ആര്‍എസ്എസ്-താലിബാന്‍ ഉപമ; ജാവേദ് അക്തര്‍ ആത്മപരിശോധന നടത്തണമെന്ന് ശിവസേന

 
Javed Akhthar

അഫ്ഗാനിസ്ഥാനിലെ താലിബാനെ സംഘപരിവാറുമായി ഉപമിച്ച കവിയും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിനെതിരെ ശിവസേന. ഇത്തരം താരതമ്യങ്ങള്‍ ഹിന്ദു സംസ്‌കാരത്തോടുള്ള അനാദരവാണ്. ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം താരതമ്യങ്ങള്‍ നടത്തുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറഞ്ഞു.

എല്ലാവരെയും താലിബാനുമായി താരതമ്യപ്പെടുത്തുന്നതാണ് സമൂഹത്തിനും മനുഷ്യവര്‍ഗത്തിനുമുള്ള വലിയ ഭീഷണി. ജനാധിപത്യ രാജ്യങ്ങളല്ലാത്ത പാകിസ്ഥാനും ചൈനയും അഫ്ഗാനിലെ താലിബാനെ പിന്തുണയ്ക്കുന്നു. ഈ രണ്ടു രാജ്യങ്ങളിലും മനുഷ്യാവകാശങ്ങള്‍ക്ക് സ്ഥാനമില്ല. അതേസമയം, വ്യക്തി സ്വാതന്ത്ര്യം മാനിക്കപ്പെടുന്ന ജനാധിപത്യ രാഷ്ട്രമാണ് നമ്മുടേത്. അതിനാല്‍ ആര്‍എസ്എസിനെ താലിബാനുമായി താരതമ്യം ചെയ്യുന്നത് തെറ്റാണ് -സാമ്‌ന പറയുന്നു. 

ആര്‍എസ്എസ്, വിഎച്ച്പി എന്നിങ്ങനെ സംഘടനകള്‍ക്ക് ഹിന്ദുത്വം ഒരു സംസ്‌കാരമാണ്. ഹിന്ദുക്കളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടരുതെന്നാണ് ഈ സംഘടനകള്‍ ആഗ്രഹിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് അവര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. അതേസമയം, അഫ്ഗാനിലെ സ്ഥിതി വഷളാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നു. ഭയപ്പെട്ട് ആളുകള്‍ അവിടെനിന്ന് പലായനം ചെയ്യുകയാണെന്നും സാമ്‌ന പറയുന്നു. 

എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിനിടെ ജാവേദ് അക്തര്‍ നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. താലിബാന്‍ മുസ്ലിം രാഷ്ട്രം ആഗ്രഹിക്കുന്ന പോലെ ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്നവരുമുണ്ട്. ഇവരെല്ലാം ഒരേ ചിന്താഗതിക്കാരാണ് -അത് മുസ്ലീം ആകട്ടെ, ക്രിസ്ത്യന്‍ ആകട്ടെ, ജൂതനോ ഹിന്ദുവോ ആകട്ടെ. താലിബാന്റേത് പ്രാകൃത സമീപനമാണ്. അവരുടെ പ്രവൃത്തികള്‍ നിന്ദ്യമാണ്. ആര്‍എസ്എസ്, വിഎച്ച്പി, ബജ്‌റംഗ്ദള്‍ എന്നിവയെ പിന്തുണക്കുന്നവരുടെ ചിന്താഗതിയും ഒന്നുതന്നെയാണ് -എന്നായിരുന്നു ജാവേദ് അക്തറിന്റെ പരാമര്‍ശം. 

പ്രസ്താവനയില്‍ ജാവേദ് അക്തര്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരുന്നു. മാപ്പ് പറയാതെ ജാവേദിന്റെ ചിത്രങ്ങള്‍ രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മഹാരാഷ്ട്ര ബിജെപി എംഎല്‍എ രാം കദത്തിന്റെ മുന്നറിയിപ്പ്. ജാവേദിന്റെ പ്രസ്താവന ലജ്ജാകരമാണ്. ഇത്തരമൊരു പരാമര്‍ശം നടത്തുന്നതിനുമുമ്പ്, ഇതേ പ്രത്യയശാസ്ത്രമുള്ള ആളുകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഭരിക്കുന്നതെന്നും രാജ ധര്‍മം നിറവേറ്റുന്നുവെന്നും അദ്ദേഹം ചിന്തിക്കണമായിരുന്നു. താലിബാനെപ്പോലെയായിരുന്നെങ്കില്‍, അദ്ദേഹത്തിന് ഈ പരാമര്‍ശങ്ങള്‍ നടത്താന്‍ കഴിയുമായിരുന്നോ? അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ എത്ര പൊള്ളയാണെന്നാണ് ഇത് കാണിക്കുന്നതെന്നും കദം പറഞ്ഞിരുന്നു.