സമരം ഉടന്‍ പിന്‍വലിക്കില്ല; സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കര്‍ഷക സംഘടനകള്‍ യോഗം ചേരും

കര്‍ഷക നേതാക്കള്‍ അടങ്ങുന്ന കോര്‍ കമ്മിറ്റി യോഗവും ഇന്ന് ചേരുന്നുണ്ട്
 
farmers

വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നെങ്കിലും കര്‍ഷക സമരം ഉടന്‍ അവസാനിക്കില്ലെന്നു റിപ്പോര്‍ട്ടുകള്‍. കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ച ശേഷം സമരത്തില്‍ നിന്നും പിന്മാറാമെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. 

ബില്ലുകള്‍ പിന്‍വലിക്കുന്നതിലേക്ക് കേന്ദ്രസര്‍ക്കാരിനെ എത്തിക്കാന്‍ കഴിഞ്ഞത് ചരിത്ര വിജയമായാണ്  സംയുക്ത കിസാന്‍ മോര്‍ച്ച വിശേഷിപ്പിക്കുന്നത്. എന്നാല്‍, വിളകള്‍ക്ക് ന്യായവില ഉറപ്പിക്കുക, വൈദ്യുതി ചാര്‍ജ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍കൂടി അംഗീകരിക്കണമെന്നാണ് കിസാന്‍ മോര്‍ച്ച പറയുന്നത്. സാഹചര്യങ്ങള്‍ വിശകലനം ചെയ്യുകയാണെന്നും തീരുമാനം അതിനുശേഷം ഉണ്ടാകും എന്നുമാണ് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറയുന്നത്. ഇന്ന് കര്‍ഷക സംഘടനകള്‍ യോഗം ചേരുന്നുണ്ട്. പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ സിംഘുവില്‍ ഇന്ന് ഉച്ചയ്ക്ക് യോഗം ചേരും. അതിനുശേഷം കര്‍ഷക നേതാക്കള്‍ അടങ്ങുന്ന കോര്‍ കമ്മിറ്റി യോഗവും ചേരുന്നുണ്ട്. ഈ യോഗങ്ങളില്‍ ഉണ്ടാകുന്ന തീരുമാനങ്ങള്‍ ഞായറാഴ്ച്ച ചേരുന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും സമരം പിന്‍വലിക്കണോ തുടരണോ എന്നകാര്യത്തില്‍ അന്തിമതീരുമാനം ആ യോഗത്തില്‍ ഉണ്ടാകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ച്ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ സംയുക്ത കിസാന്‍ മോര്‍ച്ച നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത് നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള പാര്‍ലമെന്റ് നടപടികള്‍ പൂര്‍ത്തിയാകും വരെ സമരം തുടരുമെന്നായിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കപ്പെടുകയാണെങ്കില്‍ അത് ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തിന്റെ ചരിത്ര വിജയമായിരിക്കും എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ കുറിച്ചുള്ള കിസാന്‍ മോര്‍ച്ച നേതാക്കളുടെ ആദ്യ പ്രതികരണം. കര്‍ഷക സമരത്തില്‍ 700 ഓളം കര്‍ഷകര്‍ രക്തസാക്ഷികളായെന്നും, ലഖിംപൂര്‍ ഖേരിയിലെ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഒഴിവാക്കാമായിരുന്നുവെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പിടിവാശിയാണ് എല്ലാത്തിനും കാരണമായതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തു. എല്ലാ കാര്‍ഷിക വിളകള്‍ക്കും മിനിമം സപ്പോര്‍ട്ട് പ്രൈസ് ഉറപ്പിക്കുക, ഇലക്ട്രിസിറ്റി അമന്‍ഡമെന്റ് ബില്ല് പിന്‍വലിക്കുക എന്നീ ആവശ്യങ്ങളില്‍ നിന്നും കര്‍ഷകര്‍ പിന്നോട്ടില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തിരുന്നു.