'മതംമാറ്റത്തിലൂടെ ജാതി മാറില്ല; മതം മാറിയതിന്റെ പേരില്‍ മാത്രം മിശ്ര വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ല'

 
Madras HC

മതംമാറ്റത്തെത്തുടര്‍ന്ന് ലഭിക്കുന്ന സമുദായ സര്‍ട്ടിഫിക്കറ്റ് മാത്രമായി പരിഗണിക്കരുത്

മതപരിവര്‍ത്തനത്തിലൂടെ വ്യക്തിയുടെ ജാതി മാറുന്നില്ലെന്നും മതം മാറിയെന്ന പേരില്‍ മാത്രം മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നും മദ്രാസ് ഹൈക്കോടതി. ഒരു പ്രത്യേത ജാതിയില്‍പ്പെട്ടവനായിരിക്കെ മതം മാറിയതിനെത്തുടര്‍ന്ന് മറ്റൊരു സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ പേരില്‍ ഇന്റര്‍-കാസ്റ്റ് വിവാഹ സര്‍ട്ടിഫിക്കറ്റ് അവകാശപ്പെടാന്‍ വ്യക്തിക്ക് അര്‍ഹതയില്ലെന്ന് ജസ്റ്റിസ് എസ്.എം സുബ്രഹ്‌മണ്യന്‍ പറഞ്ഞു. ഒരു മതത്തില്‍നിന്ന് മറ്റൊരു മതത്തിലേക്കു മാറുമ്പോഴും ഒരു വ്യക്തിയുടെ ജാതിയില്‍ മാറ്റം വരുന്നില്ല. അതിനാല്‍ മതം മാറിയതിന്റെ അടിസ്ഥാനത്തിലുള്ള സമുദായ സര്‍ട്ടിഫിക്കറ്റ് മാത്രം പരിഗണിച്ച് മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്ന് കോടതി വിധിയില്‍ പറഞ്ഞു. 

ആദി ദ്രാവിഡര്‍ സമുദായത്തില്‍ പെട്ടയാള്‍ ഹിന്ദു അരുന്ധതിയാര്‍ സമുദായത്തില്‍ പെട്ടയാളെ വിവാഹം കഴിച്ചു. ഇരു സമുദായവും പട്ടികജാതിയില്‍ പെട്ടതാണ്. എന്നാല്‍, പിന്നീട് ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ പരാതിക്കാരന് ഒബിസി സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. എന്നാല്‍, തങ്ങള്‍ക്ക് ഇന്റര്‍-കാസ്റ്റ് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. മിശ്ര വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മന്‍ഡാമസ് റിട്ടാണ് ഫയല്‍ ചെയ്തത്. തനിക്ക് ഒബിസി സമുദായ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്നും പങ്കാളി പട്ടികജാതിയില്‍ പെട്ടതിനാലും ഇന്റര്‍-കാസ്റ്റ് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ പൊതു ജോലികളില്‍ മുന്‍ഗണന ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍ ജസ്റ്റിസ് സുബ്രഹ്‌മണ്യം ഹര്‍ജി നിരസിച്ചു. ഇന്റര്‍-കാസ്റ്റ് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ ഉദ്ദേശ്യവും ലക്ഷ്യവും ചില ക്ഷേമ പദ്ധതികള്‍ ലഭ്യമാക്കുക എന്നതാണ്. അത്തരം സാഹചര്യങ്ങളില്‍ പിന്നാക്കവിഭാഗം, പട്ടികജാതി, ഏറ്റവും പിന്നോക്ക വിഭാഗങ്ങള്‍, മറ്റു വിഭാഗങ്ങള്‍ എന്നിങ്ങനെയുള്ള വര്‍ഗീകരണം ഇന്റര്‍-കാസ്റ്റ് അവകാശപ്പെടാനുള്ള അടിസ്ഥാനമല്ല. മിശ്ര വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ക്ഷേമ പദ്ധതികള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി, പങ്കാളികളില്‍ ഒരാള്‍ പട്ടികജാതിയിലും മറ്റേയാള്‍ മറ്റൊരു ജാതിയിലും ഉള്‍പ്പെടുന്നുവെങ്കില്‍ മാത്രമേ ഇന്റര്‍-കാസ്റ്റ് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂവെന്നും ജസ്റ്റിസ് സുബ്രഹ്‌മണ്യം വ്യക്തമാക്കി. 

അതേസമയം, പങ്കാളികളിലൊരാള്‍ പട്ടികജാതിയില്‍ പെട്ടതാണെങ്കില്‍, ഇന്റര്‍-കാസ്റ്റ് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന 1976ലെ സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍, 1997ല്‍ സാമൂഹ്യ ക്ഷേമ വകുപ്പ് കത്ത് മുഖേന ഇന്റര്‍-കാസ്റ്റ് വിവാഹം സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടുള്ളതാണെന്നും ഹര്‍ജിക്കാരന്റെ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. മതപരിവര്‍ത്തനവും അതിനെത്തുടര്‍ന്ന് ലഭിക്കുന്ന സമുദായ സര്‍ട്ടിഫിക്കറ്റും ഇന്റര്‍-കാസ്റ്റ് വിവാഹ സര്‍ട്ടിഫിക്കറ്റിന് ആധാരമല്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരവരും പട്ടികജാതിയില്‍പെട്ടവരായതിനാല്‍, ആവശ്യപ്പെട്ട സര്‍ട്ടിഫിക്കറ്റിന് അര്‍ഹരല്ലെന്ന റവന്യൂ ഇന്‍സ്‌പെക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കി.