കോടതിയുടെ ക്ഷമ പരീക്ഷിക്കുന്നു, വിധികളെ ബഹുമാനിക്കുന്നില്ല; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

 
Supreme Court

സുപ്രീംകോടതി വിധിക്ക് കടകവിരുദ്ധമായ നിയമം പാസാക്കാന്‍ പാടില്ല

ട്രിബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതിലും ട്രിബ്യൂണല്‍സ് റിഫോം ആക്ട് പാസാക്കിയതിലും കേന്ദ്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് സുപ്രീംകോടതി. കോടതി വിധികളെ കേന്ദ്രം ബഹുമാനിക്കുന്നില്ല. നിങ്ങള്‍ കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണ്. ട്രിബ്യൂണലുകളില്‍ എത്രപേരെ നിങ്ങള്‍ നിയമിച്ചു? കുറച്ചുപേരെ നിയമിച്ചെന്ന് നിങ്ങള്‍ പറയുന്നു? എവിടെയാണ് നിയമനങ്ങള്‍ നടത്തിയത്? ചീഫ് ജസ്റ്റിസ് എം.വി രമണ ചോദിച്ചു. ട്രിബ്യൂണല്‍ റിഫോംസ് ആക്ട് ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍. 

ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. മദ്രാസ് ബാര്‍ അസോസിയേഷന്‍ കേസില്‍ സുപ്രീംകോടതി റദ്ദാക്കിയ അതേ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് ട്രിബ്യൂണല്‍ പരിഷ്‌കരണ നിയമം തയ്യാറാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിക്ക് കടകവിരുദ്ധമായ നിയമം പാസാക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. കോടതിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി എന്തുകൊണ്ട് നിയമനങ്ങള്‍ നടത്തുന്നില്ല എന്നായിരുന്നു ജസ്റ്റിസ് നാഗേശ്വര റാവുവിന്റെ ചോദ്യം. അംഗങ്ങളെ നിയമിക്കാതെ നിങ്ങള്‍ ട്രിബ്യൂണലുകളെ നശിപ്പിക്കുകയാണ്. പല ട്രിബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ജസ്റ്റിസ് റാവു പറഞ്ഞു. 

ഇത് അസ്വസ്ഥതയുളവാക്കുന്ന സാഹചര്യമാണെന്ന് ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു. കോടതിക്കു മുന്നില്‍ മൂന്ന് ഉപാധികളാണുള്ളത്. ഒന്ന്, ഞങ്ങള്‍ നിയമനിര്‍മാണം തുടരും. രണ്ട്, ട്രിബ്യൂണലുകള്‍ അടച്ചുപൂട്ടി അധികാരം ഹൈക്കോടതിക്ക് നല്‍കും. മൂന്ന്, കോടതി തന്നെ നിയമനങ്ങള്‍ നടത്തും -ചീഫ് ജസ്റ്റിസ് പറഞ്ഞു. ട്രിബ്യൂണലുകളിലെ ചെയര്‍മാന്റെയും അംഗങ്ങളുടെയും ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നികത്തണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ട്രിബ്യൂണലുകളിലെ ചെയര്‍മാന്റെയും അംഗങ്ങളുടെയും ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് സര്‍ക്കാര്‍ കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിക്കുമ്പോള്‍, കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ മാത്രമാണ് നിയമനം നടത്തിയതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനം. ചെയര്‍മാനും അംഗങ്ങളും ഇല്ലാത്തതിനാല്‍ പല ട്രിബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക രംഗത്തെ പ്രധാനപ്പെട്ട എന്‍സിഎല്‍ടി, എന്‍സിഎല്‍എടിയില്‍ പോലും പല ഒഴിവുകളും നികത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.