'കൂട്ടിലടച്ച തത്ത'യെ തുറന്നുവിടൂ; സിബിഐയ്ക്ക് പ്രത്യേക നിയമം വേണമെന്ന് മദ്രാസ് ഹൈക്കോടതി

 
Madras HC
സ്വയംഭരണാധികാരം ഉറപ്പു വരുത്തുന്ന നടപടികളുണ്ടാകണം

തെരഞ്ഞെടുപ്പ് കമ്മീഷന്‍, സിഎജി എന്നിവയെപ്പോലെ സിബിഐയെയും കൂടുതല്‍ സ്വതന്ത്രമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. സിബിഐയ്ക്ക് കൂടുതല്‍ അധികാരവും അധികാര പരിധിയും നല്‍കുന്ന തരത്തില്‍ പ്രത്യേക നിയമം എത്രയുംവേഗം കൊണ്ടുവരണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 'കൂട്ടിലടച്ച തത്തയെ' സ്വതന്ത്രമാക്കാനുള്ള ശ്രമമെന്ന നിലയ്ക്കാണ് നിരീക്ഷണവും ഉത്തരവുമെന്ന് ജസ്റ്റിസുമാരായ എന്‍. കൃപാകരന്‍, ബി പുകളേന്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. 2013ല്‍ സുപ്രീംകോടതിയാണ് സിബിഐയെ 'കൂട്ടിലടച്ച തത്ത' എന്ന് വിശേഷിപ്പിച്ചത്. 

രാമനാഥപുരം ജില്ലയില്‍ നടന്ന ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. കേസ് സിബിഐയ്ക്ക് വിടാന്‍ കോടതി തയ്യാറായില്ലെങ്കിലും പൊതുജനങ്ങള്‍ക്ക് സിബിഐയിലുള്ള വിശ്വാസം ചൂണ്ടിക്കാട്ടിയാണ് ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ നടത്തിയത്. സെന്‍സിറ്റീവായ കേസുകളിലും, പൊലീസ് അന്വേഷണം ശരിയായി നടക്കാതിരിക്കുമ്പോഴും സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ദിനംപ്രതി ഇത്തരം ആവശ്യം വര്‍ധിക്കുകയാണ്. എന്നാല്‍, സിബിഐ അന്വേഷണത്തിനായി നിരന്തരം കേസുകള്‍ കൈമാറിയിട്ടും, മതിയായ സൗകര്യമോ ആള്‍ബലമോ ഇല്ലാത്തതിനാല്‍ യഥാസമയം അന്വേഷണം നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ട്. അന്വേഷണത്തിലും അത് പ്രതിഫലിക്കും. സിബിഐ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ട സമയമാണിത്. വിദഗ്ധരെ ഉള്‍പ്പെടുത്തിയും അത്യാധുനിക ഗാഡ്‌ജെറ്റുകള്‍ ലഭ്യമാക്കിയും സിബിഐയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. 

സിബിഐക്ക് പ്രത്യേക ബജറ്റ് വിഹിതം ലഭ്യമാക്കണം. സ്വയംഭരണാധികാരം ഉറപ്പു വരുത്തുന്നതിനുള്ള നടപടികളുണ്ടാകണം. സിബിഐയുടെ അധികാരം, അധികാര പരിധി എന്നിവ സംബന്ധിച്ച് പ്രത്യേകം നിയമം കൊണ്ടുവരണം. ചീഫ് സെക്രട്ടറി പദവി പോലെ അധികാരമുള്ള പദവി സിബിഐയ്ക്കും നല്‍കേണ്ടതുണ്ട്. പ്രധാനമന്ത്രിക്കോ മന്ത്രിക്കോ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലുള്ള അധികാരവും സിബിഐയ്ക്ക് നല്‍കേണ്ടതുണ്ട്. യുഎസിലെ എഫ്ബിഐ, യുകെയിലെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് എന്നിവയെപ്പോലെ അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.