കര്‍ഷകസമരത്തിന് വിദേശഫണ്ട്, രാകേഷ് ടികായത്ത് കൊള്ളക്കാരനെന്ന് ബിജെപി എംപി
 

 
d

സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാവ് രാകേഷ് ടികായത്തിനെ 'കൊള്ളക്കാരന്‍' എന്ന് വിമര്‍ശിച്ച് ബിജെപി എംപി. കര്‍ഷകസമരങ്ങളുടെ മറവില്‍ വിദേശ ഫണ്ടുകള്‍ വാങ്ങിക്കൂട്ടുന്ന തീവെട്ടിക്കൊള്ളക്കാരനാണ് ടിക്കായത് എന്നാണ് ബഹ്റൈച്ച് എം.പിയായ അക്ഷയ്‌വര്‍ ലാല്‍ പറഞ്ഞത്.  ​ യോഗി ആദിത്യനാഥ്​ സർക്കാർ നാലരവർഷം പൂർത്തിയായതിന്‍റെ ആഘോഷചടങ്ങിൽ സംസാരിക്കുകയായിരുന്നു എം.പി.

‘ടികായത്ത് തീവെട്ടിക്കൊള്ളക്കാരനാണ്. കര്‍ഷകരുടെ ഭാഗത്ത് നിന്നും ഒരു പ്രശ്‌നവുമില്ല. ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ മുഴുവന്‍ സിക്കിസ്ഥാനില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള രാഷ്ട്രീയക്കാര്‍ മാത്രമാണ്,’ അക്ഷയ്‌വര്‍ പറഞ്ഞു. 'കാനഡ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽനിന്നാണ്​ ഇവർക്ക്​ ഫണ്ട്​ വരുന്നത്​. ഈ പണം തീവ്രവാദ ഫണ്ടിങ്ങിനുള്ളതാണ്​. ഏജൻസികൾ ഇത്​ അന്വേഷിക്കുന്നുണ്ട്​' -എം.പി ആരോപിച്ചു. പ്രക്ഷോഭകരെ കുറിച്ചുള്ള യഥാർഥ വസ്​തുത ജനങ്ങൾക്ക്​ അറിയാ​മെന്നും അക്ഷയ്​വാർ പറഞ്ഞു.

യഥാർഥ കർഷകരാണ്​ പ്രക്ഷോഭം നടത്തുന്നതെങ്കിൽ രാജ്യത്ത്​ ഭക്ഷ്യവസ്​തുക്കൾക്ക്​ ക്ഷാമമുണ്ടാകുമായിരുന്നു. പച്ചക്കറികൾ, പാൽ, ധാന്യങ്ങൾ, പഴവർഗങ്ങൾ തുടങ്ങിയവയും മാർക്കറ്റിൽ എത്തുമായിരുന്നില്ല -അക്ഷയ്​വാർ പറഞ്ഞു.

ഒന്‍പത് മാസം മുന്‍പാണ് പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഡല്‍ഹിയിലെത്തി പ്രതിഷേധമാരംഭിക്കുന്നത്. താങ്ങുവിലയടക്കമുള്ള കര്‍ഷകന്റെ അടിസ്ഥാന അവകാശങ്ങള്‍ എടുത്തുകളഞ്ഞ് ഈ രംഗത്തെ പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കാനുള്ള ശ്രമമാണ് ഈ കാര്‍ഷികവിരുദ്ധ നിയമങ്ങളെന്നും ഇവ പിന്‍വലിച്ചേ മതിയാകൂ എന്നുമാണ് കര്‍ഷകരുടെ ആവശ്യം.