വിതച്ചത് വിളയും വരെ കാത്തിരിക്കാന്‍ വിട്ടില്ല; മോദിയുടെ 'ചരിത്രപര'മായ തീരുമാനം കര്‍ഷകര്‍ തിരുത്തി

കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ മൊത്തം കാര്‍ഷികമേഖലയിലും അനുകൂല മാറ്റം കൊണ്ടുവരുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ  വാദം
 
farmers protest

പാര്‍ലമെന്റില്‍ പാസാക്കിയ മൂന്നു കാര്‍ഷിക ബില്ലുകളെ (ഫാര്‍മേഴ്‌സ് എംപവര്‍മെന്റ് ആന്‍ഡ് എഗ്രിമെന്റ് ഓഫ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസ് ബില്‍ 2020, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ആന്‍ഡ് കൊമേഴ്‌സ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ബില്‍ 2020, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്‍ഡ്‌മെന്റ്) ആക്ട് 2020) ചരിത്രപരം എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. അതേ നിയമങ്ങളാണ് ഇപ്പോള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്: 'ചരിത്രപരമായ തിരുത്തല്‍' എന്നതിനെ പറയാം.

. പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ മൊത്തം കാര്‍ഷികമേഖലയിലും അനുകൂല മാറ്റം കൊണ്ടുവരുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഇതുവരെയുള്ള വാദം. ആ വാദം തെറ്റായിരുന്നുവെന്ന് സമ്മതിക്കുകയാണോ, നിയമം പിന്‍വലിക്കാനുള്ള പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി ചെയ്തിരിക്കുന്നതെന്നാണ് ഇനി വരുന്ന ചോദ്യം.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി വലിയ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോഴും കാര്‍ഷിക ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം പുതിയ നിയമങ്ങളെ പാടെ തള്ളിക്കളയാന്‍ തയ്യാറായിരുന്നില്ല. അവയെങ്ങനെയുള്ള ഫലമാണ് ഉണ്ടാക്കുന്നതെന്ന് കുറച്ച് നാള്‍ കാത്തിരിക്കാം എന്ന നിലപാടിലായിരുന്നു അവര്‍. കുറഞ്ഞത് നാലു വര്‍ഷങ്ങളെങ്കിലും കഴിഞ്ഞേ പുതിയ തീരുമാനങ്ങള്‍ ഏതു തരത്തിലാണ് കാര്‍ഷിക മേഖലയില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചൂവെന്ന് പറയാന്‍ കഴിയൂ എന്നാണ് കേരളത്തിലുള്ള കാര്‍ഷിക ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചിരുന്നത്. ഗുണവും ദോഷവും സൃഷ്ടിക്കുന്ന തീരുമാനങ്ങള്‍ ബില്ലില്‍ ഉണ്ടെങ്കിലും അവ പ്രാബല്യത്തില്‍ വന്നതിനു ശേഷമേ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തെറ്റിയോ തെറ്റിയില്ലയോ എന്നു തീരുമാനിക്കാനാകൂ എന്നതും ഇവരുടെ നിലപാടായിരുന്നു.

മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്പി) അഥവ മിനിമം താങ്ങുവില റദ്ദ് ചെയ്തിരുന്നില്ല എന്നതായിരുന്നു കാര്‍ഷിക നിയമങ്ങളെ കണ്ണടച്ച് എതിര്‍ക്കാത്തതിന്റെ കാരണമായി വിദഗ്ധര്‍ പറഞ്ഞിരുന്നത്. എംഎസ്പി റദ്ദാക്കിയിരുന്നുവെങ്കില്‍ കോണ്‍ട്രാക്റ്റ് ഫാമിംഗ് നടക്കുമ്പോള്‍ കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു. വിളകള്‍ വാങ്ങുന്നവര്‍ നിശ്ചയിക്കുന്ന വിലയില്‍ കൈമാറ്റത്തിന് കര്‍ഷകര്‍ നിര്‍ബന്ധിക്കപ്പെടും. എംഎസ്പി നിലനിര്‍ത്തിയതിലൂടെ ഒരു വിളയ്ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയ്ക്ക് താഴെ വില പറയാന്‍ കോണ്‍ട്രാക്റ്റര്‍ക്ക് സാധിക്കില്ല എന്നത് നിയമത്തിന്റെ നല്ലവശമായി വിദഗ്ധര്‍ വിലയിരുത്തി. എന്നാല്‍, ഭാവിയില്‍ ഇതേ എംഎസ്പി മറ്റൊരു തരത്തില്‍ കര്‍ഷകനെ വലയ്ക്കുമെന്ന ആശങ്ക വിദഗ്ധര്‍ പരിശോധിച്ചതുമില്ല. എംഎസ്പി ഉണ്ടാകുമ്പോള്‍ നിശ്ചിത വിലയില്‍ നിന്നും കുറയ്ക്കാന്‍ കമ്പനികള്‍ക്ക് കഴിയില്ല. പക്ഷേ, ഒരു കോണ്‍ട്രാക്റ്റ് ഫാമിംഗില്‍ എംഎസ്പി എങ്ങനെ നിശ്ചയിക്കണമെന്ന് തീരുമാനിക്കാന്‍ കമ്പനികള്‍ക്ക് അവകാശം കിട്ടിയാല്‍ കര്‍ഷകന് വഞ്ചിക്കപ്പെടും. ഇത്തരം ആശങ്കകള്‍ ഇപ്പോള്‍ അടിസ്ഥാനമില്ലെന്ന നിസ്സംഗതയായിരുന്നു ബില്ലുകളെ അനുകൂലിച്ചവര്‍ പുലര്‍ത്തിയിരുന്നത്.

മിനിമം സപ്പോര്‍ട്ട് പ്രൈസിന്റെ നിലനിര്‍ത്തല്‍ ചൂണ്ടിക്കാട്ടി ബില്ലുകളെ സ്വാഗതം ചെയ്തവര്‍ ഇടനിലക്കാരെയും ലോക്കല്‍ മാര്‍ക്കറ്റുകളെയും അപ്രത്യക്ഷരാക്കി കളയുന്ന വ്യവസ്ഥകളെ സംബന്ധിച്ചും കൂടുതല്‍ ആകുലരായില്ല. ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും കര്‍ഷകരെ മോചിപ്പിക്കുന്നുവെന്നുവെന്ന കേന്ദ്രസര്‍ക്കാര്‍ വാദഗതിയെ പിന്തുണയ്ക്കാനായിരുന്നു അവര്‍ക്ക് കൂടുതല്‍ ഉത്സാഹം. ഇടനിലക്കാര്‍ക്ക് ചൂഷക സംഘം എന്ന നിര്‍വചനം നിര്‍മിക്കപ്പെട്ടു. ആ നിര്‍വചനത്തെ അവര്‍ ഇങ്ങനെ വ്യാഖ്യാനിച്ചു; 'മറ്റൊരു മേഖലയിലും നടക്കാത്തവിധം ഉത്പാദകന് ഉത്പനത്തിനുമേല്‍ വില നിശ്ചയിക്കാന്‍ കഴിയാതെ പോകുന്ന ഒരേയൊരു തൊഴില്‍മേഖലയാണ് കാര്‍ഷിക മേഖല. രണ്ട് രൂപയ്ക്ക് കര്‍ഷകനില്‍ നിന്നും വാങ്ങുന്ന തക്കാളി ഇരുപത് രൂപയ്ക്ക് മാര്‍ക്കറ്റില്‍ എത്തുന്ന ചൂഷണമാണ് ഇപ്പോള്‍ നടക്കുന്നത്. പതിനെട്ട് രൂപ മറ്റാരുടെയൊക്കെയോ കൈകളില്‍ എത്തുകയാണ്. ഈ ചൂഷണം ഒഴിവാക്കപ്പെടുകയാണെന്നതാണ് പുതിയ കാര്‍ഷിക ബില്ലിന്റെ നേട്ടം. കര്‍ഷകന് അവരുടെ ഉത്പന്നം ആര്‍ക്കുവേണമെങ്കിലും വില്‍ക്കാന്‍ കഴിയുന്നു. നേരിട്ട് വിലയുറപ്പിക്കാന്‍ കഴിയുന്നു. ഉത്പാദകന് അവന്റെ ഉത്പനത്തിനുമേലുള്ള അവകാശം ഇല്ലാതിരുന്ന അവസ്ഥയ്ക്ക് മാറ്റം വരുന്നു. ഇനി ഉത്പാദകനും (കര്‍ഷകനും) കോണ്‍ട്രാക്റ്റര്‍ക്കും (വാങ്ങുന്നവന്‍) ഇടയില്‍ മറ്റൊരാള്‍ വരുന്നില്ല. വില നിശ്ചയിക്കാന്‍ കര്‍ഷകന് കഴിയുന്നു'. 

ഇടനിലക്കാരന്‍ എന്ന ' ചൂഷകനെ' ഒഴിവാക്കി കര്‍ഷകരെ രക്ഷിക്കലായിരുന്നോ കാര്‍ഷിക നിയമങ്ങളുടെ യഥാര്‍ത്ഥലക്ഷ്യം? വില്‍ക്കാനുള്ള സ്വതന്ത്ര്യവും എവിടെ വില്‍ക്കണമെന്ന കാര്യത്തിലുള്ള സ്വാതന്ത്ര്യവും കര്‍ഷകന് കിട്ടുന്നുവെങ്കില്‍ അത് നല്ല കാര്യം തന്നെയാണ്. ഇടനിലക്കാരില്ലാതെ കമ്പനികള്‍ കര്‍ഷകനെ സമീപിക്കുന്നു, അവന് മോഹവില വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ ഉത്പാദിപ്പിക്കുന്നതെല്ലാം ഞങ്ങള്‍ എടുക്കാം, ഒരു നാളികേരത്തിന് പതിനഞ്ച് രൂപ വീതം തരാം എന്നു പറയുന്നു, ആ വാഗ്ദാനം കേട്ട് കര്‍ഷകന്‍ ആഹ്ലാദിക്കുന്നു- കാര്‍ഷിക നിയമത്തിന്റെ ഏറ്റവും മികച്ച വശമായി കേന്ദ്ര സര്‍ക്കാരും കാര്‍ഷിക വിദഗ്ധരും ഹൈലൈറ്റ് ചെയ്തത് ഇവിടം ആയിരുന്നു. 

ഇങ്ങനെയൊരു ഡീല്‍ നടപ്പാക്കപ്പെടുന്നതോടെയാണ് ഇടനിലക്കാരും മണ്ഡികളും മാര്‍ക്കറ്റുകളുമൊക്കെ അപ്രത്യക്ഷമാകുന്നത്. അടുത്ത നാലഞ്ച് കൊല്ലങ്ങള്‍ക്കൊണ്ട് ഈ ഡീല്‍ പൂര്‍ണമായി നടപ്പാക്കപ്പെടുകയും ചെയ്യുമായിരുന്നു. അതിനുശേഷമാണ് സാഹചര്യം മാറുന്നത്. ലോക്കല്‍ മാര്‍ക്കറ്റുകളും ഇടനിലക്കാരും ഇല്ലാതായി കഴിഞ്ഞാല്‍ കര്‍ഷകനും കോണ്‍ട്രാക്റ്ററും മാത്രമാണ് ബാക്കിയുള്ളത്, കര്‍ഷകന് മുന്നില്‍ മറ്റ് ഓപ്ഷനുകള്‍ ഇല്ലാതാകുന്നു. തന്റെ ഉത്പന്നം കമ്പനിക്ക് (കോണ്‍ട്രാക്റ്റര്‍ക്ക്) മാത്രമെ കൊടുക്കാന്‍ സാധിക്കൂ. കോണ്‍ട്രാക്റ്റര്‍ ഡിമാന്‍ഡ് ചെയ്യുന്നത് നല്‍കേണ്ടി വരും. ഇത്ര കിലോ സവാള വേണം എന്നു പറഞ്ഞാല്‍ കൊടുക്കണം. കഴിയാത്ത പക്ഷം കോണ്‍ട്രാക്റ്റ് അവസാനിക്കുകയാണ്. അതിനെക്കാള്‍ ഗുരുതരമായൊരു സാഹചര്യം, വിലയുടെ കാര്യത്തില്‍ സംഭവിക്കാന്‍ പോകുന്ന അനിശ്ചിതത്വമായിരുന്നു. ഇന്നലെ പതിനഞ്ച് രൂപയ്ക്ക് വാങ്ങിയ നാളികേരത്തിന് (ഇടനിലക്കാരനും ലോക്കല്‍ മാര്‍ക്കറ്റുകളുമൊന്നും ഇല്ലാത്ത സാഹചര്യത്തില്‍) ഇനി മുതല്‍ അഞ്ചു രൂപയേ തരാന്‍ കഴിയൂ എന്നു കമ്പനി പറഞ്ഞാല്‍ സമ്മതിക്കേണ്ടി വരും. മാറി ചിന്തിക്കാന്‍ ഓപ്ഷന്‍ ഇല്ല. അങ്ങനെയൊന്നും സംഭവിക്കില്ല, അതിനല്ലേ എംഎസ്പി നിലനിര്‍ത്തിയിരിക്കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ മറുവാദം. എംഎസ്പിയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന അപകടം നേരത്തെ പരാമര്‍ശിച്ചതു തന്നെയാണ്. ഒരു ഉത്പനത്തിന്റെ താങ്ങുവില എന്തായിരിക്കണമെന്ന് തീരുമാനിക്കാന്‍ കമ്പനികള്‍ക്ക് അധികാരം കൈമാറന്നതോടെ എംഎസ്പിയുടെ കഥ കഴിയും. 

കുത്തകകള്‍ കാര്‍ഷികമേഖല കൈയടക്കുമെന്നത് തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തി കര്‍ഷക സമരം പൊട്ടിപ്പുറപ്പെടാന്‍ കാരണം. കാര്‍ഷിക മേഖല കുത്തകകളുടെ കൈകളിലേക്ക് പോകാതെ നോക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുമെന്നതായിരുന്നു നിയമങ്ങളെ മുന്‍നിര്‍ത്തി ഉയര്‍ന്ന മറുവാദം. സര്‍ക്കാര്‍ നേതൃത്വത്തിലോ പ്രാദേശിക ഭരണകൂടങ്ങളുടെയോ സംഘനടകളുടെയോ നേതൃത്വത്തില്‍ ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ കുത്തകകളെ അകറ്റി നിര്‍ത്താമെന്നു നിയമാനുകൂലികള്‍ വാദിച്ചു. ആ വാദത്തെ സമകാലീന ഇന്ത്യയിലെ കുത്തക മേധാവിത്വ യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ഷകര്‍ എതിര്‍ത്തു. കുത്തകകള്‍ ഉത്പന്നങ്ങള്‍ മുഴുവനായി സംഭരിക്കുകയും പിന്നീട് അവരുടെ താത്പര്യത്തിനനുസരിച്ച് വിപണയിലേക്ക് സാധനങ്ങള്‍ ഇറക്കുകയും ചെയ്യുമ്പോള്‍ ജനം അവരുടെ തീരുമാനങ്ങള്‍ക്ക് കീഴ്‌പ്പെടും. അങ്ങനെയൊരു കീഴ്‌പ്പെടലില്‍ നിന്നാണ് രാജ്യത്തെ സാധാരണക്കാരായ കര്‍ഷകര്‍ സംരക്ഷിച്ചിരിക്കുന്നത്.