കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി

 
Supreme Court

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 6 മുതല്‍ പ്ലസ് വണ്‍ പരീക്ഷകള്‍ നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. തിങ്കളാഴ്ച മുതല്‍ പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം.

കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്, പ്രതിദിനം 30,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു, ഇത് ദേശീയ കേസുകളില്‍ 70% വരും. എന്നിവ ചൂണ്ടികാട്ടിയാണ് ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഹൃഷികേശ് റോയ്, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്. നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഓഫ്ലൈന്‍ പരീക്ഷകള്‍ നടത്താനുള്ള  സര്‍ക്കാര്‍ തീരുമാനം അത്ഭുതപ്പെടുത്തുന്നുവെന്നും കോടതി പറഞ്ഞു. 

ഓഫ്‌ലൈൻ പരീക്ഷകൾ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിൽ ഇടപെടാൻ വിസമ്മതിച്ച ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്. 

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പരീക്ഷ നടത്താനുള്ള തീരുമാനമെന്നും ഈ വര്‍ഷം സെപ്റ്റംബറില്‍ പരീക്ഷ നടത്തുന്നതിന് മുമ്പ് നിലവിലുള്ള സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന സെപ്തംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവെക്കുന്നതാണെന്നും 13ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.