സ്കൂള്‍ നിയമന കുംഭകോണം: ബംഗാള്‍ മന്ത്രിയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട് 'മിനി ബാങ്ക്', അറിയേണ്ടതെല്ലാം

സ്കൂള്‍ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ഥ ചാറ്റര്‍ജി തന്റെ അടുത്ത സഹായി അര്‍പിത മുഖര്‍ജിയുടെ വീട് മിനി ബാങ്കായി ഉപയോഗിച്ചിരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്(ഇഡി). ഇക്കാര്യം ചോദ്യം ചെയ്യലില്‍ അര്‍പിത സമ്മതിച്ചായും ഇഡി വ്യക്തമാക്കി.

എന്നാല്‍ അര്‍പിതയുടെ അഭിഭാഷകര്‍ ഇഡി സ്രോതസ്സുകളുടെ അവകാശവാദങ്ങള്‍ കോടതിയില്‍ തള്ളിക്കളയണമെന്നും അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിന് ഏജന്‍സിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നിയിക്കാനും സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.
അര്‍പിതയുടെ കൊല്‍ക്കത്തയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് 20 കോടി രൂപയിലധികം പണവും ആഭരണങ്ങളും വിദേശനാണ്യവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രിയെയും അര്‍പിതയെയും ഇഡി അറസ്റ്റ് ചെയ്തത്. മുഴുവന്‍ തുകയും തന്റെ വീട്ടിലെ ഒരു മുറിയില്‍ സൂക്ഷിച്ചിരുന്നുവെന്നും അവിടെ പാര്‍ഥ ചാറ്റര്‍ജിക്കും അദ്ദേഹത്തിന്റെ ആളുകള്‍ക്കും മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂവെന്നും എല്ലാ ആഴ്ചയിലും അല്ലെങ്കില്‍ 10 ദിവസത്തിലൊരിക്കല്‍ ചാറ്റര്‍ജി തന്റെ വീട്ടില്‍ വരാറുണ്ടെന്ന് അര്‍പിത അര്‍പിത ഇഡിയോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തന്റെ വീടിന് പുറമെ മറ്റൊരു സ്ത്രീയുടെ വീടും ഒരു മിനി ബാങ്കായി ചാറ്റര്‍ജി ഉപയോഗിച്ചതായി അര്‍പിത പറഞ്ഞതായി ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് പറയുന്നു. മറ്റൊരു സ്ത്രീ മന്ത്രിയുടെ അടുത്ത സുഹൃത്താണെന്നും പറയപ്പെടുന്നു. മുറിയില്‍ എത്ര പണം സൂക്ഷിച്ചിട്ടുണ്ടെന്ന് മന്ത്രി തന്നോട് പറഞ്ഞിട്ടില്ലെന്ന് അര്‍പിത ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. 2016ല്‍ ഒരു ബംഗാളി നടന് തന്നെ ചാറ്റര്‍ജിക്ക് പരിചയപ്പെടുത്തിയെന്നും അന്നുമുതല്‍ ഇരുവരും പരസ്പരം അടുപ്പത്തിലായിരുന്നുവെന്നും അര്‍പിത പറഞ്ഞു. ട്രാന്‍സ്ഫര്‍ പോസ്റ്റിങ്ങിനും കോളേജുകളില്‍ അംഗീകാരം നേടുന്നതിനുമായി കൈക്കൂലി വാങ്ങിയതില്‍ നിന്നാണ് പണം ലഭിച്ചതെന്നും അര്‍പിത ചോദ്യം ചെയ്യലില്‍ സമ്മതിച്ചു
പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത സഹകാരിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശേഷിപ്പിച്ച അര്‍പിത മുഖര്‍ജി ഏതാനും ബംഗാളി, ഒഡിയ, തമിഴ് സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും മുഖം കാണിച്ചിട്ടുണ്ട്. പാര്‍ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരുന്ന 2014 21 കാലത്ത് നടന്ന അഴിമതി കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സിബിഐ അന്വേഷിച്ചുവരികയാണ്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24-പര്‍ഗാനാസിലെ അര്‍പിത മുഖര്‍ജിയുടെ ബെല്ഗോറിയ ഫ്ളാറ്റില്‍ നിന്ന് 5 കിലോ സ്വര്‍ണത്തിന് പുറമേ 28 കോടി രൂപയുടെ പണവും കണ്ടെടുത്തു. രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡില്‍ ഇവരില്‍ നിന്ന് ഇതുവരെ 50 കോടി രൂപ കണ്ടെത്തിയതായാണ് ഇഡി അറിയിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ പണം 10 പെട്ടികളിലാക്കിയാണ് കൊണ്ടുപോയത്. മൂന്ന് നോട്ടെണ്ണല്‍ മെഷീന് പണം എണ്ണാനായി വേണ്ടിവന്നുവെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അര്‍പ്പിതയുടെ ഉടമസ്ഥതയിലുള്ള നഗരത്തിലെ 2 ഫ്ളാറ്റുകളുടെ വാതില്‍ പൊളിച്ചാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇതിലൊരു ഫ്ളാറ്റില്‍നിന്നാണു പണവും സ്വര്‍ണവും ലഭിച്ചത്. നേരത്തേ ദക്ഷിണ കൊല്‍ക്കത്തയിലെ അര്‍പ്പിതയുടെ ഫ്ളാറ്റില്‍നിന്ന് 21 കോടി രൂപ കണ്ടെത്തിയിരുന്നു. അര്‍പ്പിതയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇഡി പാര്‍ത്ഥ ചാറ്റര്‍ജിയുടെ വസതിയിലും റെയ്ഡ് നടത്തുകയും ശനിയാഴ്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.