രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യം; പെഗാസസ് ഉപയോഗിച്ചോയെന്ന് പറയാനാകില്ലെന്ന് കേന്ദ്രം

 
Supreme Court

പൊതുതാല്‍പര്യ ഹര്‍ജികളില്‍ വിധി പ്രസ്താവിക്കുന്നത് സുപ്രീംകോടതി മാറ്റി

ഇസ്രായേല്‍ സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്നു പറയാനാകില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര സര്‍ക്കാര്‍. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ പറയാനാകില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. അതേസമയം, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമറിയാന്‍ താല്‍പര്യമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം. വ്യക്തികളുടെ സ്വകാര്യത ലംഘിച്ചുവെന്ന ആരോപണത്തില്‍ മറുപടി വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതി ഇക്കാര്യങ്ങള്‍ അന്വേഷിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ഇതോടെ, പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജികളില്‍ വിധി പ്രസ്താവിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു.

സര്‍ക്കാര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച കാര്യങ്ങള്‍ ജുഡീഷ്യല്‍ സംവാദങ്ങള്‍ക്കോ പൊതു ചര്‍ച്ചകള്‍ക്കോ വിഷയമാക്കാനാകില്ലെന്നായിരുന്നു കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. ഏത് സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചതെന്നോ, ഉപയോഗിക്കാതിരുന്നതെന്നോ പറയുന്നത് ഭീകര സംഘടനകള്‍ക്കുള്ള ഒരു അറിയിപ്പാകും. ഏതൊരു സോഫ്റ്റ് വെയറിനും കൗണ്ടര്‍ സോഫ്റ്റ്‌വെയര്‍ ഉണ്ട്. വിവരം പുറത്തായാല്‍, ഇത്തരം ഭീകരവാദ സംഘടനകള്‍ മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തുഷാര്‍ മേത്ത പറഞ്ഞു. വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. പരിശോധിക്കാന്‍ വിദഗ്ധരുടെ സമിതി രൂപീകരിക്കാം. സമിതി ഇക്കാര്യങ്ങള്‍ അന്വേഷിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. 

എന്നാല്‍, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കോടതിക്ക് അറിയേണ്ടതില്ലെന്നാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ സുര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇന്നും ആവര്‍ത്തിച്ചത്. അന്യായമായി സ്‌പൈവെയര്‍ ഉപയോഗിച്ചതിലൂടെ സാധാരണ ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന ആരോപണങ്ങളിലാണ് ആശങ്ക. നിയമവിധേയമല്ലാത്ത ഏതെങ്കിലും മാര്‍ഗം സര്‍ക്കാര്‍ ഉപയോഗിച്ചിരുന്നോയെന്നാണ് കോടതിക്ക് അറിയേണ്ടത്. അക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാനാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അത് സാധ്യമല്ലെന്നാണ് ആവര്‍ത്തിച്ച് അറിയിച്ചിരിക്കുന്നത്. അതിനാല്‍ ഹര്‍ജികളില്‍ വിധി പറയുന്നത് കോടതി മാറ്റിവെക്കുന്നു. രണ്ട്, മൂന്ന് ദിവസങ്ങള്‍ കൂടിയുണ്ട്. അതിനുള്ളില്‍ എന്തെങ്കിലും പുനര്‍ചിന്തയുണ്ടെങ്കില്‍ കോടതിയെ അറിയിക്കണമെന്നും ബെഞ്ച് തുഷാര്‍ മേത്തയോട് പറഞ്ഞു.