'മോദിയുടെ സുരക്ഷാവീഴ്ച രാഷ്ട്രീയ നാടകം, കാരണം ആളില്ലാ കസേരകള്‍'

 
PM Punjab
കൊമ്പുകോര്‍ത്ത് കോണ്‍ഗ്രസും ബിജെപിയും 

പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയിലേക്കുള്ള യാത്രക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിന് സംഭവിച്ച സുരക്ഷാവീഴ്ചയില്‍ കൊമ്പുകോര്‍ത്ത് കോണ്‍ഗ്രസും ബിജെപിയും. സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങിയിരിക്കെ, വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇരു കക്ഷികളും. സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ പ്രധാനമന്ത്രിയെ അപായപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം, ഫിറോസ്പുരിലെ റാലിയില്‍ ജനപങ്കാളിത്തമില്ലെന്ന് തിരിച്ചറിഞ്ഞതോടെ ബിജെപി പുറത്തെടുത്ത രാഷ്ട്രീയ നാടകമായിരുന്നു സുരക്ഷാ വീഴ്ചയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ആളൊഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്റെ മറുപടി. റാലിയില്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന വീഡിയോകളുമായി ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പേ, പഞ്ചാബ് രാഷ്ട്രീയം ദേശീയതലത്തില്‍ പോലും ചര്‍ച്ചയാകുകയാണ്.  

ഫിറോസ്പുരിലെ ഹുസൈനിവാലിയിലുള്ള ദേശീയ രക്തസാക്ഷി സ്മാരകത്തിലെ ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി മോദി എത്തിയത്. കനത്ത മഴയെത്തുടര്‍ന്ന് കാലാവസ്ഥ പ്രതികൂലമായതോടെ, ഹെലികോപ്റ്റര്‍ ഒഴിവാക്കി റോഡ് മാര്‍ഗം പോകാന്‍ പോകാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. ഇക്കാര്യം അറിയിച്ചതോടെ, യാത്രയ്ക്ക് സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് പഞ്ചാബ് ഡിജിപി വ്യക്തമാക്കി. അതനുസരിച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം യാത്ര തുടങ്ങി. എന്നാല്‍, ഉച്ചയോടെ ചടങ്ങ് നടക്കുന്ന വേദിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ, പിയരിയാന ഗ്രാമത്തിലെ ഫിറോസ്പുര്‍-മോഗ്ര റോഡിലെ മേല്‍പ്പാലത്തില്‍ വാഹനവ്യൂഹം എത്തിയപ്പോള്‍ കര്‍ഷകസമരക്കാര്‍ റോഡ് തടഞ്ഞു. സുരക്ഷാസംഘം മേല്‍പ്പാലത്തില്‍ വാഹനവ്യൂഹത്തിന് സുരക്ഷാവലയം തീര്‍ത്തെങ്കിലും, കൂടുതല്‍ കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിയേക്കുമെന്ന കണക്കുക്കൂട്ടലില്‍ യാത്രയും ചടങ്ങും റദ്ദാക്കി പ്രധാനമന്ത്രി മടങ്ങി. 20 മിനുറ്റോളമാണ് പ്രധാനമന്ത്രി മേല്‍പ്പാലത്തില്‍ കുടുങ്ങിയത്. 

Also Read : പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ പ്രതിഷേധക്കാര്‍ ആരാണ്? ബിജെപി വാദം തെറ്റ്? 

പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ മതിയായ സുരക്ഷ ഒരുക്കിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപി നേതാക്കളുടെയും ആരോപണം. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ബ്ലൂ ബുക്കിലെ നിര്‍ദേശങ്ങള്‍ പഞ്ചാബ് സര്‍ക്കാര്‍ അവഗണിച്ചെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം. അടിയന്തര സാഹചര്യം കണക്കിലെടുത്ത്, ബദല്‍ സംവിധാനങ്ങള്‍ സജ്ജമായിരിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ അത്തരമൊരു സംവിധാനവും സംസ്ഥാന പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. പ്രതിഷേധ സാധ്യത സംബന്ധിച്ച് രഹസ്യാന്വേഷണ സംഘം നല്‍കിയ മുന്നറിയിപ്പും മുഖവിലക്കെടുത്തില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനാല്‍ റോഡ് ഒഴിയണമെന്ന് അവസാന നിമിഷം പഞ്ചാബ് പൊലീസ് ആവശ്യപ്പെട്ടിരുന്നുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് സുര്‍ജീത്ത് സിംഗ് ഫൂല്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍, അവര്‍ കള്ളം പറയുകയാണെന്നാണ് കരുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്. കാര്യങ്ങളെ വളരെ ലാഘവത്തോടെയാണ് പഞ്ചാബ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമമാണുണ്ടായതെന്ന് സ്മൃതി ഇറാനി ആരോപിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷാകാര്യത്തില്‍ കൈവിട്ടനില അനുവദിക്കാനാകില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം. പ്രധാനമന്ത്രിയോട് ചെയ്ത തെറ്റിന് കോണ്‍ഗ്രസ് ഉന്നതനേതൃത്വം രാജ്യത്തോട് മാപ്പുപറയണം. വീഴ്ചവരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അമിത് ഷാ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. സംഭവത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ ആരോപണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഭയക്കുന്ന കോണ്‍ഗ്രസ്, പ്രധാനമന്ത്രിയുടെ പരിപാടികള്‍ അട്ടിമറിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണെന്നായിരുന്നു നദ്ദയുടെ ആരോപണം. അതേസമയം, ജീവനോടെ ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ തിരികെയെത്താന്‍ കഴിഞ്ഞതില്‍ നിങ്ങളുടെ മുഖ്യമന്ത്രിയെ നന്ദി അറിയിച്ചേക്കൂ എന്നായിരുന്നു പരിഹാസത്തില്‍ കലര്‍ന്ന മോദിയുടെ പ്രതികരണം. 

സംഭവത്തില്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിക്കെതിരെ രംഗത്തെത്തിയവരില്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ഉണ്ടായിരുന്നു. സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഛന്നി മുഖന്ത്രിസ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്ന് ബിജെപിയോട് അടുത്തുനില്‍ക്കുന്ന അമരീന്ദര്‍ സിംഗ് പ്രതികരിച്ചു. പാക് അതിര്‍ത്തിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാത്രം അകലെ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഛന്നിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും അമരീന്ദര്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയില്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് പിസിസി മുന്‍ പ്രസിഡന്റ് സുനില്‍ ഝാക്കറും രംഗത്തെത്തി.

അതേസമയം, സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നതില്‍നിന്ന് ബിജെപി നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നാണ് ഛന്നിയുടെ പ്രതികരണം. ഹെലികോപ്റ്ററിലായിരുന്നു പ്രധാനമന്ത്രി പോകേണ്ടിയിരുന്നത്. റോഡ് മാര്‍ഗമുള്ള യാത്ര പെട്ടെന്നാണ് നിശ്ചയിച്ചത്. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. എന്നാല്‍ റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന കാര്യവും റൂട്ട് മാറ്റിയ കാര്യവും അറിയിച്ചിരുന്നില്ല. അതേസമയം, ഫിറോസ്പുരിലെ റാലിക്കായി 70,000 കസേരകള്‍ നിരത്തിയെങ്കിലും 700 പേര്‍ മാത്രമാണ് എത്തിയതെന്നും ഛന്നി കൂട്ടിച്ചേര്‍ത്തു. റാലിയില്‍ ആളില്ലെന്നുകണ്ട് ബിജെപി നടത്തിയ രാഷ്ടീയനാടകമാണ് സുരക്ഷാവീഴ്ചയെന്ന ആരോപണം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഏറ്റുപിടിച്ചു. കേട്ടുകേള്‍വിയില്ലാത്ത രാഷ്ട്രീയനാടകമാണ് അരങ്ങേറിയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. പഞ്ചാബ് ജനത ബിജെപിയെ തിരസ്‌കരിച്ചിരിക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ യുപിയില്‍ ഉള്‍പ്പെടെ ബിജെപി തിരസ്‌കരിക്കപ്പെടും. അഞ്ച് സംസ്ഥാനങ്ങളില്‍ ഇല്ലാതാവുമെന്ന ഭയമാണ് ബിജെപിക്കെന്നും സുര്‍ജേവാല ആരോപിച്ചു. 

Also Read : പ്രതികളെ ഇടിക്കാനുള്ള അധികാരം പൊലീസിനുണ്ടോ?

ഫിറോസ്പുരിലെ രക്തസാക്ഷി സ്മാരകത്തില്‍ ഒഴിഞ്ഞുകിടക്കുന്ന കസേരകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ പ്രചാരണം ശക്തമാക്കിയിരിക്കുന്നത്. റാലിക്കെത്തിയ ആളുകള്‍ മഴ പെയ്തതോടെ സ്ഥലം വിട്ടതുകൊണ്ടാണ് പ്രധാനമന്ത്രി മോദി തിരിച്ചു പോയതെന്നാണ് ഇവരുടെ വാദം. അതേസമയം, കോണ്‍ഗ്രസ് ആരോപണങ്ങളെ തള്ളി ബിജെപി അനുയായികളും രംഗത്തെത്തിയിട്ടുണ്ട്. റാലിക്കായി ആളുകള്‍ എത്തിയതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചുകൊണ്ടാണ് ബിജെപിയുടെ മറുപടി. ബിജെപി കോണ്‍ഗ്രസ് ഭയക്കുന്നുണ്ടെന്നാണ് അവരുടെ വാദം. കര്‍ഷക സംഘടനകളും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ നാടകമാണ് വഴി തടയല്‍. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോലും മുഖ്യമന്ത്രി എത്താതിരുന്നത് ചൂണ്ടിക്കാട്ടിയാണ് ആരോപണം. എന്നാല്‍, കൂടെ ഇടപഴകിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്വാറന്റൈനിലാണെന്നാണ് മുഖ്യമന്ത്രി ഛന്നിയുടെ മറുപടി. 

നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വീണുകിട്ടിയ അവസരത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ബിജെപിയും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും ബിജെപി സര്‍ക്കാരിന്റെ കാര്‍ഷിക നയവും കര്‍ഷകരോടുള്ള മനോഭാവവുമൊക്കെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോഴത്തെ ഈ വഴിതടയല്‍. അതിനെ ഏറ്റുപിടിച്ച് മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍, സുരക്ഷാവീഴ്ച വിശദീകരിച്ച് കോണ്‍ഗ്രസിനെതിരായ വികാരം ആളിക്കത്തിക്കാനാണ് ബിജെപിയുടെ ശ്രമം.