സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് വാക്‌സിന്‍; അടിയന്തര ഉപയോഗത്തിന് വിദഗ്ധസമിതി ശുപാര്‍ശ

 
vaccine

സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു.  വാക്‌സിന്‍ 28,000 ത്തിലധികം പേരില്‍ നടത്തിയ പരീക്ഷണത്തില്‍ 66.66 ശതമാനമാണ് ഫലപ്രാപ്തി കണക്കാക്കുന്നത്. അതേസമയം കമ്പനിയുടെ 2 ഡോസ് വാക്‌സിന്‍ ഫലപ്രാപ്തി സംബന്ധിച്ച കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനും സമിതി കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്ന് ഡോസ് വാക്‌സിനെടുക്കുന്നതിന്റെ അതേ ഫലപ്രാപ്തി മൂന്ന് മി.ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്‌സിനേഷനും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. മൂന്ന് ഡോസ് വാക്‌സിനേഷന് അനുമതി നല്‍കാനാണ് വിദഗ്ദ്ധ സമിതി നിലവില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. 

12-18 വയസ്സുള്ളവരില്‍ വാക്‌സിന്‍ സുരക്ഷിതമണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. രാജ്യത്തെ 50-ഓളം കേന്ദ്രങ്ങളിലാണ് സൈകോവ്-ഡിയുടെ പരീക്ഷണം നടന്നത്. 12-18 വയസ്സുള്ള 1000 ത്തോളം കുട്ടികളും ഇവരുടെ പരീക്ഷണത്തില്‍ പങ്കാളികളായിരുന്നു. നിലവില്‍ രാജ്യത്ത് അഞ്ച് കോവിഡ് വാക്‌സിനുകള്‍ക്കാണ് ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, റഷ്യയുടെ സ്പുട്‌നിക്, യുഎസ് നിര്‍മിത മോഡേണ എന്നിവയ്ക്ക് ശേഷം രാജ്യത്ത് അടിയന്തര ഉപയോഗാനുമതി ലഭിക്കുന്ന അഞ്ചാമത്തെ വാക്‌സിനാണിത്.