രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തൂ; 'ജന്‍ കി ബാത്തി'നായി രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം

 
രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തൂ; 'ജന്‍ കി ബാത്തി'നായി രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം

കോവിഡ് വ്യാപനം അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ഭരണ സംവിധാനങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.മഹാമാരിയെ നേരിടുന്നതില്‍ ഭരണ സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി കോവിഡിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കേണ്ടത് പാര്‍ട്ടിയുടെ കടമയാണെന്നും പറഞ്ഞു.

കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ ഭരണ സംവിധാനങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ 'ജന്‍ കി ബാത്ത്' ചെയ്യാന്‍ സമയമായതായും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് ജനസേവനത്തിനിറങ്ങാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ഗാന്ധി ആഹ്വാനം ചെയ്തു. ഇതാണ് കോണ്‍ഗ്രസ് കുടുംബത്തിന്റെ ധര്‍മമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ 'മന്‍ കി ബാത്ത്' പരിപാടിക്കു പിന്നാലെയായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഓക്‌സിജന്‍, ഐസിയു എന്നിവയുടെ ക്ഷാമത്തിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കോവിഡ് വ്യാപന വേളയില്‍ ഒട്ടേറെ പേരുടെ മരണത്തിന് ഇടയാക്കിയത് ഇവയുടെ ക്ഷാമമാണെന്നും അദ്ദേഹം പറഞ്ഞു.