ബന്ധുവിന് ആനുകൂല്യമുണ്ടായിട്ടുണ്ട്; ബന്ധുനിയമന വിവാദത്തില്‍ ജലീലിന്റെ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി

 
KT Jaleel
ബന്ധു നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷണം
 

ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത റിപ്പോര്‍ട്ട് ശരിവെച്ച കേരള ഹൈക്കോടതി വിധിക്കെതിരെ മുന്‍ മന്ത്രി കെ.ടി ജലീല്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി. ബന്ധുവിന് ആനുകൂല്യമുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബി.ആര്‍ ഗവ്യ ഉള്‍പ്പെട്ട ബെഞ്ച് കേസില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. ബന്ധു നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന വാദം അടിവരയിടുന്നതാണ് കോടതിയുടെ നടപടി.

ജലീലിന്റെ വാക്കുകള്‍ കേള്‍ക്കാതെയുള്ള കണ്ടെത്തലുകളാണ് ലോകായുക്ത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതെന്നായിരുന്നു അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ വാദിച്ചത്. നേരത്തെയും ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ അപേക്ഷ ക്ഷണിക്കാതെ ജനറല്‍ മാനേജര്‍മാരെ നിയമിച്ചിട്ടുള്ളതിനാല്‍ അദീബിന്റെ നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് കോര്‍പറേഷന്‍ വായ്പ അനുവദിച്ചിരുന്നു. ഇവര്‍ വായ്പാ തിരിച്ചടവ് മുടക്കിയതിനാല്‍ നടപടി എടുത്തതിനെത്തുടര്‍ന്നാണ് മുസ്ലീം ലിഗ് അദീബിനെതിരെ പരാതി നല്‍കുന്നത്. വിവാദത്തെത്തുടര്‍ന്ന് അദീബ് ഒരു മാസത്തിനുള്ളില്‍ ജോലി രാജിവെച്ചിരുന്നു. നിയമനത്തിനായി ഉള്‍പ്പെടുത്തിയിരുന്ന അധിക യോഗ്യത മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതാണ്. എന്നാല്‍, ലോകായുക്ത അതിനെ എതിര്‍ക്കുന്നു. ലോകായുക്തയില്‍ പരാതി നല്‍കിയവര്‍ അതിനുമുമ്പ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജി പിന്‍വലിച്ചിരുന്നു. ഹര്‍ജി പരിഗണിക്കുകയെങ്കിലും ചെയ്താല്‍, എന്തുകൊണ്ടാണ് ലോകായുക്തയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്ന് വ്യക്തമാക്കാനും വസ്തുതകള്‍ അവതരിപ്പിക്കാനും ജലീലിന് അവസരം ലഭിക്കുമെന്നും ഗോപാല്‍ ശങ്കരനാരായണന്‍ കോടതിയില്‍ പറഞ്ഞു.  

എന്നാല്‍, കേസ് അവ്യക്തമോ, അവ്യക്തമായ ആരോപണങ്ങളോ മാത്രമായിരുന്നെങ്കില്‍ പരിഗണിക്കാമായിരുന്നുവെന്നായിരുന്നു കോടതിയുടെ മറുപടി. ഇത് ബന്ധുനിയമനമാണ്. ബന്ധുവിന് ആനുകൂല്യമുണ്ടായിട്ടുണ്ട്. അയാള്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കില്‍, നിങ്ങള്‍ പറയുന്ന മറ്റു കാര്യങ്ങളും ഞങ്ങള്‍ കേള്‍ക്കുമായിരുന്നുവെന്നും ജസ്റ്റിസ് നാഗേശ്വര റാവു വ്യക്തമാക്കി. ജലീലിന്റെ ബന്ധുവാണ് അദീബ്. ചട്ടങ്ങള്‍ ലംഘിച്ചുള്ള ബന്ധു നിയമനം ഭരണഘടനാലംഘനമാണെന്ന് ജസ്റ്റിസ് ഗവായും നിരീക്ഷിച്ചു. അതിനാല്‍ ഹര്‍ജിയില്‍ ഇടപെടുന്നില്ല. ഹര്‍ജി തള്ളുകയാണെന്നും കോടതി അറിയിച്ചു. തുടര്‍ന്ന്, ഹര്‍ജി പിന്‍വലിക്കാന്‍ ഗോപാല്‍ ശങ്കരനാരായണന്‍ കോടതിയുടെ അനുമതി തേടി. ആവശ്യം കോടതി അംഗീകരിച്ചു.