ഉച്ചഭാഷിണി സംബന്ധിച്ച വിവാദം; മുസ്ലിങ്ങള്‍ ഈദ് സന്തോഷത്തോടെ ആഘോഷിക്കട്ടെയെന്ന് രാജ് താക്കറെ

ഈദ് ആഘോഷിക്കുന്നതില്‍ മുസ്ലിങ്ങള്‍ക്ക് ഒരു തടസ്സവും ഉണ്ടാകരുതെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. തന്റെ പാര്‍ട്ടി അംഗങ്ങളെ അഭിസംബോധന ചെയ്ത ട്വീറ്റില്‍, അക്ഷയ തൃതീയ ഉത്സവത്തോടനുബന്ധിച്ച് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ ഒരേ ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന 'മഹാ ആരതി' റദ്ദാക്കാന്‍ താക്കറെ ആവശ്യപ്പെട്ടു.

മെയ് 3 നകം മഹാരാഷ്ട്ര സര്‍ക്കാര്‍ പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന ആവശ്യപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് താക്കറെയുടെ പ്രസ്താവന. മുസ്ലിം സമൂഹം സന്തോഷത്തോടെ ആഘോഷിക്കുന്ന ദിവസമാണിത്. നേരത്തെ തീരുമാനിച്ചത് പോലെ ഈ ദിവസം ആരതി ആഘോഷിക്കരുത്. ലൗഡ്സ്പീക്കറിന്റെ പ്രശ്നം മതപരമല്ലെന്നും സാമൂഹികമാണെന്നും താക്കറെ പറഞ്ഞു.
''നിങ്ങള്‍ പള്ളികളില്‍ നിന്ന് ഉച്ചഭാഷിണിയില്‍ ആസാന് വായിച്ച് ശല്യമുണ്ടാക്കുകയാണെങ്കില്, ഞങ്ങള്‍ ആ പള്ളികള്‍ക്ക് പുറത്ത് ഹനുമാന് ചാലിസ ഉച്ചത്തില്‍ വായിക്കും,'' മയ് 1 ന് ഔറംഗബാദില്‍ നടന്ന റാലിയില്‍ താക്കറെ ഇങ്ങനെ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയില്‍ കലാപം ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. മുസ്ലിങ്ങളും നന്നായി മനസ്സിലാക്കേണ്ടതുണ്ടെന്നും താക്കറെ പറഞ്ഞിരുന്നു.
ഉച്ചഭാഷിണിയുടെ കാര്യം മതപരമായ സ്വഭാവമല്ലെന്നും അത് ഒരു സാമൂഹിക പ്രശ്നമാണെന്നും താക്കറെ ട്വിറ്ററില്‍ പറഞ്ഞു. ലൗഡ് സ്പീക്കര്‍ പ്രശ്നത്തെക്കുറിച്ച്, ഞങ്ങള്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ വഴി അറിയിക്കുമെന്നുമാണ് താക്കറെയുടെ ട്വീറ്റ്. ഏപ്രില്‍ രണ്ടിനാണ് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് താക്കറെ ആദ്യം ആവശ്യപ്പെട്ടത്. അതിനുശേഷം താക്കറെയും ബിജെപി അംഗങ്ങളും പള്ളികളില്‍ ഉച്ചഭാഷിണി നിരോധിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
വിഷയത്തില്‍ പ്രതിഷേധം അറിയിച്ചിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടിന് പുറത്ത് ഹനുമാന് ചാലിസ ചൊല്ലുമെന്ന് എംപി നവനീത് റാണയും അവരുടെ ഭര്‍ത്താവും എംഎല്‍എയുമായ രവി റാണയും ഭീഷണി മുഴക്കിയതോടെയാണ് വിഷയം രൂക്ഷമായത്. രണ്ട് നേതാക്കള്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി ഏപ്രില്‍ 24ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംസ്ഥാന സര്‍ക്കാരിന് അന്ത്യശാസനം നല്കാന് ആര്‍ക്കും കഴിയില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.