68 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എയര്‍ ഇന്ത്യ വീണ്ടും ടാറ്റയിലേക്ക്; വിറ്റത് 18,000 കോടിക്ക്

 
airindia


68 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നഷ്ടത്തിലായ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ അതിന്റെ സ്ഥാപകരായ ടാറ്റാ സണ്‍സിലേക്ക് മടങ്ങി. 18,000 കോടി രൂപയ്ക്കാണ് വിമാനക്കമ്പനി ടാറ്റ ഗ്രൂപ്പിന് കൈമാറുന്നത്. ഡിസംബറില്‍ ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകും. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റ ഏറ്റെടുക്കുന്നത്.

2020 ഡിസംബറിലാണ് നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നാലു കമ്പനികളായിരുന്നു താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്. അവസാന റൗണ്ടിലെത്തിയത് ടാറ്റ സണ്‍സും സ്പൈസ് ജെറ്റും മാത്രമായിരുന്നു. ലേലത്തില്‍ ടാറ്റ വിജയിച്ചുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ആ വിവരം നിഷേധിക്കുകയാണുണ്ടായത്. 

നഷ്ടത്തിലായ എയര്‍ ഇന്ത്യ വിറ്റൊഴിക്കാനുള്ള സര്‍ക്കാര്‍ ലേലത്തില്‍ ടാറ്റ സണ്‍സ് ഉയര്‍ന്ന തുക ക്വോട്ട് ചെയ്തതോടെയാണ് കമ്പനി വീണ്ടും ടാറ്റ ഗ്രൂപ്പിലേക്ക് എത്തുന്നത്. 1932ല്‍ ടാറ്റ സണ്‍സ് ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് ആണ് 1946ല്‍ എയര്‍ ഇന്ത്യ ആയത്. 1953 ല്‍ കേന്ദ്ര സര്‍ക്കാര്‍ ടാറ്റയില്‍നിന്നു കമ്പനി ഏറ്റെടുത്തു. 2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ഓഗസ്റ്റ് 31 വരെയുള്ള ആകെ കടം 61,562 കോടി രൂപയാണ്. 

18,000 കോടിയില്‍ 15 ശതമാനമാണ് സര്‍ക്കാറിന് ലഭിക്കുക. അതായത് 15,300 കോടി രൂപയുടെ കടം ടാറ്റ ഏറ്റെടുക്കും. ബാക്കി 46,262 കോടി രൂപ സര്‍ക്കാര്‍ രൂപീകരിച്ച എയര്‍ ഇന്ത്യ അസറ്റ്‌സ് ഹോള്‍ഡിങ് ലിമിറ്റഡിന് കൈമാറും. ടാറ്റ സണ്‍സിന് എയര്‍ ഇന്ത്യ കൈമാറുകയാണെന്ന വിവരം ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഇന്‍വെസ്റ്റമെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജമെന്റ് സെക്രട്ടറി തുഹിന്‍ കാന്തും സ്ഥിരീകരിച്ചു. സര്‍ക്കാരിന്റെ എല്ലാ വ്യവസ്ഥകളും ലേലത്തില്‍ പങ്കെടുത്ത കമ്പനി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ലേല നടപടികള്‍ പൂര്‍ണമായും സുതാര്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.