മന്ത്രിയും മൂന്ന് എംഎല്‍എമാരും പാര്‍ട്ടിവിട്ടു; യുപിയില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി

 
Mourya Akhilesh
ദളിതരെയും പിന്നാക്കവിഭാഗങ്ങളെയും അടിച്ചമര്‍ത്തുന്ന നയത്തില്‍ പ്രതിഷേധിച്ചാണ് രാജി

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി. ഒരു മന്ത്രിയും മൂന്ന് എംഎല്‍എമാരും പാര്‍ട്ടിയില്‍നിന്ന് രാജിവച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. തൊഴില്‍വകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യ, എംഎല്‍എമാരായ റോഷന്‍ ലാല്‍ വര്‍മ, പ്രജാപതി, ഭാഗവതി സാഗര്‍ എന്നിവരാണ് രാജിവെച്ചത്. ദളിതരെയും പിന്നാക്കവിഭാഗങ്ങളെയും അടിച്ചമര്‍ത്തുന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഒബിസി, ദളിത് വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ വന്‍ പ്രചാരണം നടത്തുന്ന യോഗി സര്‍ക്കാരിനെയും ബിജെപി നേതൃത്വത്തെയും വെട്ടിലാക്കുന്നതാണ് അപ്രതീക്ഷിത രാജി. 

Also Read : യുപിയില്‍ യോഗി സര്‍ക്കാര്‍ തുടരും, വെല്ലുവിളിയാകുക അഖിലേഷ്: സര്‍വേ

തൊഴില്‍മന്ത്രി സ്വാമി പ്രസാദ് മൗര്യയാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. വ്യത്യസ്ത പ്രത്യയശാസ്ത്രമായിട്ടും യോഗി മന്ത്രിസഭയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു അയച്ച കത്തില്‍ മന്ത്രി മൗര്യ പറയുന്നു. ദളിതരെയും പിന്നാക്കവിഭാഗങ്ങളെയും അടിച്ചമര്‍ത്തുന്നതാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നയം. ദളിതര്‍, പിന്നാക്കവിഭാഗക്കാര്‍, കര്‍ഷകര്‍, തൊഴില്‍രഹിതര്‍, ചെറുകിട വ്യവസായികള്‍ എന്നിവരോടുള്ള യോഗി സര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും മൗര്യ വ്യക്തമാക്കി. രാജിക്കത്ത് ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. 

രാജിക്കത്ത് പുറത്തുവിടുന്നതിന് മുമ്പുതന്നെ മൗര്യ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ സന്ദര്‍ശിച്ചിരുന്നു. മൗര്യയെ സ്വാഗതം ചെയ്ത് അഖിലേഷ് യാദവും ട്വീറ്റ് ചെയ്തിട്ടുണ്ട്. ചില മന്ത്രിമാരും എംഎല്‍എമാരും തന്നോടൊപ്പം പാര്‍ട്ടി വിട്ടേക്കുമെന്ന് മൗര്യ സൂചിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് എംഎല്‍എമാരായ റോഷന്‍ ലാല്‍ വര്‍മ, പ്രജാപതി, ഭാഗവതി സാഗര്‍ എന്നിവര്‍ രാജിവച്ചത്. 

Also Read : യാദൃശ്ചികമായിരുന്നില്ല; ലഖിംപുര്‍ ഖേരിയിലെ കര്‍ഷക കൊലപാതകം ആസൂത്രിതം

അതേസമയം, മൗര്യയുടെ രാജി അപ്രതീക്ഷിതമായിരുന്നെന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്നുള്ള പ്രതികരണം സൂചിപ്പിക്കുന്നത്. മൗര്യയെ അനുനയിപ്പിക്കാനും ശ്രമങ്ങളുണ്ടായി. എന്തുകൊണ്ടാണ് മൗര്യ രാജിവച്ചതെന്ന് അറിയില്ലെന്നാണ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തത്. രാജിവെക്കരുതെന്നാണ് തന്റെ അഭ്യര്‍ത്ഥന. സംസാരിക്കാം, തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ തിരിച്ചടിയാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

സംസ്ഥാനത്തെ പ്രബലനായ പിന്നോക്ക വിഭാഗ നേതാവും മുന്‍ ബിഎസ്പി എംഎല്‍എയുമാണ് ബിജെപി വിട്ട സ്വാമി പ്രസാദ് മൗര്യ. 2016ല്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. ബിജെപിയെ പിന്തുണയ്ക്കുന്ന പിന്നാക്കവിഭാഗങ്ങള്‍ക്കിടയില്‍ മൗര്യക്ക് ശക്തമായ സ്വാധീനവുമുണ്ട്. മൗര്യയുടെ മകള്‍ സംഘമിത്ര ബിജെപി എംപിയുമാണ്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഒബിസി, ദളിത് വിഭാഗങ്ങളും യുവാക്കളും ബിജെപിയില്‍ അവഗണന നേരിടുന്നുവെന്ന ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത് യോഗി സര്‍ക്കാരിന്റെ പ്രചാരണങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Also Read : ബിജെപിക്കായി മോദി, അമിത്ഷാ ഒപ്പം സര്‍ക്കാരും; കോണ്‍ഗ്രസില്‍ രാഹുലിനൊപ്പം ആരുണ്ട്?
 
യുപി, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നത്. യു.പിയില്‍ ഫെബ്രുവരി പത്തിനാണ് ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. ഫെബ്രുവരി 23, 27, മാര്‍ച്ച് 3, 7 തീയതികളിലാണ് ശേഷിക്കുന്ന ഘട്ടം തെരഞ്ഞെടുപ്പുകള്‍. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.