നവംബര്‍ 11വരെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139.5 അടിയായി നിലനിര്‍ത്തണം: സുപ്രീംകോടതി

 
mullapperiyar dam
റൂള്‍ കേര്‍വ് സംബന്ധിച്ച് വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നവംബര്‍ 11വരെ 139.50 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി. മേല്‍നോട്ട സമിതി നിശ്ചയിച്ച റൂള്‍ കേര്‍വ് പ്രകാരമുള്ള പരമാവധി ജലനിരപ്പ് പാലിക്കണം. ഓരോ മണിക്കൂര്‍ അടിസ്ഥാനത്തിലും സമിതിക്ക് തങ്ങളുടെ തീരുമാനം വിലയിരുത്താമെന്നും ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കേര്‍വില്‍ എതിര്‍പ്പുണ്ടെന്നും അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് കേരളം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. നവംബര്‍ 11ന് കേസ് കോടതി വീണ്ടും പരിഗണിക്കും. അതുവരെയുള്ള താത്കാലിക ക്രമീകരണം എന്ന നിലയിലാണ് ജലനിരപ്പ് 139.5 അടിയായി നിലനിര്‍ത്താന്‍ നിര്‍ദേശിച്ചത്. 

കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കേര്‍വ് സംബന്ധിച്ച് എതിര്‍പ്പുണ്ടെന്ന് കേരളത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയില്‍ പറഞ്ഞു. തമിഴ്നാടിന്റെ താത്പര്യത്തിന് അനുസരിച്ചാണ് മേല്‍നോട്ട സമിതി റൂള്‍ കേര്‍വ് നിശ്ചയിച്ചതെന്നാണ് കേരളത്തിന്റെ വാദം. കേരളത്തില്‍ വടക്കുകിഴക്കന്‍ കാലവര്‍ഷം ശക്തമാണ്. അതിനാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഇത് ഡാമിന്റെ ബലക്ഷയത്തിന് കാരണമാകുമെന്നും ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു. 

റൂള്‍ കേര്‍വ് സംബന്ധിച്ച് വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി പറഞ്ഞു. നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കേരളത്തിന്റെ വാദം കേള്‍ക്കും. അതുവരെ ജലനിരപ്പ് 139.5 അടിയായി നിലനിര്‍ത്തണം. ഇതുസംബന്ധിച്ച സ്ഥിതിഗതി മേല്‍നോട്ട സമിതി ഓരോ മണിക്കൂറിലും നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു.  

അണക്കെട്ടിലെ സ്ഥിതി ഓരോ ദിവസം കഴിയുമ്പോഴും മാറിവരുകയാണെന്ന് കേരളം കോടതിയെ അറിയിച്ചു. നാല് പേജില്‍ എഴുതി നല്‍കിയ വാദമാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നല്‍കിയത്. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അതുണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന വാദമാണ് കേരളം മുന്നോട്ടുവെച്ചത്. അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്യണം. പുതിയ അണക്കെട്ട് പണിത് തമിഴ്നാടിന് ജലവും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പാക്കണമെന്നും കേരളം ആവശ്യപ്പെടുന്നു.