നമുക്ക് മുന്നില്‍ മറ്റ് വഴികളില്ല; ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം വേണം, പ്രതിപക്ഷ പാര്‍ട്ടികളോട് സോണിയ 

 
soniya


2024 ലെ പൊതുതെരഞ്ഞെടുപ്പിനായി കൃത്യമായ ആസൂത്രണം ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മറ്റൊരു വഴിയും മുന്നിലില്ലെന്നും ഒറ്റക്കെട്ടായി തന്നെ പ്രവര്‍ത്തിക്കണമെന്നും സോണിയ പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു. 'നമുക്കെല്ലാവര്‍ക്കും ചില നിര്‍ബന്ധങ്ങളുണ്ട്. പക്ഷേ അതെല്ലാം മറികടന്ന് രാജ്യത്തിന്റെ താത്പര്യത്തിനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു സമയം വന്നിരിക്കുകയാണ്',19 പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തില്‍ സോണിയ പറഞ്ഞു.

2024 ലെ തെരഞ്ഞെടുപ്പാണ് 'ആത്യന്തിക ലക്ഷ്യം' 'ഇത് ഒരു വെല്ലുവിളിയാണ്, എന്നാല്‍ ഒത്തൊരുമിച്ച് നിന്നാല്‍ നമുക്കതിന് കഴിയും അതിലേക്കുയരാനാകണം. കാരണം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് ബദലായി മറ്റൊന്നുമില്ലെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളിലും നമ്മുടെ ഭരണഘടനയുടെ തത്വങ്ങളിലും വ്യവസ്ഥകളിലും വിശ്വസിക്കുന്ന ഒരു സര്‍ക്കാര്‍ നമ്മുടെ രാജ്യത്തിന് നല്‍കാനുള്ള ലക്ഷ്യത്തോടെ ഏകമനസോടെയുള്ള ആസൂത്രണം ആവശ്യമാണ് അവര്‍ പറഞ്ഞു.  

പ്രതിപക്ഷ പാര്‍ട്ടികളുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തിലാണ് സോണിയയുടെ നിര്‍ദേശം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ്, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കള്‍ സോണിയ ഗാന്ധി വിളിച്ച വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, ശിവസേന, സിപിഐ, സിപിഎം ഉള്‍പ്പെടെ 19 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്.