ലഖിംപുര്‍ ഖേരി അക്രമം: സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും

 
SupremeCourt

ആളുകളുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ സംഘര്‍ഷം എന്ന നിലയിലാണ് കേസ് പരിഗണിക്കുന്നത്

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരുടെ മരണത്തിനിടയാക്കിയ അക്രമത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. മാധ്യമ റിപ്പോര്‍ട്ടിന്റെയും ചീഫ് ജസ്റ്റിസ് എന്‍.വി രമണയ്ക്ക് ലഭിച്ച കത്തുകളുടെയും അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തിരിക്കുന്നത്. 'ആളുകളുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ സംഘര്‍ഷം' എന്ന നിലയിലാണ് കേസ് പരിഗണിക്കുന്നത്. ക്രിമിനല്‍ റിട്ട് പെറ്റീഷനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ അന്വേഷണവും പ്രോസിക്യൂഷന്‍ നടപടികളുമുണ്ടാകും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കും. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹിയറിംഗില്‍ പങ്കെടുത്തേക്കും.

ഞായറാഴ്ചയായിരുന്നു അക്രമ സംഭവങ്ങള്‍. ലഖിംപുര്‍ ഖേരിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അമിത് മിശ്രയ്ക്കും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്കുമെതിരെ പ്രതിഷേധിച്ചു മടങ്ങിയ കര്‍ഷകര്‍ക്കിടയിലേക്കാണ് വാഹനം ഓടിച്ചുകയറ്റിയത്. അമിത് മിശ്രയുടെ ഉടമസ്ഥതയിലുള്ള വാഹനം ഉള്‍പ്പെടെ മൂന്ന് വാഹനങ്ങളാണ് പിന്നില്‍നിന്ന് വന്ന് കര്‍ഷകരെ ഇടിച്ചിട്ടത്. നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് വാഹനങ്ങളിലുണ്ടായിരുന്ന മൂന്നുപേരും മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടത്. അമിത് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും സംഘവുമാണ് വാഹനങ്ങളിലെത്തി ആക്രമണം നടത്തിയതെന്നാണ് കര്‍ഷകരുടെ ആരോപണം. അക്രമത്തിനിടെ ആശിഷ് ഓടി രക്ഷപെടുകയായിരുന്നെന്നും ഇവര്‍ ആരോപിക്കുന്നു. വാഹനം കര്‍ഷകര്‍ക്കുമേല്‍ പാഞ്ഞു കയറുന്നതിന്റെയും ആശിഷ് ഓടി രക്ഷപെടുന്നതിന്റെയും ദൃശ്യങ്ങളും കര്‍ഷക നേതാക്കള്‍ പുറത്തുവിട്ടിരുന്നു. അതേസമയം, താനോ മകനോ സംഭവസ്ഥലത്ത് ഇല്ലായിരുന്നെന്നാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാദം. അതിനുള്ള തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

സംഘര്‍ഷത്തില്‍, ആശിശ് മിശ്രയ്‌ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിരുന്നു. മന്ത്രി അജയ് മിശ്രയും മകനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന പരാതിയിലാണ് നടപടി. അതേസമയം, കണ്ടാലറിയുന്നവര്‍ എന്ന പേരിലാണ് മറ്റുള്ളര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മന്ത്രിക്കെതിരെയും കുറ്റം ചുമത്തണമെന്നും മന്ത്രിയേയും മകനേയും എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.