'ജിഡിപി വളര്‍ച്ച എന്നാല്‍ ഗ്യാസ്, ഡീസല്‍, പെട്രോള്‍ വിലവര്‍ധന'; പരിഹാസവുമായി രാഹുല്‍ ഗാന്ധി

 
rahul gandhi

ഗാര്‍ഹിക പാചക വാതകം, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലവര്‍ധനയില്‍  കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ധന നികുതി ഇനത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ  സര്‍ക്കാര്‍ 23 ലക്ഷം കോടി രൂപ നേടിയെന്നും  'ജിഡിപി വളര്‍ച്ച എന്നാല്‍ ഗ്യാസ്, ഡീസല്‍, പെട്രോള്‍ എന്നിവയുടെ വില വര്‍ധന'യാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. 

''ജിഡിപി ഉയരുന്നുവെന്ന് മോദി ജി പറഞ്ഞുകൊണ്ടിരിക്കുന്നു, ജിഡിപി ഉയരുന്നതായി ധനമന്ത്രി പറയുന്നു. ജിഡിപി എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലായി. അതിന്റെ അര്‍ത്ഥം 'ഗ്യാസ്-ഡീസല്‍-പെട്രോള്‍' എന്നാണ്. '' രാഹുല്‍ ഗാന്ധി പത്രസമ്മേളനത്തില്‍ പറഞ്ഞു. 2014 ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരം വിട്ടപ്പോള്‍ എല്‍പിജി സിലിണ്ടറിന് 410 രൂപയായിരുന്നു വിലയെന്നും അദ്ദേഹം അവകാശപ്പെട്ടു.

''ഇന്ന്, സിലിണ്ടറിന് 885 രൂപയാണ് - 116 ശതമാനം വര്‍ധനവ്. 2014 ല്‍ പെട്രോള്‍ ലിറ്ററിന് 71.5 രൂപയായിരുന്നു, ഇന്ന് അത് 101 രൂപയായി - 42 ശതമാനം വര്‍ധനവ്. 2014 ല്‍ ഡീസല്‍ ലിറ്ററിന് 57 രൂപയായിരുന്നു, ഇന്നത്തേത് ലിറ്ററിന് 88 രൂപ'' വര്‍ധനവ് ചൂണ്ടികാണിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ധനയുണ്ടെന്ന് ആളുകള്‍ക്ക് വാദിക്കാമെന്നും എന്നാല്‍ യുപിഎ ഭരണകാലത്തും  വില കൂടുതലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

കഴിഞ്ഞ 7 വര്‍ഷത്തിനിടെ വിചിത്രമായ ഒരു കാര്യം നമ്മള്‍ കാണുന്നു. സര്‍ക്കാര്‍ ഒരു വശത്തു ധന സമ്പാദനത്തെ പ്രോത്സാഹിക്കുന്നു, മറുവശത്തു ധന സമ്പാദനം ഇല്ലാതാക്കുകയും ചെയ്യുന്നു. കര്‍ഷകര്‍, കൂലിവേല ചെയ്തു ജീവിക്കുന്നവര്‍, സമൂഹത്തിലെ അവശത അനുഭവിക്കുന്ന ആളുകള്‍, ചെറുകിട കച്ചവടക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവരുടെ ധനസമ്പാദനമാണ് ഇല്ലാതാക്കുന്നത്. നരേന്ദ്ര മോദിയുടെ നാലോ അഞ്ചോ വ്യവസായ സുഹൃത്തുക്കളുടെ ധനസമ്പാദനം മാത്രം പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.