ഇ.ഡിയുടെ അധികാരങ്ങള്‍ ശരിവെച്ച് സുപ്രീംകോടതി; 242 ഹര്‍ജികളില്‍ സുപ്രധാന വിധി
 

 
Supreme Court

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ(ഇഡി) അധികാരങ്ങളെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്ര ഏജന്‍സിയെ പിന്തുണച്ച് സുപ്രീംകോടതി. വിവിധ കേസുകളിലെ അന്വേഷണം, അറസ്റ്റ് നടപടികള്‍ക്കുള്ള അധികാരം, പരിശോധനകള്‍, സ്വത്ത് കണ്ടുകെട്ടല്‍ എന്നിവ ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അധികാരങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച 242 ഹര്‍ജികളില്‍ വിശദമായ വാദം കേട്ട ശേഷമാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായി ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന വിധി. 

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ കോടതി ശരിവെച്ചു, ഇവയെല്ലാം അനുവദനീയമാണെന്ന് വ്യക്തമാക്കിയ കോടതി ഇഡിയുടെ അധികാരങ്ങള്‍ ബലപ്പെടുത്തി.  അറസ്റ്റിന്റെ കാരണമോ തെളിവുകളോ അറിയിക്കാതെ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള അനിയന്ത്രിതമായ അധികാരം ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.വിവരങ്ങള്‍ മറച്ച് വെച്ചതിന് കുറ്റാരോപിതനില്‍ നിന്ന് പിഴ ഈടാക്കുമെന്ന് ഇഡി ചോദ്യം ചെയ്യലിനിടെ ഭീഷണിപ്പെടുത്തുന്നതായും ഹര്‍ജിക്കാര്‍ ആരോപിച്ചു. 

ഇഡി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കുറ്റാരോപിതന് ഇസിഐആര്‍ നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ഇസിഐആര്‍ നല്‍കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഇസിഐആര്‍ (എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) പകര്‍പ്പ് ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ഇത് ഒരു എഫ്ഐആറിന് സമാനമാണെന്നും കുറ്റാരോപിതന് ഇസിഐആറിന്റെ പകര്‍പ്പിന് അര്‍ഹതയുണ്ടെന്നുമുള്ള ഹരജിക്കാരുടെ വാദം കോടതി തള്ളി. ഇസിഐആര്‍ ആന്തരിക രേഖയായതിനാല്‍ സമന്‍സ് നല്‍കി ചോദ്യംചെയ്യാന്‍ വിളിക്കുമ്പോള്‍ അതിനുള്ള കാരണം വ്യക്തമാക്കേണ്ടതില്ലെന്നും സുപ്രീം കോടതി പറഞ്ഞു.