ലഖിംപുര്‍ ഖേരി അക്രമം: 'ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല'

 
SupremeCourt
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചിരിക്കെ, പ്രതിഷേധം എന്തിന്?

 
ലഖിംപുര്‍ ഖേരിയിലെ അക്രമങ്ങളില്‍ പ്രതികരിച്ച് സുപ്രീംകോടതി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. വസ്തുവകകള്‍ക്ക് ഉള്‍പ്പെടെ നാശനഷ്ടങ്ങള്‍ ഉണ്ടാകുമ്പോഴും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരുമില്ലെന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ പറഞ്ഞു. മരണങ്ങളുടെ കാര്യത്തിലും അങ്ങനെതന്നെയാണെന്ന് ജസ്റ്റിസ് സി.ടി രവികുമാറും കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി ജന്തര്‍ മന്ദറില്‍ സത്യാഗ്രഹം നടത്താന്‍ അനുമതി തേടി കര്‍ഷക സംഘടനയായ കിസാന്‍ മഹാപഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ബെഞ്ച്. 

ലഖിംപുര്‍ ഖേരി സംഭവത്തെ ദൗര്‍ഭാഗ്യകരം എന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വിശേഷിപ്പിച്ചത്. മൂന്ന് കാര്‍ഷിക നിയമങ്ങളെയും ചോദ്യംചെയ്തുള്ള നിരവധി ഹര്‍ജികള്‍ കോടതി മുമ്പാകെയിരിക്കെ, ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ പാടില്ല. ലഖിംപുര്‍ ഖേരിയില്‍ ഇന്നലെ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായത് നാം കണ്ടതാണ്. പ്രതിഷേധം അവസാനിപ്പിക്കണം. മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാല്‍, നിയമങ്ങളെ നിയമപരമായി ചോദ്യം ചെയ്തുകൊണ്ട് മുന്നോട്ടുപോകാം എന്നതുമാത്രമാണ് കര്‍ഷകര്‍ക്കു മുന്നിലുള്ള മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. വിഷയം പരമോന്നത കോടതിയുടെ മുമ്പാകെ വന്നുകഴിഞ്ഞാല്‍, ആരും തെരുവിലിറങ്ങരുത്. അവര്‍ തങ്ങളെ വിശ്വസിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയില്‍ പറഞ്ഞു.

നിയമങ്ങള്‍ പ്രാബല്യത്തില്‍ ഇല്ലാതിരിക്കെ എന്തിനാണ് പ്രതിഷേധിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. നിയമങ്ങളുടെ സാധുത ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചുകഴിഞ്ഞാല്‍, അതേ കാര്യത്തില്‍ പിന്നീട് പ്രതിഷേധിക്കുന്നതില്‍ എന്താണ് കാര്യം?  ഒരിക്കല്‍ നിങ്ങള്‍ എക്‌സിക്യൂട്ടീവ് നടപടിയെ ചോദ്യം ചെയ്തു കഴിഞ്ഞാല്‍, അതുപിന്നെ കോടതിയുടെ പരിഗണനയിലുള്ള കാര്യമാണ്. അക്കാര്യത്തില്‍ എങ്ങനെ പ്രതിഷേധിക്കാന്‍ കഴിയും? ആര്‍ക്കെതിരെയാണ് പ്രതിഷേധിക്കുന്നത്? കോടതിയെ സമീപിച്ച വിഷയത്തില്‍ പ്രതിഷേധം തുടരാനാവുമോ എന്ന കാര്യത്തില്‍ നിയമവശം പരിശോധിക്കും. പ്രതിഷേധിക്കാനുള്ള അവകാശം സമ്പൂര്‍ണ അവകാശമാണോ എന്ന കാര്യവും പരിശോധിക്കും. കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഒരു ഹര്‍ജി നിലവിലുണ്ട്. അതുകൂടി ഇങ്ങോട്ടു മാറ്റാന്‍ നിര്‍ദേശം നല്‍കും. അതിനുശേഷം ഹര്‍ജികളില്‍ ഈമാസം 21ന് വാദം കേള്‍ക്കുമെന്നും കോടതി പറഞ്ഞു.

അതിനിടെ, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം തുടരുന്ന കര്‍ഷക സംഘടനകളുടെ 43 നേതാക്കള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കര്‍ഷകരുടെ റോഡ് ഉപരോധത്തെത്തുടര്‍ന്ന് യാത്രാ തടസം നേരിടുന്നതായി ചൂണ്ടിക്കാണിച്ച് നോയിഡ സ്വദേശി മോണിക്ക അഗര്‍വാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഹര്‍ജിയില്‍ 43 കര്‍ഷക നേതാക്കളെയും കൂടി പ്രതിയായി ഉള്‍പ്പെടുത്തണമെന്ന ഹരിയാന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം.എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. രാകേഷ് തികായത്ത്, യോഗേന്ദ്ര യാദവ്, ദര്‍ശന്‍പാല്‍, ഗുര്‍ണാം സിംഗ് ഉള്‍പ്പെടെ നേതാക്കള്‍ക്കാണ് നോട്ടീസ്. ഹര്‍ജി ഈമാസം 20ന് പരിഗണിക്കും.