ഷഹീന്‍ബാഗ് ഒഴിപ്പിക്കല്‍: നാട്ടുകാരുടെ ശക്തമായ പ്രതിഷേധം, പിന്‍വാങ്ങി അധികാരികള്‍

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ മുഖ്യ കേന്ദ്രമായിരുന്ന ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള നടപടികള്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. ബിജെപി ഭരിക്കുന്ന സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഒഴിപ്പിക്കല്‍ നടപടികളില്‍ നിന്ന് താത്കാലകമായി പിന്മാറിയത്. കോര്പറേഷന് നടപടിക്കെതിരെ പ്രദേശവാസികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധിച്ചിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ നിലത്തുകിടന്നു പ്രതിഷേധിച്ച് കോര്പറേഷന് കൊണ്ടുവന്ന ബുള്‍ഡോസര്‍ തടയുകയും ചെയ്തിരുന്നു. കെട്ടിടങ്ങളും വീടുകളും ഇടിച്ചുനിരത്തുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് പ്രദേശവാസികളുടെ ഭാഗത്തുനിന്നും ഷഹീന്ബാഗിലുണ്ടായത്. പൊതുസ്ഥലത്തെ അനധികൃത കൈയേറ്റങ്ങളാണ് പൊളിക്കുകയെന്ന് കോര്പറേഷന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നു. കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ എത്തിയ ബുള്‍ഡോസറുകള്‍ തടഞ്ഞുകൊണ്ട് റോഡില്‍ ഇരുന്നാണ് പ്രദേശവാസികള്‍ പ്രതിഷേധിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കണമെന്നായിരുന്നു നേരത്തെ മുനിസിപ്പല്‍ കോര്പറേഷന് അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വേണ്ടത്ര പൊലീസ് സേന ലഭ്യമാകാത്തത് കാരണം പൊളിക്കല്‍ തിങ്കളാഴ്ചയിലേക്ക് നീട്ടുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു മുനിസിപ്പാലിറ്റി അധികൃതര്‍ സ്ഥലത്തെത്തിയത്. ബി.ജെ.പിയാണ് മുനിസിപ്പല്‍ കോര്പറേഷന് ഭരിക്കുന്നത്. നേരത്തെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ്, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഡല്‍ഹിയിലെ ജഹാംഗീര്‍പുരി എന്നിവിടങ്ങളിലും വീടുകളും കടകളും ഇത്തരത്തില്‍ പൊലീസ് സഹായത്തോടെ പൊളിച്ചുമാറ്റിയിരുന്നു.