Exclusive: ദാതാക്കള്‍ അജ്ഞാതരല്ല, രഹസ്യ നമ്പര്‍ വഴി എസ്ബിഐക്ക് എല്ലാം അറിയാം, അതുവഴി സര്‍ക്കാരിനും; തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച മറ്റൊരു പെരുംനുണ കൂടി പൊളിയുന്നു

 
Exclusive: ദാതാക്കള്‍ അജ്ഞാതരല്ല, രഹസ്യ നമ്പര്‍ വഴി എസ്ബിഐക്ക് എല്ലാം അറിയാം, അതുവഴി സര്‍ക്കാരിനും; തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച മറ്റൊരു പെരുംനുണ കൂടി പൊളിയുന്നു

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്തെ പൂര്‍ണമായും മാറ്റി മറിച്ച തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ യഥാര്‍ത്ഥത്തില്‍ എന്തിനു വേണ്ടിയായിരുന്നു? ഇത് നടപ്പാക്കിയപ്പോള്‍ സുതാര്യത ഉണ്ടായിരുന്നോ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ സംബന്ധിച്ച് ഉണ്ടായിരുന്നു. ഈ ആരോപണങ്ങള്‍ ഒക്കെ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരാവകാശ രേഖകള്‍. കാരണം, കള്ളപ്പണം വെളുപ്പിക്കുന്നതിനും പണം കടത്തുന്നതിനുമുള്ള എളുപ്പമുള്ള മാര്‍ഗമായി കോര്‍പ്പറേറ്റുകള്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നു. റിസര്‍വ് ബാങ്കിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കടുത്ത എതിര്‍പ്പ് മറികടന്നാണ് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയത് എന്ന വിവരം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ആ റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കാം:

Exclusive: കള്ളപ്പണമൊഴുകുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകൾ മോദി സര്‍ക്കാര്‍ പുറത്തിറക്കിയത് റിസർവ് ബാങ്കിന്റെ എതിര്‍പ്പുകള്‍ മറികടന്ന് - രേഖകൾ പുറത്ത്

,

Exclusive: പാര്‍ലമെന്റില്‍ പറഞ്ഞത് നുണ; കമ്മീഷന്‍ എതിര്‍ത്തിട്ടും മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ കൊണ്ടുവന്നത് എങ്ങനെ?

,

Exclusive: നിയമലംഘനത്തിന് ചുക്കാന്‍ പിടിച്ചത് മോദിയുടെ ഓഫീസ്, 2019 മെയ് വരെ നടന്നത് 6000 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ട് കച്ചവടം

ഭാഗം 4

രാഷ്ട്രീയ പാർട്ടികൾക്ക് അജ്ഞാത കോർപ്പറേറ്റ് സംഭാവനകളുടെ വഴികൾ തുറന്നുകൊടുത്തു കൊണ്ടുള്ള തന്റെ സർക്കാരിന്റെ തീരുമാനത്തെ അരുൺ ജെയ്റ്റ്ലി രാജ്യസഭയിൽ ന്യായീകരിച്ചത് 2017 ഫെബ്രുവരിയിലാണ്. പുതുതായി ആരംഭിച്ച തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയുടെ കീഴിൽ, കോർപ്പറേറ്റ് സംഭാവനകൾക്ക് മേൽ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും സർക്കാർ മാറ്റുകയും, സംഭാവനകൾ നൽകുന്ന ദാതാക്കൾക്ക് പൂർണമായും അജ്ഞാതരായിരിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ഓരോ ദാതാവും ഒരു രാഷ്ട്രീയ പാർട്ടിക്കു നൽകുന്ന തുക എത്രയാണെന്ന് അവർ മാത്രമാണ് അറിയുക എന്ന് ജെയ്റ്റ്ലി അവകാശപ്പെട്ടു.

അഴിമതിവിരുദ്ധ ആക്ടിവിസ്റ്റായ കൊമോഡോർ ലോകേഷ് ബത്ര വിവരാവകാശ നിയമം വഴി കൈപ്പറ്റുകയും ഹഫ്‌ പോസ്റ്റ് ഇന്ത്യയും അഴിമുഖവും പരസ്യമാക്കുകയും ചെയ്ത രേഖകൾ ഇത് തെറ്റാണെന്നു തെളിയിക്കുന്നു. ധനകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേങ്ങൾക്കും സൂക്ഷ്മ മേല്‍നോട്ടങ്ങള്‍ക്കും കീഴിൽ തെരഞ്ഞെടുപ്പ് ബോണ്ടുകൾ നടപ്പിലാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ പ്രഭവസ്ഥാനം മുതൽ ലക്ഷ്യ സ്ഥലം വരെ കൃത്യമായി അടയാളപ്പെടുത്തിവെക്കുന്നുണ്ട്.

സർക്കാർ അവകാശപ്പെട്ടതിനു വിപരീതമായി, തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി നടപ്പിലാക്കുന്ന എസ്ബിഐ, ബോണ്ടുകൾ വാങ്ങുന്നവരെയും സ്വീകരിക്കുന്നവരെയും സംബന്ധിക്കുന്ന കണക്കു വിവരങ്ങൾ കൃത്യമായി സൂക്ഷിക്കുന്നുണ്ട് എന്നതിന് രേഖാമൂലം തെളിവുകൾ ലഭ്യമാണ്.

ഓരോ ബോണ്ടിനും നഗ്നനേത്രങ്ങൾക്കു കാണാൻ കഴിയാത്ത തരത്തിലുള്ള ഒരു രഹസ്യ നമ്പർ ഉണ്ട്. കൈമാറപ്പെടുന്ന ഓരോ ബോണ്ടും പിന്തുടർന്ന് കണ്ടെത്താൻ ഈ നമ്പറിന് കഴിയും. തുടക്കം മുതലേ തെരഞ്ഞെടുപ്പ് ബോണ്ടുകൾ സംബന്ധിക്കുന്ന കണക്കു വിവരങ്ങൾ സൂക്ഷിക്കാൻ ധനകാര്യ മന്ത്രാലയം എസ്ബിഐക്കു അനുവാദം നൽകിയിരുന്നു. നിയമ നിർവ്വഹണ ഏജൻസികൾ ആവശ്യപ്പെടുന്ന പക്ഷം തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച വിവരങ്ങൾ നല്കാൻ എസ്ബിഐ ബാധ്യസ്ഥരാണ്.

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റും പോലെ ഉള്ള നിയമ നിർവ്വഹണ ഏജൻസികൾ തങ്ങളുടെ രാഷ്ട്രീയ മേധാവികളുടെ ആജ്ഞകൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ഇതിനോടകം തന്നെ ആരോപിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ, പ്രതിപക്ഷ പാർട്ടികൾക്ക് പോലും ദാതാക്കളിൽ നിന്ന് പണം സ്വീകരിക്കാവുന്ന തരത്തിൽ ദാതാക്കൾക്ക് അജ്ഞാതരായിരിക്കാമെന്ന് ജെയ്റ്റ്ലി അവകാശപ്പെട്ടത് പൂർണമായും സത്യസന്ധമല്ല. " പ്രതിപക്ഷ പാർട്ടികളെ പോലും സഹായിക്കുന്ന തരത്തിൽ ഒരു സർക്കാർ നിയമം രൂപീകരിച്ചിട്ടുണ്ടെങ്കിൽ ആ സർക്കാരിന്റെ വലിയ മനസിനെയാണ് അത് കാണിക്കുന്നത്" എന്ന് ജെയ്റ്റ്ലി അഭിപ്രായപ്പെടുന്നു.

നരേന്ദ്ര മോദി സർക്കാർ ആവര്‍ത്തിച്ച് അവകാശപ്പെട്ടത് പോലെ ഇതൊരു തുല്യനീതി ഉറപ്പാക്കുന്ന പദ്ധതിയല്ല എന്നുള്ളത്, ഔദ്യോഗിക രേഖകൾ, മിനുറ്റ്സുകള്‍, കുറിപ്പുകൾ, 2017 - 2019 വരെയുള്ള കത്തിടപാടുകൾ എന്നിവയിലൂടെ പൂർണമായും തെളിയിക്കാൻ സാധിക്കും.

ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് നീതിയുക്തമല്ലാത്ത ആനുകൂല്യങ്ങൾ ഇതുവഴി ലഭിക്കും - ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെപി സർക്കാർ ആണ് ഇതിന്റെ ഗുണഭോക്താക്കൾ. ബിജെപിക്കു ഈ പദ്ധതിയെ നിയന്ത്രിക്കാനും, ചിലപ്പോൾ, ഈ പരമ്പരയിലെ മുൻ റിപ്പോർട്ടുകളിൽ വിവരിച്ച പ്രകാരം നിയമവിരുദ്ധമായി തന്നെ വളച്ചൊടിക്കാനും സാധിക്കും. എസ്ബിഐ സൂക്ഷിക്കുന്ന രഹസ്യ സംഖ്യയിൽ അധിഷ്ഠിതമായ കോഡുകളും സർക്കാരിന്റെ നിയമ നിർവഹണ വിഭാഗങ്ങളെ ഉപയോഗിച്ച് കൈവശപ്പെടുത്താൻ സാധിക്കും.

2017 ഏപ്രിലിൽ അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ചു കൊണ്ട് എസ്ബിഐയിൽ ഈ രഹസ്യ സംഖ്യാധിഷ്ഠിത രീതി ഉപയോഗിക്കുന്നുണ്ടെന്ന് ദി ക്വിൻറ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ കുറിച്ച് അഭിപ്രായം പറയാൻ ധനകാര്യ മന്ത്രാലയത്തോട് ദി ഇന്ത്യൻ എക്സ്പ്രസ് ആവശ്യപ്പെട്ടപ്പോൾ മറ്റു പലപ്പോഴത്തെയുമെന്നത് പോലെ തന്നെ സർക്കാർ നുണ പറയുകയാണുണ്ടായത്.

"തെരഞ്ഞെടുപ്പ് ബോണ്ടുകൾക്ക് രഹസ്യ സംഖ്യാധിഷ്ഠിതമായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടെന്ന്" സർക്കാർ സമ്മതിക്കുമ്പോൾ പോലും "എസ്ബിഐ ഈ സംഖ്യകൾ എവിടെയും രേഖപ്പെടുത്തി വെച്ചിട്ടില്ലെന്നും ദാതാക്കളെയും സ്വീകർത്താക്കളെയും സംബന്ധിക്കുന്ന യാതൊരു വിവരങ്ങളും സൂക്ഷിക്കുന്നില്ലെന്നുമാണ്" സർക്കാർ അവകാശപ്പെടുന്നത്. " അതുകൊണ്ടു തന്നെ ബാങ്ക് ഒരു സ്വീകർത്താവിന് ബോണ്ട് പതിച്ചു നൽകുമ്പോൾ ഇത് ആ പാർട്ടിയുടെ പണമിടപാടുകളുമായി ഒരു തരത്തിലും ബന്ധിപ്പിക്കപ്പെടുന്നുമില്ല " എന്നും സർക്കാർ അവകാശപ്പെടുന്നു.

" ഇപ്പോഴത്തെ അവസ്ഥയിൽ ഈ നമ്പറുകൾ ഇത്തരം ഇടപാടുകൾ കണ്ടെത്താനോ സ്വീകർത്താവിന്റെ പേരുവിവരങ്ങൾ കണ്ടെത്താനോ ഉപയോഗിക്കാൻ കഴിയില്ല " എന്നും സര്‍ക്കാര്‍ പറയുന്നു. ഇതും കളവാണെന്ന് മുൻപ് ഹഫ്‌ പോസ്റ്റ് ഇന്ത്യക്കു ലഭിച്ച രേഖകൾ വഴി തെളിഞ്ഞിട്ടുണ്ട്.

ജെയ്റ്റ്ലിയുടെ 2017 ഫെബ്രുവരി ഒന്നിലെ ബജറ്റ് പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് ബോണ്ട് പ്രഖ്യാപിക്കപ്പെട്ടപ്പോൾ, ഇതെങ്ങനെ നടപ്പിലാവുമെന്നതിനെ സംബന്ധിച്ചു സർക്കാരിന് കാര്യമായ ധാരണ ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷനുമായും റിസർവ് ബാങ്കുമായും പ്രതിപക്ഷ പാർട്ടികളുമായും ഇതേക്കുറിച്ചു സർക്കാർ അഭിപ്രായം ചോദിച്ചിരുന്നെങ്കിലും ഇവരുടെ പ്രതികരണങ്ങൾ മുഖവിലക്കെടുത്തതുമില്ല.

തെരഞ്ഞെടുപ്പ് ബോണ്ടുകൾ സംബന്ധിച്ച വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും റിസർവ് ബാങ്കിന്റെയും അഭിപ്രായങ്ങൾ ധനകാര്യ മന്ത്രാലയം എങ്ങനെ തള്ളിക്കളഞ്ഞു എന്ന് വിശദമാക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കാം.

കള്ളപ്പണമൊഴുകുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകൾ മോദി സര്‍ക്കാര്‍ പുറത്തിറക്കിയത് റിസർവ് ബാങ്കിന്റെ എതിര്‍പ്പുകള്‍ മറികടന്ന് - രേഖകൾ പുറത്ത് പാര്‍ലമെന്റില്‍ പറഞ്ഞത് നുണ; കമ്മീഷന്‍ എതിര്‍ത്തിട്ടും മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ കൊണ്ടുവന്നത് എങ്ങനെ? നിയമലംഘനത്തിന് ചുക്കാന്‍ പിടിച്ചത് മോദിയുടെ ഓഫീസ്, 2019 മെയ് വരെ നടന്നത് 6000 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ട് കച്ചവടം

ഒരു വർഷത്തിന് ശേഷം 2018 ജനുവരിയിൽ, തെരഞ്ഞെടുപ്പ് ബോണ്ടുകൾ എങ്ങനെയായിരിക്കണമെന്ന അടിസ്ഥാന രൂപഘടന ഉണ്ടാക്കിയതിന് ശേഷം, ഈ പദ്ധതി എങ്ങനെ നടപ്പിലാക്കാമെന്നു തീരുമാനിക്കുന്നതിനായി ധനകാര്യ മന്ത്രാലയം എസ്ബിഐയെ സമീപിക്കുന്നതായി ധനകാര്യ മന്ത്രാലയത്തിന്റെ ഫയലുകളിൽ കാണിക്കുന്നുണ്ട്.

ദാതാക്കളെയും സ്വീകർത്താക്കളെയും തിരിച്ചറിയുന്നതിനായി എന്തുകൊണ്ട് സീരിയൽ നമ്പറുകൾ അനിവാര്യമാണെന്ന് ധനകാര്യ മന്ത്രാലയവുമായി 2018 ജനുവരി 16-നു നടത്തിയ കൂടിക്കാഴ്ചയിൽ എസ്ബിഐ വിശദീകരിക്കുന്നുണ്ട്.

" തെരഞ്ഞെടുപ്പ്ബോണ്ടുകളിൽ ദാതാവിന്റെയോ സ്വീകർത്താവിന്റെയോ പേരുകൾ ഉണ്ടാകില്ല. എന്നാൽ ഒരു സീരിയൽ നമ്പർ ഇതിനു നൽകേണ്ടത് ആവശ്യമാണ് ." ബാങ്ക് അധികൃതർ ധനകാര്യ മന്ത്രാലയത്തോട് ഇങ്ങനെ പറഞ്ഞതായി കൂടിക്കാഴ്ച സംബന്ധിച്ച ഫയൽ രേഖകളിൽ കാണുന്നു.

സീരിയൽ നമ്പറുകൾ ഇല്ലാത്ത പക്ഷം ഈ ബോണ്ടുകൾ സംബന്ധിച്ചുള്ള കണക്കുകളോ നിയന്ത്രണങ്ങളോ സാധ്യമാകില്ല എന്നും ബാങ്ക് വ്യക്തമാക്കുന്നുണ്ട്. കോടതികളോ നിയമനിർവഹണ ഏജൻസികളോ ഇതിന്റെ വിവരങ്ങൾ ആവശ്യപ്പെട്ടാൽ, ഈ സീരിയൽ നമ്പറുകൾ കൂടാതെ ബാങ്കിന് ഉത്തരം നല്കാൻ സാധിക്കില്ല എന്നും അധികൃതർ വിശദമാക്കുന്നു. ബോണ്ടുകൾ കെട്ടിച്ചമക്കാൻ സാധിക്കുമെന്നും അതിൽ ബാങ്കിനു നിയന്ത്രണം ഏർപ്പെടുത്താൻ കഴിയാതെ വരുമെന്നും ബാങ്ക് വിശദീകരിക്കുന്നു.

തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ സത്യസന്ധത ഉറപ്പു വരുത്താൻ കണക്കാക്കിയുള്ള ഈ സീരിയൽ നമ്പറുകൾ ബാങ്കിന്റെ കയ്യിൽ ഉണ്ട് എന്നതുകൊണ്ട് തന്നെ, തെരഞ്ഞെടുപ്പ് ബോണ്ടുകൾ ആരുടെ കയ്യിൽ നിന്ന് എവിടേക്കു സഞ്ചരിക്കുന്നു എന്ന് കണ്ടെത്താൻ വ്യക്തമായും എസ്ബിഐക്കു കഴിയും എന്ന് തന്നെയാണ് അർത്ഥം. തെരഞ്ഞെടുപ്പ് ബോണ്ടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ പൊതുജനത്തിന് ലഭ്യമായിരിക്കില്ല, എന്നാൽ ഇത് എസ്ബിഐക്കു ലഭ്യമാണ്. ധനകാര്യ മന്ത്രാലയം എസ്ബിഐയോട് ഇക്കാര്യങ്ങളിൽ യോജിക്കുന്നു എന്നാണ് രേഖകൾ കാണിക്കുന്നത്.

" ബാങ്കിനും പദ്ധതിക്കും ഇപ്പറഞ്ഞ സങ്കീർണതകൾ നേരിടേണ്ടി വരാതിരിക്കാൻ ബാങ്കിന് തെരഞ്ഞെടുപ്പ്ബോണ്ടുകൾക്കു സീരിയൽ നമ്പറുകൾ കൊടുക്കാവുന്നതാണ്" എന്ന് ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തര രേഖകളിൽ കുറിച്ചിട്ടുണ്ട്. "എന്നിരുന്നാൽ കൂടി, ഈ വിവരങ്ങൾ ചോരാതിരിക്കാനായി ഇത് അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ഉത്തവാദിത്വം കൂടി ബാങ്കിനുണ്ട്."

എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ ആവശ്യപ്പെട്ടാൽ ഈ വിവരങ്ങൾ വെളിപ്പെടുത്താൻ ബാങ്ക് ബാധ്യസ്ഥരാണ് എന്ന് തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച നിയമങ്ങള്‍ വ്യക്തമാക്കുന്നു.

2018 ജനുവരി 2-ന് ഇറക്കിയ വിജ്ഞാപനത്തിന്റെ സെക്ഷൻ 6 (4)ൽ ഇങ്ങനെ പറയുന്നു: "പ്രധാനപ്പെട്ട കോടതികൾ ആവശ്യപ്പെട്ടാലോ അല്ലെങ്കിൽ ഏതെങ്കിലും നിയമനിർവഹണ ഏജൻസി ക്രിമിനൽ കേസിന്റെ ഭാഗമായി ആവശ്യപ്പെട്ടാലോ അല്ലാതെ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ സ്വീകർത്താക്കൾ നൽകുന്ന വിവരങ്ങൾ ബാങ്ക് മറ്റാർക്കും നല്കാൻ പാടുള്ളതല്ല."

ക്രിമിനൽ കേസുകളുടെ സ്വഭാവത്തെ കുറിച്ച് ഇതിൽ കൂടുതൽ ഒന്നും പരാമർശിക്കുന്നില്ല. എൻഫോഴ്‌സ്‌മെന്റ് ഏജൻസികള്‍ക്ക് എപ്പോഴെല്ലാം ഈ വിവരങ്ങൾ എസ്ബിഐയോട് ആവശ്യപ്പെടാം എന്നതിനെ സംബന്ധിച്ച് ഇവിടെ അവ്യക്തത നിലനിൽക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, ദാതാക്കളെയോ സ്വീകർത്താക്കളായ രാഷ്ട്രീയ പാർട്ടികളെയോ തങ്ങൾക്ക് ഉറപ്പു നൽകപ്പെട്ട സ്വകാര്യതയിൽ കൈകടത്തപ്പെട്ടിരിക്കുന്നു എന്ന് അറിയിക്കേണ്ടതായുണ്ട് എന്നും ഇതിൽ പറയുന്നില്ല.

ഒരു സർക്കാരിന് തിരഞ്ഞെടുപ്പ് ബോണ്ടുകൾ സംബന്ധിച്ച എസ് ബി ഐ രേഖകൾ കാണാൻ സാധിക്കുമോ?

പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളോടും പാര്‍ലമെന്റിനോടും റിസർവ് ബാങ്ക്, തെരഞ്ഞെടുപ്പ് കമ്മിഷൻ മുതലായ മറ്റു ഭരണഘടന സ്ഥാപനങ്ങളോടും നിരന്തരമായി തെരഞ്ഞെടുപ്പ് ബോണ്ടുകൾ സംബന്ധിച്ചു സർക്കാർ പറയുന്ന നുണകൾ സർക്കാരിനോടുള്ള വിശ്വാസ്യത വളർത്താൻ സഹായിക്കുന്നവയല്ല.

തെരഞ്ഞെടുപ്പ് ബോണ്ടുകൾ പൂർണമായും പിന്തുടരാനാവുന്നതാണെന്ന വസ്തുതയോ അതിനെ സർക്കാരിന്റെ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളിൽ നിന്ന് മറച്ചുവെക്കാൻ സഹായിക്കുന്ന നിയമങ്ങളോ ശക്തമല്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിയമ നിർവഹണ ഏജൻസികൾ പ്രതിപക്ഷത്തെ ലക്ഷ്യം വെക്കുന്നതായുള്ള ആരോപണങ്ങൾ കേന്ദ്ര സർക്കാരിനെതിരെ നിലവിലുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി പ്രതിപക്ഷം ഉൾപ്പെട്ട കേസുകളിൽ എല്ലാം തന്നെ 'മികച്ച' പ്രകടനം നിയമനിർവഹണ ഏജൻസികൾ കാഴ്ച വെച്ചിട്ടുള്ളതായും കാണാം.

ഇതിനെല്ലാമുപരി എസ്ബിഐ തെരഞ്ഞെടുപ്പ് ബോണ്ടുകൾ നടപ്പിലാക്കുന്നത് ധനകാര്യ മന്ത്രാലയത്തിന്റെ കടുത്ത നിരീക്ഷണത്തിനും നിർദേശങ്ങൾക്കും കീഴിൽ തന്നെയാണെന്ന് തെളിവുകൾ വെളിപ്പെടുത്തുന്നു. ധനകാര്യ മന്ത്രാലയം എങ്ങനെ ആവശ്യപ്പെടുന്നു, അങ്ങനെ തന്നെയാണ് എസ്ബിഐ ഇത് നടപ്പിലാക്കുന്നത്.

തങ്ങൾക്കു നേരെ വിവരാവകാശ നിയമം വഴി ഉയർത്തപ്പെടുന്ന ചോദ്യങ്ങൾക്കു വരെ ധനകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലല്ലാതെ പ്രതികരണം നൽകാന്‍ കഴിയാത്ത തരത്തിൽ, അത്രത്തോളം കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിന് കീഴിലാണ് എസ്ബിഐ തിരഞ്ഞെടുപ്പ് ബോണ്ടുകൾ നടപ്പിലാക്കുന്നത് എന്ന് ഇവർക്കിടയിലുള്ള കത്തിടപാടുകൾ വ്യക്തമാക്കുന്നു. ഇത് ക്രമവിരുദ്ധവും നിയമവിരുദ്ധവുമാണ് - കാരണം എസ്ബിഐ, നിയമത്തിനു കീഴിലുള്ള ഒരു സ്വതന്ത്ര പൊതു സ്ഥാപനമാണ്, ഇതിനു വിവരാകാശ നിയമം വഴി ഉയർത്തപ്പെടുന്ന പൊതുജനങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ സർക്കാരിന്റെ അനുമതിക്ക് കാത്തു നിൽക്കേണ്ട ആവശ്യമില്ല. പലപ്പോഴും ഈ പദ്ധതിയുടെ നടപ്പിലാക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമലംഘനം നടത്താൻ പോലും ധനകാര്യ മന്ത്രാലയം എസ്ബിഐയെ നിർബന്ധിക്കുന്നു എന്നതാണ് ഇതിനേക്കാളെല്ലാം പരിതാപകരം. അതു സംബന്ധിച്ചു തുടക്കത്തിൽ എസ്ബിഐ ആശങ്കകൾ ഉയർത്തിയിരുന്നെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു.

2019 ഫെബ്രുവരിയിൽ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് ബോണ്ടുകൾ വിൽക്കാൻ പ്രത്യേക വാതില്‍ തുറക്കാൻ നിയമവിരുദ്ധമായി ആവശ്യപ്പെട്ടതാണ് ഇതിന് ഉദാഹരണമായി പറയാൻ കഴിയുന്ന ഒരു സംഭവം.

നിയമമനുസരിച്ച് എസ്ബിഐ തെരഞ്ഞെടുപ്പ് ബോണ്ടുകൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമായി നാല് തവണയായി പത്തു ദിവസ - ജാലകങ്ങൾ തുറന്നിട്ടുണ്ട്. ഇത് കൂടാതെ തെരഞ്ഞെടുപ്പ് നടക്കുന്ന സമയങ്ങളിൽ അധികമായി ഒരു 30 ദിവസ ജാലകം കൂടി ഇതിനായി അനുവദിച്ചിട്ടുണ്ട്.

കത്തിടപാടുകൾ അനുസരിച്ച്, 2019 ഫെബ്രുവരിയിൽ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ 30 ദിന ജാലകം 5 ദിവസത്തേക്ക് കൂടി നീട്ടാൻ സർക്കാർ ആവശ്യപ്പെടുകയുണ്ടായി. ഈ നിയമവിരുദ്ധമായ നീട്ടിവെക്കലിൽ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി ഒപ്പു വച്ചിട്ടുള്ളതായി ധനകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക രേഖകളിൽ കാണാം. 2019 ഫെബ്രുവരി 28-ന് ധനകാര്യ മന്ത്രാലയം എസ്ബിഐയോട് ഈ നിർദ്ദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെടുന്നതായി കാണാം.

അതേദിവസം തന്നെ എസ്ബിഐ, ധനകാര്യ മന്ത്രാലയത്തിന് ഇത് നിയവിരുദ്ധമാണെന്നും കൂടുതൽ വിശദാംശങ്ങൾ ഇതേ സംബന്ധിച്ച് ആവശ്യമാണെന്നും കാണിച്ചുകൊണ്ട് കത്തയച്ചു. നിയമവിരുദ്ധമായ ഈ നീട്ടിവെക്കലിന്റെ ഉത്തരവാദിത്തം ധനകാര്യ മന്ത്രാലയം എസ്ബിഐക്കു മുകളിൽ കെട്ടിവെക്കാൻ ശ്രമിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് ധനകാര്യ മന്ത്രാലയം എസ്ബിഐക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ, 30 ദിന ജാലകത്തിനു പകരമായി 35 ദിന പ്രത്യേക ജാലകം ഇതിനായി തുറക്കുന്നത് 'എസ്ബിഐയുടെ ശുപാര്‍ശയോടെ' യാണെന്ന് പറയുന്നുണ്ട്.

നിയമവിരുദ്ധമായ ഈ പ്രവർത്തിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിസമ്മതിച്ചു കൊണ്ട് എസ്ബിഐ ധനകാര്യ മന്ത്രാലയത്തിന് ഇങ്ങനെ മറുപടി അയച്ചു: "തെരഞ്ഞെടുപ്പ് ബോണ്ട് വില്പനയുടെ തീയതികൾ 27.02.2019 ന് ഞങ്ങളെ ടെലിഫോൺ സംഭാഷണത്തിലൂടെ അറിയിക്കുകയാണ് ചെയ്തത്. അല്ലാതെ 28.02.2019ലെ ഇ-മെയിൽ സന്ദേശത്തിൽ പറയുന്ന പ്രകാരം ഈ നീട്ടിയ തീയതികൾ എസ്ബഐ ശുപാർശ ചെയ്തതല്ല."

എന്നിരിക്കിലും, ഇതേ ഇ-മെയിൽ സന്ദേശത്തിൽ തന്നെ നിയമവിരുദ്ധമായ ഈ നീക്കത്തിന് ബാങ്കിന് പഴി കേൾക്കേണ്ടി വരില്ല എന്ന് ഉറപ്പു നൽകാമെങ്കിൽ 35 ദിന ജാലകമെന്ന നീട്ടിയ കാലയളവുമായി മുന്നോട്ടു പോകാമെന്ന് ബാങ്ക് സമ്മതിക്കുന്നുണ്ട്. പക്ഷെ അപ്പോഴേക്കും തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയുടെ സാധുതയും നടപ്പിലാക്കലും ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിൽ വന്നു കഴിഞ്ഞിരുന്നു. ഈ വാദം കേട്ട് കൊണ്ടിരിക്കെ തന്നെ കോടതി, 2019 ഏപ്രിൽ 12-ന് ഒരു ഇടക്കാല വിധി പ്രസ്താവിച്ചു. മറ്റു നിർദേശങ്ങൾക്ക് വിഭിന്നമായി, കേന്ദ്ര സർക്കാരിനോട് നിയമം ലംഘിക്കരുതെന്നും 30 ദിന കാലയളവ് നിലനിർത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ധനകാര്യ മന്ത്രാലയം നിയമങ്ങളിൽ കൃത്രിമം നടത്തി 35 ദിന ജാലകം തുറക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇത് പിന്നീട് 30 ദിവസമായി തന്നെ നിലനിർത്തുകയായിരുന്നു. (തുടരും) (ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്‍തോതില്‍ കള്ളപ്പണമൊഴുകുന്നതിനും വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനും എല്ലാ വിധ സുതാര്യതകളും ഇല്ലാതാക്കുന്നതിനും കാരണമാകുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ എങ്ങനെ, എന്തുകൊണ്ട് അവതരിപ്പിച്ചു? ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ഹഫ് പോസ്റ്റും ഈ റിപ്പോര്‍ട്ടിന്റെ മലയാളത്തിലെ പബ്ലീഷിംഗ് പാര്‍ട്ണറായ അഴിമുഖവും ചേര്‍ന്ന്)