കണക്ക് അറിയണം, മൂന്ന് മാസത്തിനുള്ളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കണം; പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ ഹര്‍ജി തള്ളി

 
SupremeCourt

ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും 25 വര്‍ഷത്തെ വരവ്, ചെലവ് കണക്കുകള്‍ പരിശോധിക്കും


25 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കാനുള്ള പ്രത്യേക ഓഡിറ്റില്‍നിന്ന് ഒഴിവാക്കണമെന്ന ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രത്യേക ഓഡിറ്റ് ക്ഷേത്രത്തെ മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നും ട്രസ്റ്റും അതില്‍ ഉള്‍പ്പെടുമെന്നും കോടതി പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. അതേസമയം, ട്രസ്റ്റിനെ ഭരണസമിതിക്ക് കീഴില്‍ കൊണ്ടുവരരുതെന്ന ആവശ്യത്തില്‍ വസ്തുതാ വിശകലനം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട കോടതി വിഷയം ബന്ധപ്പെട്ട കോടതിക്ക് വിട്ടു. ഹര്‍ജിയില്‍ ഈമാസം 17ന് വിശദമായ വാദം കേട്ട ജസ്റ്റിസുമാരായ യു.യു ലളിത്, എസ് രവീന്ദ്ര ഭട്ട്, ബേല ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വര്‍ഷത്തെ വരവ്, ചെലവ് കണക്കുകള്‍ വിശ്വാസയോഗ്യമായ സ്ഥാപനത്തെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചേര്‍ന്ന ക്ഷേത്ര ഭരണസമിതിയും ഉപദേശക സമിതിയും ഓഡിറ്റിങ്ങിനായി ഒരു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. വരവ് ചെലവ് കണക്ക് ഹാജരാക്കാന്‍ ഈ കമ്പനി ട്രസ്റ്റിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതിരെയാണ് ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചത്. 

തിരുവിതാംകൂര്‍ രാജകുടുംബം ക്ഷേത്രത്തില്‍ നടത്തുന്ന മതപരമായ ആചാരങ്ങള്‍ നടത്തുന്നിനു വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചതെന്ന വാദമാണ് മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് പി ദത്താര്‍ ഉന്നയിച്ചത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളില്‍ ഇടപെടാറില്ല. ട്രസ്റ്റിന്റെ കണക്കുകള്‍ കൂടി ഓഡിറ്റ് ചെയ്യണമെന്ന അമിക്കസ് ക്യൂരി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ട്രസ്റ്റിന്റെ കാര്യങ്ങള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നത്. ട്രസ്റ്റിനെ സംബന്ധിച്ചിടത്തോളം ഒരു ഓഡിറ്റിനെക്കുറിച്ചും ആലോചിച്ചിട്ടില്ല. അത് ക്ഷേത്രത്തിന് മാത്രം മതിയാകുമെന്നും ദത്താര്‍ കോടതിയെ അറിയിച്ചു.

അതേസമയം, ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്നായിരുന്നു ക്ഷേത്ര ഭരണസമിതിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത് വാദിച്ചത്. അത്തരമൊരു ആവശ്യം ട്രസ്റ്റ് നേരത്തെ കോടതിയില്‍ ഉന്നയിച്ചിരുന്ന കാര്യവും ബസന്ത് കോടതിയെ അറിയിച്ചു. അന്നത്തെ ഭരണാധികാരിയാണ് ട്രസ്റ്റ് രൂപീകരിച്ചത്. ക്ഷേത്രത്തിലെ ദൈനംദിന ചെലവുകള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ട്രസ്റ്റ് തങ്ങളുടെ ചുമതലങ്ങള്‍ നിര്‍വഹിച്ചിരുന്നില്ലെന്നാണ് അമിക്കസ് ക്യൂരി കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്ര സ്വത്തുക്കളും ട്രസ്റ്റിന്റെ കൈവശമുണ്ട്. ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കണക്കുകള്‍ നിര്‍ബന്ധമായും ഓഡിറ്റ് ചെയ്യണമെന്നും അമിക്കസ് ക്യൂരി പറയുന്നു. ക്ഷേത്ര ഭരണസമിതിയും ഉപദേശക സമിതിയും കണക്കുകള്‍ കാണിക്കാന്‍ ട്രസ്റ്റിനോട് ആവശ്യപ്പെട്ടതായും ബസന്ത് കോടതിയെ അറിയിച്ചു. 

ക്ഷേത്രം നിലവില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ട്രസ്റ്റ് ക്ഷേത്രത്തിന്റെ ദൈനംദിന ചെലവുകള്‍ കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ അവര്‍ ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണെന്നും ബസന്ത് പറഞ്ഞു. അതേസമയം, ഓഡിറ്റിനെ ട്രസ്റ്റ് എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ അതിനെ ഭരണസമിതിക്ക് കീഴില്‍ കൊണ്ടുവരരുതെന്നാണ് ആവശ്യമാണ് മുന്നോട്ടുവെക്കുന്നതെന്നും ദത്താര്‍ വ്യക്തമാക്കി. വിശദമായ വാദം കേട്ട കോടതി ഹര്‍ജി വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.  

പദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള ശ്രീ വൈകുണ്ഡം, അനന്തശയനം, ഭജനപുര, മഹാലക്ഷ്മി, സുദര്‍ശന്‍ എന്നീ മണ്ഡപങ്ങളും, ചിത്രാലയം ആര്‍ട്ട് ഗാലറി, കുതിര മാളിക എന്നിവ പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. ഇവിടെ നിന്നുള്ള വരവ് ചെലവ് കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യുന്നില്ലെന്ന് അമിക്കസ് ക്യുറി ഗോപാല്‍ സുബ്രമണ്യം സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.