സൗജന്യമായി നല്കിയാലും ആവശ്യക്കാരില്ല; കെട്ടിക്കിടക്കുന്നത് 20 കോടി ഡോസ് വാക്സിന്; കോവിഷീല്‍ഡ് ഉല്പാദനം നിര്‍ത്തി

കോവിഡ് പ്രതിരോധ വാക്സിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ ഉല്പാദനം നിര്‍ത്തിവെച്ച് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായതോടെ, വാക്സിന്റെ ആവശ്യം കുറഞ്ഞിരുന്നു. ഇതോടെ, കഴിഞ്ഞ ഡിസംബര്‍ 31 മുതല്‍ കോവിഷീല്‍ഡിന്റെ ഉല്പാദനം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മന്ദഗതിയിലാക്കിയിരുന്നു. നിലവില്‍ 20 കോടി ഡോസ് വാക്സിനുകള്‍ കെട്ടിക്കിടക്കുകയാണ്. ഒമ്പത് മാസം മാത്രമാണ് വാക്സിനുകളുടെ കാലാവധി. സൗജന്യമായി നല്‍കാണെന്ന് അറിയിച്ചിട്ടും ആവശ്യക്കാരില്ലാത്തതിനാലാണ് ഉല്പാദനം നിര്‍ത്തിവെക്കുന്നതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലെയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാക്സിനുകള്‍ പാഴാകാതിരിക്കാനാണ് ഉല്പാദനം നിര്‍ത്തിവെക്കുന്നതെന്ന് അദാര്‍ പൂനാവാലെ പറഞ്ഞു. 2021 ഡിസംബര്‍ 31 മുതല്‍ കോവിഷീല്‍ഡ് ഉല്പാദനം കുറച്ചിരുന്നു. ഡോസിന് 600 രൂപയില്‍ നിന്ന് 225 രൂപയായി വില കുറച്ചശേഷവും വാക്സിന് ആവശ്യക്കാര്‍ ഉണ്ടാകുന്നില്ല. ജനങ്ങള്‍ വാക്സിന് എടുക്കുന്നത് കുറഞ്ഞിട്ടുണ്ട്. നിലവില്‍, 20 കോടിയിലധികം ഡോസുകള്‍ സ്റ്റോക്ക് ഇരിപ്പുണ്ട്. ഒമ്പത് മാസമാണ് വാക്സിനുകളുടെ കാലാവധി. അത് പാഴാകുന്നത് ഒഴിവാക്കാന്‍ സൗജന്യമായി നല്‍കാമെന്ന് അറിയിച്ചിട്ടും ആവശ്യക്കാരില്ലെന്നും പൂനാവാലെ പറഞ്ഞു.
ബൂസ്റ്റര്‍ ഡോസുകള്‍ വര്‍ധിപ്പിക്കണമെന്നും പൂനാവാലെ അഭിപ്രായപ്പെട്ടു. ആളുകള്‍ക്ക് രാജ്യത്തിനകത്തും പുറത്തേക്കും യാത്ര ചെയ്യേണ്ടതിനാല്‍ ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമാണ്. പല രാജ്യങ്ങളും യാത്രയ്ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വാക്സിന് ഡോസുകള്‍ തമ്മിലുള്ള വിടവ് വര്‍ധിക്കുന്നത് ആളുകളില്‍ ആന്റിബോഡി കുറയാന്‍ കാരണമാകുന്നതായി ആഗോളതലത്തിലെ നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വാക്സിന് ഡോസുകള്‍ തമ്മിലുള്ള വിടവ് ഒമ്പത് മാസത്തില്‍ നിന്ന് ആറു മാസത്തേക്ക് കുറയ്ക്കേണ്ടത് ആവശ്യമണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്ട്രാസെനെക്കയുമായി ചേര്‍ന്നാണ് കോവിഷീല്‍ഡ് നിര്‍മിക്കുന്നത്. 100 കോടിയിലധികം ഡോസ് വാക്സിന് ഇതിനകം ഉല്പാദിപ്പിച്ചു. യുഎസ് മരുന്നുനിര്‍മാണ കമ്പനിയായ നൊവാവാക്സിന്റെ കോവോവാക്സും കമ്പനി നിര്‍മിക്കുന്നുണ്ട്. രാജ്യത്ത് ഭൂരിഭാഗംപേരും പ്രതിരോധ വാക്സിന് സ്വീകരിച്ചിരുന്നു. എന്നാല്‍ കോവിഡ് നിയന്ത്രണവിധേയമായതോടെ, നിയന്ത്രണങ്ങളില്‍ ഇളവ് വരികയും കോവിഡിനോട് പൊരുത്തപ്പെട്ട് ആളുകള്‍ ജീവിക്കാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് വാക്സിനോടുള്ള താല്പര്യം കുറഞ്ഞതെന്നാണ് പൊതുവിലയിരുത്തല്‍.