രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാന്‍ കേന്ദ്രം; തീര്‍പ്പാക്കാത്ത കേസുകളില്‍ നിലപാട് തേടി സുപ്രീംകോടതി

രാജ്യദ്രോഹ നിയമം സെക്ഷന്‍ 124 എയിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ സമയം ആവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥന അനുവദിച്ചേക്കുമെന്ന് സൂചന നല്കി സുപ്രീം കോടതി. ഈ വകുപ്പിന് കീഴിലുള്ള കേസുകള്‍ പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കാന് സര്‍ക്കാരിന് കഴിയുമോ എന്നും സുപ്രീംകോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സര്‍ക്കാരിന് ബുധനാഴ്ച വരെ സമയം നല്കി. നിയമം പുനപ്പരിശോധിക്കേണ്ടെന്ന നിലപാടാണ് ആദ്യം കേന്ദ്രം സ്വീകരിച്ചിരുന്നത്.

വിഷയത്തില്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ബെഞ്ച് പരിഗണിച്ചേക്കാമെന്നും എന്നാല്‍ സെക്ഷന്‍ 124 എ ഉള്‍പ്പെടുന്ന തീര്‍പ്പുകല്‍പ്പിക്കാത്തതും ഭാവിയിലുള്ളതുമായ കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. പുനപരിശോധനയ്ക്ക് എത്ര സമയമെടുക്കുമെന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് കഴിഞ്ഞേക്കില്ലെന്നും നടപടികള്‍ ആരംഭിച്ചതായും
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. പുനഃപരിശോധനയ്ക്ക് സമയം നല്‍കണമെന്ന കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥനയില്‍, സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങളെ മാനിക്കുന്നുവെന്നും കോടതി പറഞ്ഞു.
തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളെക്കുറിച്ചും നിമത്തിലെ വ്യവസ്ഥ ദുരുപയോഗം ചെയ്തേക്കാവുന്ന കേസുകളെക്കുറിച്ചും ആശങ്കകളുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹനുമാന് ചാലിസ ചൊല്ലിയതിന് മഹാരാഷ്ട്രയിലെ രണ്ട് നിയമസഭാ സാമാജികര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെക്കുറിച്ചു അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞതിനെ പരാമര്‍ശിച്ച കോടതി ഈ കാര്യങ്ങള്‍ സര്‍ക്കാര്‍ എങ്ങനെ തടയാന്‍ പോകുന്നുവെന്നും ചോദിച്ചു.
രാജ്യദ്രോഹ നിയമത്തില്‍ പ്രകടിപ്പിക്കുന്ന വിവിധ വ്യവസ്ഥകളെക്കുറിച്ച് പൂര്‍ണ്ണമായി അറിയാമെന്ന് പറഞ്ഞ കേന്ദ്രം, സെക്ഷന്‍ 124 എ വകുപ്പുകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതായി തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കൂടാതെ നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.