സിദ്ദുവിന് പാക്ക് ബന്ധം; മുഖ്യമന്ത്രിയാകാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് അമരീന്ദര്‍ സിംഗ് 

 
punjab

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് മണിക്കൂറുകള്‍ക്ക് ശേഷം പിസിസി അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദുവിനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പഞ്ചാബ് മുഖ്യമന്ത്രിയാക്കാനുള്ള സിദ്ദുവിന്റെ ഏതൊരു നീക്കത്തെയും എതിര്‍ക്കുമെന്നും അദ്ദേഹത്തിന്  പാകിസ്ഥാന്‍ ബന്ധമുണ്ടെന്നും അമരീന്ദര്‍ സിങ് ആരോപിച്ചു. 

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സിദ്ദുവിന്റെ സുഹൃത്താണെന്നും പാക് സൈനിക തലവന്‍ ജെന്‍ ഖാമര്‍ ജാവേദ് ബജ്വയുമായി സിദ്ദുവിന് ബന്ധങ്ങളുണ്ടെന്നുമാണ് ആരോപണം. സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമരീന്ദര്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായ സിദ്ദുവിനെ  'കഴിവില്ലാത്തവന്‍' എന്നാണ് അമരീന്ദര്‍ വിശേഷിപ്പിച്ചത്. ''നവജോത് സിംഗ് സിദ്ദു ഒരു കഴിവില്ലാത്ത ആളാണ്, അവന്‍ ഒരു ദുരന്തം ആകും. അടുത്ത മുഖ്യമന്ത്രിയുടെ മുഖമാകാനുള്ള അയാളുടെ ശ്രമത്തെ എതിര്‍ക്കും. അദ്ദേഹത്തിന് പാകിസ്ഥാനുമായി ബന്ധമുണ്ട്. അത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകും ...: അമരീന്ദര്‍ സിംഗ് പറഞ്ഞു. സിദ്ദുവിനെ പിസിസി തലവനായി നിലനിര്‍ത്തണോ എന്നത് കോണ്‍ഗ്രസിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

' എന്റെ സര്‍ക്കാരിലെ ഒരു വലിയ ദുരന്തമായിരുന്നു അയാള്‍(നവജോത് സിംഗ് സിദ്ദു). ഞാന്‍ അദ്ദേഹത്തിന് നല്‍കിയ ഒരു മന്ത്രാലയത്തിന്റെ ചുമതല പോലും നന്നായി കൈകാര്യം ചെയ്യാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല', അമരീന്ദര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ തുടരുമോ എന്നിതില്‍ ഇപ്പോള്‍ വ്യക്തത നല്‍കാനാകില്ല.  അപമാനിക്കപ്പെട്ടതിനാല്‍ രാജിവെക്കാന്‍ പോവുകയാണെന്ന് സോണിയാ ഗാന്ധിയോട് നേരിട്ട് ഫോണില്‍ വിളിച്ച് പറഞ്ഞതായും അമരീന്ദര്‍ വെളിപ്പെടുത്തി.