സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂര്‍ കുറ്റവിമുക്തന്‍

 
Sasi Tharoor Sunanda

കേസ് അവസാനിപ്പിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു

സുനന്ദ പുഷ്‌കര്‍ ദുരൂഹ മരണക്കേസില്‍ ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി. ഡല്‍ഹി റോസ് അവന്യു കോടതിയാണ് തരൂരിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്റെ ആവശ്യവും കോടതി പരിഗണിച്ചു. കേസില്‍ ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധി പറഞ്ഞത്. നേരത്തെ, മൂന്നുതവണ വിധി പറയാന്‍ തീയതി നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവെച്ചിരുന്നു. 

2014 ജനുവരി പതിനേഴിനാണ് സുനന്ദയെ ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. 2018 മേയ് 15ന് ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഐപിസി 306 ആത്മഹത്യാ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീകുറ്റങ്ങളാണ് തരൂരിനെതിരെ കുറ്റപത്രത്തില്‍ ചേര്‍ത്തിരുന്നത്. സംഭവത്തില്‍ തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ, കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നായിരുന്നു ഡല്‍ഹി പൊലീസ് കോടതിയില്‍ വാദിച്ചത്. 

അതേസമയം, സുനന്ദയ്ക്ക് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും അപകട മരണമാകാം സംഭവിച്ചതെന്നുമായിരുന്നു തരൂരിന്റെ വാദം. മരണകാരണം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ല. തനിക്കെതിരെ യാതൊരു തെളിവുകളുമില്ലെന്നും തരൂര്‍ കോടതിയില്‍ പറഞ്ഞു. വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കു വരെ കാരണമായ കേസിനാണ് ഇതോടെ അന്ത്യമായത്.