്യന്‍ കമ്പനിക്ക് ഏകദേശം 8.77 കോടി രൂപ കൈമാറിയിരുന്നു. റഫാല്‍ ജെറ്റിന്റെ 50 കൂറ്റന്‍ മോഡലുകള്‍ നിര്‍മിക്കാനാണ് തുക കൈമാറിയതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ ഇത്തരത്തിലുള്ള മോഡലുകള്‍ നിര്‍മിച്ചത് ഉള്‍പ്പെടെ സാധൂകരിക്കുന്ന തെളിവുകളോ വിവരങ്ങളോ നല്‍കാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. 2017ലെ കണക്കുകളില്‍ ഇടപാടുകള്‍ക്കുള്ള സമ്മാനമായി ഏകദേശം 4.39 കോടി രൂപ ചെലവഴിച്ചതായി കാണുന്നുണ്ടെങ്കിലും അതിന് രേഖകളുണ്ടായിരുന്നില്ല. റഫാല്‍ മോഡലുകള്‍ക്കായി കൂടുതല്‍ തുകയാണ് ദസ്സോ വിലയിട്ടിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മീഡിയപാര്‍ട്ട് റിപ്പോര്‍ട്ടിനു പിന്നാലെ, റഫാല്‍ ഇടപാടിലെ സാമ്പത്തിക ക്രമക്കേടും അഴിമതിയും അന്വേഷിക്കാന്‍ ഫ്രാന്‍സ് നടപടിയെടുത്തിരുന്നു. ഫ്രഞ്ച് ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുകയാണ്. കരാര്‍ സമയത്ത് പ്രസിഡന്റ് ആയിരുന്ന ഫ്രാന്‍സ്വെ ഒലന്ദ്, മുന്‍ ധനമന്ത്രിയും നിലവിലെ പ്രസിഡന്റുമായ ഇമ്മാനുവല്‍ മാക്രോണ്‍, മുന്‍ പ്രതിരോധമന്ത്രിയും ഇപ്പോള്‍ വിദേശമന്ത്രിയുമായ ജീന്‍ യവിസ് എല്‍ഡ്രിയാന്‍ എന്നിവര്‍ക്കെതിരെയാണ് ജുഡീഷ്യല്‍ അന്വേഷണം. സാമ്പത്തിക കുറ്റകൃത്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന 'ഷെര്‍പ' നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫ്രാന്‍സിലെ ദേശീയ പ്രോസിക്യൂഷന്‍ ഏജന്‍സി (പിഎന്‍എഫ്) തലവന്‍ ജീന്‍ ഫ്രാങ്കോയിസ് ബൊണേര്‍ട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍, റഫാല്‍ ഇടപാടിന്റെ പ്രാഥമിക ചര്‍ച്ചകളുടെ കാലംമുതല്‍ സുഷിന്‍ ഗുപ്തയ്ക്ക് പണം ലഭിച്ചിരുന്നെന്ന കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടും ഇന്ത്യയിലെ ഏജന്‍സികള്‍ പ്രാഥമിക അന്വേഷണത്തിനു പോലും തയ്യാറായില്ലെന്നാണ് ആരോപണം. റഫാല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്നു കാട്ടി സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും ഇതേ സമയത്തായിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്കും രാജ്യാന്തര ഇടപാടുകളിലെ ഇടനിലക്കാര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന ആരോണപങ്ങള്‍ക്ക് ശക്തി പകരുന്നതാണ് മീഡിയപാര്‍ട്ടിന്റെ പുതിയ റിപ്പോര്‍ട്ട്. 

യുപിഎ സര്‍ക്കാരില്‍, 2007ല്‍ എ.കെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെയാണ് റാഫേല്‍ കരാറിന്റെ തുടക്കം. മിഗ് വിമാനങ്ങള്‍ വേഗം തകര്‍ന്നടിയുന്നതും മിറാഷ് 200 യുദ്ധ വിമാനങ്ങള്‍ക്ക് പഴക്കമേറുകയും ചെയ്തതോടെയാണ് പുതിയ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുന്നത്. 31 സ്‌ക്വാഡ്രണ്‍ (ഒരു സ്‌ക്വാഡ്രണില്‍ 18 വിമാനങ്ങള്‍) വിമാനങ്ങള്‍ എന്നത് 45 ആയി ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. അതിനായി, ഏഴ് സ്‌ക്വാഡ്രണ്‍ അഥവാ 126 യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ച്  ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു. ഏറ്റവും കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ നല്‍കിയ ദസ്സോയുമായി ചര്‍ച്ച നടത്തി 2012ല്‍കരാര്‍ ഉറപ്പിച്ചു. 18 വിമാനങ്ങള്‍ കമ്പനി പൂര്‍ണമായും നിര്‍മിച്ച് നല്‍കും. ബാക്കി 108 വിമാനങ്ങള്‍ ബംഗളൂരുവിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്ക്‌സ് ലിമിറ്റഡുമായി (എച്ച്എഎല്‍) ചേര്‍ന്ന് സംയുക്തമായി നിര്‍മിക്കാനും ധാരണയായി. ഇവയുടെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാനും 2014ല്‍ ധാരണയായിരുന്നു. എന്നാല്‍, യുപിഎ സര്‍ക്കാര്‍ മാറി, നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വന്നതോടെ, കരാര്‍ പുതുക്കി. ആദ്യ ധാരണയില്‍ ഒരു വിമാനത്തിന്റെ വില 8.095 കോടി ഡോളറായിരുന്നു. പുതിയ കരാറില്‍ അത് 24.17 കോടി ഡോളറായി ഉയര്‍ന്നു. 126 വിമാനങ്ങള്‍ എന്നത് 36 ആയി ചുരുങ്ങുകയും ചെയ്തു. 2022ഓടെ 36 യുദ്ധവിമാനങ്ങള്‍ കൈമാറണം എന്നായിരുന്നു കരാര്‍. 

നിരവധി വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും കരാര്‍ കാരണമായി. 2018 ഡിസംബറില്‍, ഇടപാടിനെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജികളെത്തി. എന്നാല്‍, ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. കരാര്‍ നല്‍കുന്നതിലേക്ക് നയിക്കുന്ന (തീരുമാനമെടുക്കല്‍) പ്രക്രിയയെ സംശയിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു കോടതിയുടെ അഭിപ്രായം. 2019 നവംബറില്‍, ഈ വിഷയത്തില്‍ റിവ്യൂ ഹര്‍ജികള്‍ തള്ളി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാന ആയുധമായിരുന്നു റഫാല്‍ ഇടപാട്. എന്നാല്‍ യുപിഎ കാലം മുതലേ, സുഷിന്‍ ഗുപ്ത ഇടപാടിന്റെ ഇടനിലക്കാരനായി രംഗത്തുണ്ടായിരുന്നെന്ന നിര്‍ണായക വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കരാര്‍ സംബന്ധിച്ച പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കങ്ങളും ഐഎന്‍ടി ചര്‍ച്ചകളുടെ ഉള്ളടക്കവും സുഷിന്‍ ചോര്‍ത്തി നല്‍കിയതിനാണ് സുഷിന് പണം ലഭിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുപിഎ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്നതാണ് ഏറ്റവും പുതിയ മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട്. റഫാല്‍ ഇടപാടിന്റെ പേരില്‍ നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരെ പാര്‍ലമെന്റിലും പുറത്തും കടുത്ത വിമര്‍ശനം ഉന്നയിച്ച നേതാവാണ് രാഹുല്‍ ഗാന്ധി. അതിനാല്‍, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന അഴിമതി ആരോപണത്തിന് രാഹുല്‍ മറുപടി നല്‍കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. 'യുപിഎ ഭരണകാലത്ത് എല്ലാ ഇടപാടുകള്‍ക്കിടയിലും അവര്‍ക്ക് മറ്റൊരു ഇടപാടും ഉണ്ടായിരുന്നു. എന്നിട്ടും അവര്‍ക്കൊരു കരാറുണ്ടാക്കാമോ നടപ്പാക്കാനോ കഴിഞ്ഞില്ല എന്നതില്‍ അത്ഭുതപ്പെടാനില്ല. എന്തുകൊണ്ടാണ് റഫാല്‍ ഇടപാടില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുന്നതെന്ന് ഇറ്റലിയില്‍നിന്നുള്ള രാഹുല്‍ തന്നെ പറയട്ടെ. യുപിഎ സര്‍ക്കാര്‍ ഭരണത്തിലിരുന്ന 2007-2012 കാലഘട്ടത്തിലാണ് ഈ ഇടപാട് നടന്നതെന്ന് തെളിഞ്ഞിരിക്കുന്നു, ഇടനിലക്കാരന്റെ പേരും പുറത്തുവന്നിരിക്കുന്നു' എന്നാണ് ബിജെപി വക്താവ് സാംബിത് പത്രയുടെ പ്രതികരണം. അതേസമയം, മോദി സര്‍ക്കാരും സിബിഐയും എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റും ചേര്‍ന്നു നടത്തിയ ഗുഢാലോചനയുടെ ഭാഗമാണ് പുതിയ റിപ്പോര്‍ട്ടെന്നാണ് രാഹുലും പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചിരിക്കുന്നത്.