'രാഹുലും പ്രിയങ്കയും എന്റെ കുട്ടികളെ പോലെ'; ചരണ്‍ജിത് സിംഗിന്റെ മുഖ്യമന്ത്രിപദത്തില്‍ സംശയിച്ച് അമരീന്ദര്‍ സിംഗ്

 
rahul

പഞ്ചാബ് മുഖ്യമന്ത്രിയാകാന്‍ നവ്ജോത് സിംഗ് സിദ്ദുവിനെ അനുവദിക്കില്ലെന്ന് രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അമരീന്ദര്‍ സിംഗ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള വഴിക്ക് വീതി കൂട്ടുക മാത്രമാണ്  ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കുന്നതിന് പിന്നിലുണ്ടായിരുന്നതെന്നാണ് അമരീന്ദര്‍ സിംഗ് പറഞ്ഞത്. സിദ്ദുവിനെ മുഖ്യമന്ത്രി പദത്തിലെത്തിക്കാതിരിക്കാന്‍ താന്‍ അദ്ദേഹത്തിനെതിരെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും അമരീന്ദര്‍ പറഞ്ഞു. 

പാര്‍ട്ടിയിലെ ആഭ്യന്തര കലഹങ്ങള്‍ക്കിടയില്‍ അമരീന്ദര്‍ സിംഗ് ശനിയാഴ്ചയാണ് രാജിവെച്ചത്. തനിക്കെതിരെ പാര്‍ട്ടിയില്‍ നിന്നുണ്ടായ നീക്കത്തില്‍ ഏറെ അപമാനിതനായിയെന്ന് വെളിപ്പെടുത്തിയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നിറങ്ങിയത്. പാര്‍ട്ടി ഹൈക്കമാന്‍ഡിന് തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതില്‍ ഏറെ വേദനയുണ്ടായെന്നും അദ്ദേഹം പ്രതികരിച്ചു. അമരീന്ദര്‍ സിംഗിനെ അറിയാതെ അദ്ദേഹത്തെ മാറ്റുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍  കോണ്‍ഗ്രസ് നേതൃത്വം അടിയന്തര നിയമസഭാ കക്ഷി യോഗം വിളിച്ചതിന്  പിന്നാലെയാണ് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കൂടിക്കാഴ്ചയ്ക്ക് മുമ്പ് അമരീന്ദര്‍ സിംഗ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജി സര്‍പ്പിക്കുകയായിരുന്നു.  ശനിയാഴ്ച രാവിലെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ തന്റെ തീരുമാനം അറിയിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു.

ചരണ്‍ജിത് സിംഗ് ചന്നിയെ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം  മൂന്നാഴ്ച മുമ്പ് താന്‍ മുഖ്യമന്ത്രയി പദവിയില്‍ നിന്ന് രാജിവെക്കാന്‍ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും എന്നാല്‍  ആ സമയത്ത് തന്നോട് തുടരാന്‍ ആവശ്യപ്പെടുകയായിരുന്നുരെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.  മൂന്നാം തവണയാണ് താന്‍ പാര്‍ട്ടിയില്‍ അപമാനിക്കപ്പെടുന്നതെന്നും ഇനിയും അപമാനം സഹിച്ച് തുടരാനാകില്ലെന്നും അമരീന്ദര്‍ സോണിയയെ അറിയിച്ചതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. 

ഇപ്പോള്‍ പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ പരോക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് അമരീന്ദര്‍ സിംഗ്. ''പ്രിയങ്കയും രാഹുലും എന്റെ കുട്ടികളെപ്പോലെയാണ്. ഇത് ഇങ്ങനെ അവസാനിക്കാന്‍ പാടില്ലായിരുന്നു. എന്നെ ഏറെ വേദനിപ്പിച്ചു, അമരീന്ദര്‍ സിംഗ് പറഞ്ഞു.  ' ഗാന്ധി കുട്ടികള്‍ക്ക്' അനുഭവ പരിചയം വളരെ കുറവാണെന്നും ഉപദേശകരാണ് അവരെ തെറ്റിദ്ധരിപ്പിക്കുന്നതെന്നുമാണ് അമരീന്ദര്‍ പറഞ്ഞത്. ജനങ്ങള്‍ തന്റെ സര്‍ക്കാരില്‍ സന്തുഷ്ടരായിരുന്നപ്പോള്‍, എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പിന് അടുത്തിരിക്കെ മാറ്റിയതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു.

നേരത്തെ അമരീന്ദറിന്റെ രാജി ആവശ്യപ്പെട്ട് ഒരു കൂട്ടം എം.എല്‍.എമാരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് അമരീന്ദര്‍ രാജിവെക്കുന്നത്. അമരീന്ദറും സിദ്ദുവും തമ്മില്‍ നേരത്തെ തന്നെ അഭിപ്രായവ്യത്യാസം ഉണ്ട്. അമരീന്ദറിന്റെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് കോണ്‍ഗ്രസ് നേതൃത്വം സിദ്ദുവിനെ അധ്യക്ഷനാക്കിയത്.

അമരീന്ദറിന്റെ എതിര്‍പ്പിനെ അവഗണിച്ച് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തിയപ്പോള്‍ അമരീന്ദര്‍ സിംഗും നവ്ജോത് സിദ്ദുവും തമ്മിലുള്ള ശീതയുദ്ധം ശക്തമായിരുന്നു. സിദ്ദുവിന്റെ ഉപദേഷ്ടാക്കള്‍ പൊതുവായ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് അമരീന്ദര്‍ സിംഗ് തടഞ്ഞു. പരസ്പരമുള്ള ഏറ്റുമുട്ടലിനിടെ  അമരീന്ദറിന് 60 ഓളം എംഎല്‍എമാരുടെ പിന്തുണ നഷ്ടമാകുകയും  ഇത് പഞ്ചാബില്‍ ഒറ്റരാത്രികൊണ്ട് കാര്യങ്ങള്‍ കീഴ്‌മേല്‍ മറയുകയായിരുന്നു. 

അമരീന്ദറിന്റെ രാജിക്ക് ഒരു ദിവസത്തിന് ശേഷം ഞായറാഴ്ചയാണ് ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എന്നാല്‍ സിദ്ദുവിന്റെ നേതൃത്വത്തില്‍ പഞ്ചാബ് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന്  കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് വ്യക്തമാക്കിയത് അമരീന്ദറിനെ വീണ്ടും ചൊടിപ്പിച്ചു. ഇതിന് പിന്നാലെ സിദ്ദുവിനെതിരെ കടുത്ത ആരോപണങ്ങളുമായി അമരീന്ദര്‍ എത്തുകയായിരുന്നു. 

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സിദ്ദുവിന്റെ സുഹൃത്താണെന്നും പാക് സൈനിക തലവന്‍ ജെന്‍ ഖാമര്‍ ജാവേദ് ബജ്വയുമായി സിദ്ദുവിന് ബന്ധങ്ങളുണ്ടെന്നുമാണ് അദ്ദേഹം ആരോപിച്ചത്. സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമരീന്ദര്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായ സിദ്ദുവിനെ  'കഴിവില്ലാത്തവന്‍' എന്നാണ് അമരീന്ദര്‍ വിശേഷിപ്പിച്ചത്. ''നവജോത് സിംഗ് സിദ്ദു ഒരു കഴിവില്ലാത്ത ആളാണ്, അവന്‍ ഒരു ദുരന്തം ആകും. അടുത്ത മുഖ്യമന്ത്രിയുടെ മുഖമാകാനുള്ള അയാളുടെ ശ്രമത്തെ എതിര്‍ക്കും. അദ്ദേഹത്തിന് പാകിസ്ഥാനുമായി ബന്ധമുണ്ട്. അത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകും ...: അമരീന്ദര്‍ സിംഗ് പറഞ്ഞു.