'സര്‍ട്ടിഫിക്കറ്റില്‍ കോവിഡ് മരണമെന്ന് പരാമര്‍ശിക്കാത്തതിന്റെ പേരില്‍ ധനസഹായം നിഷേധിക്കരുത്' 

 
SupremeCourt

അപേക്ഷ നല്‍കി 30 ദിവസത്തിനുള്ളില്‍ ധനസഹായം കൈമാറണം

മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം കോവിഡാണെന്ന് പരാമര്‍ശിക്കുന്നില്ലെന്ന ഒറ്റ കാരണത്താല്‍ കോവിഡ് ബാധിതരായി മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള 50,000 രൂപ ധനസഹായം നിഷേധിക്കരുതെന്ന് സുപ്രീം കോടതി. കോവിഡ് മരണങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 

മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം കോവിഡെന്ന് പരാമര്‍ശിച്ചിട്ടില്ലെന്ന പേരില്‍ ഒരു സംസ്ഥാനവും ധനസഹായം നിഷേധിക്കരുത്. ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റില്‍ എന്തെങ്കിലും പരാതിയോ ആക്ഷേപമോ ഉണ്ടെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരിയെ സമീപിക്കാം. ആര്‍ടിപിസിആര്‍ പരിശോധനാഫലം ഉള്‍പ്പെടെ അംഗീകൃത രേഖകള്‍ ഹാജരാക്കുന്നപക്ഷം ബന്ധപ്പെട്ട അധികാരികള്‍ മരണ സര്‍ട്ടിഫിക്കറ്റ് തിരുത്തിനല്‍കും. ആക്ഷേപം നിലനില്‍ക്കുകയാണെങ്കില്‍, അവര്‍ക്ക് പരാതി പരിഹാര സമിതിയെ സമീപിക്കാം. സമിതി പരാതിയും മരിച്ചയാളുടെ മെഡിക്കല്‍ രേഖകളും പരിശോധിച്ച് 30 ദിവസത്തിനുള്ളില്‍ ധനസഹായത്തിന് ഉത്തരവിറക്കണം. അഡീഷണല്‍ കലക്ടറുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിക്കേണ്ടത്. ആശുപത്രിയില്‍നിന്ന് ആവശ്യമായ രേഖകള്‍ വിളിച്ചുവരുത്താനുള്ള അധികാരം സമിതികളില്‍ നിക്ഷിപ്തമായിരിക്കുമെന്നും ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കുന്നു. 

കേന്ദ്ര, സംസ്ഥാനങ്ങള്‍ വിവിധ പദ്ധതികളിലൂടെ നല്‍കിയിട്ടുള്ള ധനസഹായം കൂടാതെയാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ നല്‍കേണ്ടത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്നാണ് തുക നല്‍കേണ്ടത്. അപേക്ഷ നല്‍കി 30 ദിവസത്തിനുള്ളില്‍ മരണകാരണം കോവിഡാണെന്ന് സ്ഥിരീകരിച്ച് ധനസഹായം കൈമാറണം. കോവിഡ് ബാധിതരമായി മരിച്ചരുടെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.