ഊര്‍ജ പ്രതിസന്ധി: കേന്ദ്രമന്ത്രി പറയുന്നതുപോലെയല്ല സ്ഥിതി; മുന്നറിയിപ്പുമായി സംസ്ഥാനങ്ങള്‍

 
energy crisis

സംസ്ഥാനത്ത് ഉന്നതതല യോഗം; വൈദ്യുതി പ്രതിസന്ധിയടക്കം ചര്‍ച്ച ചെയ്യും 

ഖനനം കുറയുകയും കല്‍ക്കരി വിതരണം സാധ്യമാകാതെ വരുകയും ചെയ്തതോടെ ഊര്‍ജ പ്രതിസന്ധിയെന്ന വലിയ വെല്ലുവിളിയുടെ മുന്നിലാണ് രാജ്യം. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പകുതിയിലധികം വൈദ്യുതി നിലയങ്ങളും വരും ദിവസങ്ങളില്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരും. മഴ തുടര്‍ന്നാല്‍, ആറു മാസം വരെ പ്രതിസന്ധി തുടരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കല്‍ക്കരി വിതരണത്തിലെ പ്രതിസന്ധി രാജ്യത്തെ കടുത്ത ഊര്‍ജക്ഷാമത്തിലേക്കും സമ്പദ്വ്യവസ്ഥയുടെ തന്നെ സ്തംഭനാവസ്ഥയിലേക്കുമാകും നയിക്കുക. കോവിഡ് സൃഷ്ടിച്ച വെല്ലുവിളികളില്‍നിന്ന് ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥ അതിജീവനം തേടുമ്പോഴാണ് മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധി നേരിടുന്നത്. അതേസമയം, ഊര്‍ജ പ്രതിസന്ധിയെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം. പരിഭ്രാന്തി സൃഷ്ടിച്ചാല്‍ നടപടിയെടുക്കുമെന്നും കന്ദ്ര ഊര്‍ജ മന്ത്രി ആര്‍.കെ സിംഗ് മുന്നറിയിപ്പ് നല്‍കി. പക്ഷേ, കേന്ദ്രമന്ത്രി പറയുന്നതുപോലെ രാജ്യത്തെ കാര്യങ്ങളെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കടുത്ത ഊര്‍ജ പ്രതിസന്ധി മുന്നില്‍ക്കണ്ട് പല സംസ്ഥാനങ്ങളും കര്‍ശന നിയന്ത്രണങ്ങളിലേക്ക് പോകുകയാണ്. 

മഴയും ആഗോളവിപണിയില്‍ വില വര്‍ധിച്ചതും തിരിച്ചടിയായി 
രാജ്യത്തെ മൊത്തം വൈദ്യുതി ഉല്‍പാദനത്തിന്റെ 70 ശതമാനവും കല്‍ക്കരി ഉപയോഗിച്ചുള്ള താപവൈദ്യുത നിലയങ്ങളാണ് ഉല്‍പാദിപ്പിക്കുന്നത്. വൈദ്യുതി ഉപഭോഗം കൂടുന്നതനുസരിച്ച് കല്‍ക്കരിയുടെ ആവശ്യകതയും വര്‍ധിക്കും. എന്നാല്‍ ആഗസ്റ്റില്‍ പെയ്ത കനത്ത മഴയില്‍ പല ഖനികളിലും ഉല്‍പാദനം മുടങ്ങി, വിതരണവും നിലച്ചു. അതിനിടെ, കോവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞതോടെ, ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങള്‍ തുറന്നത് ഊര്‍ജത്തിന്റെ ആവശ്യകത വര്‍ധിച്ചിരുന്നു. ഒക്ടോബറില്‍ ഉത്സവകാലം തുടങ്ങിയതോടെ, ആഭ്യന്തര, വ്യവസായിക വൈദ്യുതി ഉപഭോഗം അതിന്റെ മൂര്‍ധന്യത്തിലാണ്. മണ്‍സൂണിനു മുന്‍പായി ആവശ്യത്തിന് കല്‍ക്കരി സംഭരിക്കാതിരുന്നതും തിരിച്ചടിയായി. കിഴക്കന്‍, മധ്യ സംസ്ഥാനങ്ങളിലുണ്ടായ മണ്‍സൂണ്‍ മഴയാണ് കല്‍ക്കരി ഉല്‍പാദനത്തെ സാരമായി ബാധിച്ചത്. ഖനനം നടന്നില്ല, ലോജിസ്റ്റിക്സിനെയും ബാധിച്ചു. രാജ്യാന്തര വിപണിയില്‍ കല്‍ക്കരിക്ക് വില കൂടിയത് ഇറക്കുമതിയേയും ബാധിച്ചിട്ടുണ്ട്. ചൈനയിലെയും യൂറോപ്പിലെയും ഊര്‍ജ പ്രതിസന്ധിയാണ് ആഗോളതലത്തില്‍ കല്‍ക്കരിയുടെ വില ഉയരാന്‍ കാരണമായത്. അതോടെ, ഇറക്കുമതി ചെലവും ഉയര്‍ന്നു.

കേന്ദ്രത്തിന്റെ വാദം
കല്‍ക്കരിക്ഷാമം ഊര്‍ജ പ്രതിസന്ധിയുണ്ടാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍.കെ സിംഗ് തള്ളി. ഇത്തരത്തില്‍ തെറ്റായ സന്ദേശങ്ങള്‍ നല്‍കി ജനങ്ങളെ പരിഭ്രാന്തരാക്കിയാല്‍ നടപടിയുണ്ടാകുമെന്നാണ് ടാറ്റ പവര്‍ സിഇഒ, ഗെയില്‍ എന്നിവര്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നത്. അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കരുത്. നിലവിലുള്ള കല്‍ക്കരി സ്റ്റോക്ക് നാല് ദിവസത്തേക്ക് പര്യാപ്തമാണ്. കല്‍ക്കരി ഖനി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയുമായി ഇക്കാര്യങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്യുന്നുണ്ടെന്നുമാണ് ആര്‍.കെ സിംഗ് പറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ കല്‍ക്കരി ദൗര്‍ലഭ്യവും വിലക്കയറ്റവുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കേന്ദ്ര കല്‍ക്കരി ഖനി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചത്. മൂന്നോ നാലോ ദിവസംകൊണ്ട് എല്ലാം ശരിയാകും. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി വിലയില്‍ വലിയ കുതിപ്പുണ്ടായതിനാല്‍ ഇപ്പോഴത്തെ വൈദ്യുതി നിര്‍മാണത്തിന് ആഭ്യന്തര ഖനികളില്‍ നിന്നുള്ള കല്‍ക്കരിയാണ് ഉപയോഗിക്കുന്നത്. കനത്ത മഴ നേരിയ തോതില്‍ കല്‍ക്കരി സംഭരണത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

ആശങ്കയറിയിച്ച് സംസ്ഥാനങ്ങള്‍
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഊര്‍ജ പ്രതിസന്ധി നേരിടുന്നുണ്ട്. പഞ്ചാബില്‍ വിവിധ സമയങ്ങളിലായി മൂന്ന് മണിക്കൂര്‍ വരെ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. അഞ്ച് ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് ശേഷിക്കുന്നതെന്നാണ് പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് അറിയിച്ചിരിക്കുന്നത്. പഞ്ചാബില്‍ നാല് താപ വൈദ്യുതനിലയ യൂണിറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തി.  

രാജസ്ഥാനില്‍ ഒരു മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന എന്നിവര്‍ക്ക് വൈദ്യതി നല്‍കിക്കൊണ്ടിരുന്ന ഗുജറാത്തിലെ മുന്ദ്രയിലുള്ള ടാറ്റാ പവറിന്റെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തി.

ചെന്നൈ നഗരത്തില്‍ വൈദ്യുതി തടസമുണ്ടാകുമെന്നാണ് തമിഴ്‌നാട് വൈദ്യുതി വിതരണ കോര്‍പ്പറേഷന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി തടസപ്പെടുകയെന്നാണ് അറിയിച്ചിരിക്കുന്നത്. 

ഉത്തര്‍പ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളും പവര്‍കട്ടിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈദ്യുതിക്കായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഡല്‍ഹിയിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി. ഗുജറാത്തും തമിഴ്നാടും ആശങ്ക അറിയിച്ചിട്ടുണ്ട്. സ്ഥിതി തുടര്‍ന്നാല്‍, പവര്‍കട്ടിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നാണ് കേരളവും പ്രതികരിച്ചിരിക്കുന്നത്. 

സര്‍ക്കാര്‍ അന്ധത നടിക്കുന്നു
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം നേരിട്ടപ്പോള്‍ അക്കാര്യം സമ്മതിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സമാന സ്ഥിതിയാണ് കല്‍ക്കരി ക്ഷാമത്തിന്റെ കാര്യത്തിലും ഉള്ളതെന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പ്രതികരണം. ജനങ്ങളെ ബാധിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്ധത നടിക്കുകയാണെന്നും സിസോദിയ പറഞ്ഞു. 

സംസ്ഥാനത്ത് ഉന്നതതല യോഗം
കല്‍ക്കരി ക്ഷാമവും ഊര്‍ജ പ്രതിസന്ധിയും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയടക്കം ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരുമോ എന്നതുള്‍പ്പെടെ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. നിലവിലെ പ്രതിസന്ധി തുടര്‍ന്നാല്‍, പവര്‍കട്ട് വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കൂടംകുളത്തുനിന്നും 30 ശതമാനം വൈദ്യുതി മാത്രമാണു ലഭിച്ചത്. കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ 300 മെഗാവാട്ടിന്റെ കുറവും വന്നിട്ടുണ്ട്. സ്ഥിതി തുടര്‍ന്നാല്‍, പവര്‍കട്ട് വേണ്ടിവരും. എന്നാല്‍, പവര്‍കട്ട് ഏര്‍പ്പെടുത്താതെയുള്ള മറ്റു വഴികളും ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. 

പീക് അവറില്‍ യൂണിറ്റിന് 20 രൂപ വരെ ഈടാക്കിയാണ് കേന്ദ്ര പവര്‍ എക്സ്ചേഞ്ചില്‍നിന്നും വൈദ്യുതി ലഭ്യമാക്കുന്നത്. അതിനാല്‍, പീക് അവറായ വൈകിട്ട് 6.30 മുതല്‍ രാത്രി 11 വരെ സമയങ്ങളില്‍ വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്നാണ് കെഎസ്ഇബി അഭ്യര്‍ഥിച്ചിരിക്കുന്നത്. കൂടുതല്‍ വൈദ്യുതി ആവശ്യം വരുന്ന ഹീറ്റര്‍, മിക്സി, ഇലക്ട്രിക് അവ്ന്‍, ഇലക്ട്രിക് അയണ്‍, വാഷിങ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഈ സമയത്തു കഴിവതും ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.

Also Read: കല്‍ക്കരി ക്ഷാമം രൂക്ഷം; വൈദ്യുതി പ്രതിസന്ധിയെന്ന വെല്ലുവിളിക്കുമുന്നില്‍ രാജ്യം