പഞ്ചാബില്‍ സുഖ്ജീന്ദര്‍ രണ്‍ധാവ മുഖ്യമന്ത്രിയാകും

 
Sukhjinder Randhawa
നിലവില്‍ സഹകരണ-ജയില്‍ വകുപ്പ് മന്ത്രിയാണ് രണ്‍ധാവ

പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പിന്‍ഗാമിയായി സുഖ്ജീന്ദര്‍ രണ്‍ധാവ മുഖ്യമന്ത്രിയാകുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചണ്ഡീഗഡില്‍ നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ സുഖ്ജീന്ദര്‍ രണ്‍ധാവയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. പാര്‍ട്ടി എംഎല്‍എമാര്‍ ഏകകണ്‌ഠേനയാണ് രണ്‍ധാവയുടെ പേര് നിര്‍ദേശിച്ചതെന്നും ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചതായും കോണ്‍ഗ്രസ് അറിയിച്ചു. ഹൈക്കമാന്‍ഡും തീരുമാനത്തെ പിന്തുണച്ചതായാണ് വിവരം. നിലവില്‍ സഹകരണ-ജയില്‍ വകുപ്പ് മന്ത്രിയാണ് രണ്‍ധാവ.

ഗുര്‍ദാസ്പുര്‍ ജില്ലയില്‍നിന്നുള്ള രണ്‍ധാവ മൂന്ന് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പഞ്ചാബ് കോണ്‍ഗ്രസ് സമിതി മുന്‍ ഉപാധ്യക്ഷനുമാണ്. അതേസമയം, ഏതെങ്കിലും ഒരു സ്ഥാനത്തിനായി ആഗ്രഹിച്ചു നില്‍ക്കുന്നയാളല്ല താനെന്നായിരുന്നു മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഞായറാഴ്ച രാവിലെ അദ്ദേഹം നല്‍കിയ മറുപടി. പാര്‍ട്ടിയും ജനങ്ങളും കൂടെയുള്ളപ്പോള്‍ മാത്രമാണ് ഒരു മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുകയുള്ളൂ. മറ്റു കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ട്ടി അധ്യക്ഷയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

ആഭ്യന്തര കലഹത്തിനൊടുവിലാണ് അമരീന്ദര്‍ സിംഗ് ശനിയാഴ്ച മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നാല്‍പ്പതിലധികം എംഎല്‍എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെ, അപമാനം സഹിച്ച് തുടരാനാകില്ലെന്ന് അമരീന്ദര്‍ സോണിയയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് രാജി സമര്‍പ്പിച്ചത്. 117 അംഗ നിയമസഭയില്‍ 80 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്.